ലഖ്‌നൗ: വാര്‍ത്തകളില്‍ ഇടം പിടിച്ച് വീണ്ടും ഉത്തര്‍പ്രദേശിലെ ലുലു മാള്‍. അനധികൃതമായി നമസ്‌കരിക്കാന്‍ ശ്രമിച്ചതാണ് ഇത്തവണയും മാളിനെ ചര്‍ച്ചാവിഷയമാക്കിയിരിക്കുന്നത്.
ബുര്‍ഖധാരിയായ സ്ത്രീ മാളില്‍ നമസ്‌കരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് മാളിനെതിരെ വീണ്ടും ഹിന്ദുത്വവാദികള്‍ രംഗത്തെത്തിയിരിക്കുന്നത്. മാള്‍ പരിസരത്തും സംസ്ഥാനത്തും വിവാദമുണ്ടാക്കാനും ക്രമസമാധാനം തകര്‍ക്കാനും വേണ്ടിയാണ് ഇത്തരം നടപടികളെന്നാണ് ആരോപണം.
നമസ്‌കരിക്കുന്നതിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ സുശാന്ത് ഗോള്‍ഫ് സിറ്റി പൊലീസ് മാളിലെത്തി സി.സി.ടി.വി ദൃശ്യങ്ങള്‍ ശേഖരിച്ച് അന്വേഷണം ആരംഭിച്ചു.
ബുര്‍ഖ ധരിച്ച സ്ത്രീയും മറ്റ് സ്ത്രീകളും കുട്ടികളും ചേര്‍ന്ന് സംഘമായി മാളില്‍ പ്രാര്‍ത്ഥന നടത്തുന്നതിന്റെ ദൃശ്യമാണ് കഴിഞ്ഞ ദിവസം വ്യാപകമായി പ്രചരിച്ചത്.
ദൃശ്യങ്ങളുടെ ആധികാരികത അന്വേഷിക്കേണ്ടതുണ്ടെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തെക്കുറിച്ച് മാള്‍ അധികൃതര്‍ പൊലീസിനെ അറിയിച്ചില്ലെന്നും പൊലീസിനെ ഉദ്ധരിച്ച് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ജൂലൈ 11 നായിരുന്നു ലുലു മാള്‍ യു.പിയില്‍ പ്രവര്‍ത്തനമാരംഭിച്ചത്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആയിരുന്നു മാള്‍ ഉദ്ഘാടനം ചെയ്തത്.
പ്രവര്‍ത്തനമാരംഭിച്ചതിന് പിന്നാലെ തന്നെ മാളിന് നേരെ ഹിന്ദുത്വവാദികളുടെ ആക്രമണമുണ്ടായിരുന്നു.
മാളില്‍ ഒരു സംഘം യുവാക്കള്‍ ചേര്‍ന്ന് നമസ്‌കരിച്ചത് ചൂണ്ടിക്കാട്ടിയായിരുന്നു ഹിന്ദുത്വവാദികള്‍ മാളിനെതിരെ അന്ന് വിദ്വേഷ പ്രചരണം നടത്തിയത്. മാള്‍ ബഹിഷ്‌കരിക്കണമെന്നും ഇവര്‍ ആവശ്യമുന്നയിച്ചിരുന്നു. മാള്‍ ലൗ ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നതായും ഹിന്ദു മഹാസഭ പറഞ്ഞതായി വാര്‍ത്തകള്‍ വന്നിരുന്നു.
മാളിലെ പുരുഷ ജീവനക്കാരെല്ലാം മുസ്‌ലിങ്ങളും സ്ത്രീകളായ ജീവനക്കാര്‍ ഹിന്ദുക്കളുമാണ് എന്നായിരുന്നു മാളിനെതിരെ ഹിന്ദുത്വ ഗ്രൂപ്പുകള്‍ നടത്തിയ പ്രചരണം.