Malayalam Cinema
ലൊക്കേഷനില്‍ വെച്ചാണ് കളിയാക്കലുകളെ പറ്റി അറിഞ്ഞത്; അന്ന് വേദന തോന്നി: ലുക്മാൻ അവറാൻ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 May 18, 04:07 pm
Thursday, 18th May 2023, 9:37 pm

തനിക്ക് നേരെയുണ്ടായ കളിയാക്കലുകൾ ശ്രദ്ധിച്ചിരുന്നില്ലെന്ന് ലുക്മാൻ അവറാൻ. തുടക്കത്തിൽ അത് തന്നെ വേദനിപ്പിച്ചെങ്കിലും അതൊക്കെ ശ്രദ്ധിച്ചാൽ തന്റെ ട്രാക്ക് മാറിപോകുമെന്നും താരം പറഞ്ഞു. 24 ന്യൂസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

‘കളിയാക്കലുകൾ ഞാൻ ശ്രദ്ധിച്ചില്ല. അതിനുകാരണം ഞാൻ ഷൂട്ടിങ്ങുമായിട്ട് തിരക്കിലായിരുന്നു. ലൊക്കേഷനിൽ നിന്നാണ്‌ ഫേസ്ബുക്കിൽ എനിക്ക് നേരെയുള്ള കളിയാക്കലുകളെപ്പറ്റി ഞാൻ അറിയുന്നത്.
പക്ഷെ തുടക്കത്തിൽ എന്താണിങ്ങനെ എന്ന് മനസ്സിലാക്കാൻ പറ്റാതെ വന്നപ്പോൾ ഒരു വേദന ഉണ്ടായിരുന്നു. പിന്നെ ഞാൻ മനസിലാക്കി ഇത് വളരെ കുറച്ച് ശതമാനം ആളുകൾ മാത്രം പറയുന്നതാണ്. അതിനെയൊക്കെ ശ്രദ്ധിക്കാൻ നിന്നാൽ നമ്മുടെ ട്രാക്ക് മാറിപ്പോകും. നമുക്ക് ധാരാളം ജോലികൾ ചെയ്ത് തീർക്കാനുണ്ട്. ഞാൻ അവരോടൊന്നും, റെസ്പോണ്ട് ചെയ്തില്ല.


എന്നെ ധാരാളം ചാനലുകളിൽനിന്ന് വിളിച്ചിരുന്നു എന്താണ് അഭിപ്രായം എന്നറിയാൻ. എനിക്കതിനു സമയമില്ലെന്നും ഞാൻ എന്റെ ജോലിയൊക്കെ ചെയ്ത് പൊയ്ക്കോളാമെന്നും പറഞ്ഞു.

 

പക്ഷെ എനിക്ക് മനസിലായി നമ്മുടെ സിനിമ ഇഷ്ടപെടുന്നവരാണ് കൂടുതലും. നമ്മുടെ സിനിമ കാണുന്നവരെ തൃപ്തിപ്പെടുത്തുക, അവർക്ക് വേണ്ടത്ര എന്റർടൈൻമെന്റ് നൽകുക എന്നുള്ളതാണ് നമ്മുടെ ജോലി. നമ്മളെ വിശ്വസിച്ച് നമ്മുടെ സിനിമക്ക് വരുമ്പോൾ അവർക്ക് വേണ്ടി നല്ല പെർഫോമൻസ് സിനിമയിലൂടെ നൽകുക എന്നതാണ് നമ്മുടെ ഉത്തരവാദിത്തം,’ ലുക്മാൻ പറഞ്ഞു.

നവാഗതനായ ഷമാൽ ഉസ്മാൻ സംവിധാനം ചെയ്ത് ഉസ്മാൻ മാരാത്ത് തിരക്കഥയൊരുക്കിയ ജാക്സൺ ബസാർ ആണ് ലുക്മാന്റെ പുതിയ ചിത്രം. ഇന്ദ്രൻസ്, ജാഫർ ഇടുക്കി, ചിന്നു ചാന്ദിനി എന്നിവർ ചിത്രത്തിൽ പ്രധാന വേഷം ചെയ്യുന്നു. മെയ് 19 ന് ചിത്രം റിലീസ് ചെയ്യും.

 

Content Highlights: Lukman Avaran on controversies