D' Election 2019
അഞ്ച് സീറ്റ് വേണമെന്ന യൂത്ത് കോണ്‍ഗ്രസിന്റെ ആവശ്യം ന്യായം: കെ.വി തോമസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Feb 04, 09:10 am
Monday, 4th February 2019, 2:40 pm

കൊച്ചി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അഞ്ച് സീറ്റിലെങ്കിലും യുവാക്കളെ മത്സരിപ്പിക്കണമെന്ന യൂത്ത് കോണ്‍ഗ്രസിന്റെ ആവശ്യം ന്യായമാണെന്ന് കെ.വി തോമസ്. എന്നാല്‍ എറണാകുളം മണ്ഡലത്തില്‍ പരിഗണിക്കുന്നത് ജയസാധ്യത ആണെന്നും കെ വി തോമസ് പറഞ്ഞു.

യൂത്ത് കോണ്‍ഗ്രസിനെ പരിഗണിക്കുമ്പോള്‍ ജയസാധ്യത ഉള്ള സീറ്റ് നല്‍കണമെന്നും ഇക്കാര്യത്തില്‍ കെ.പി.സി.സി നേതൃത്വവും ഹൈക്കമാന്‍ഡുമാണ് തീരുമാനമെടുക്കേണ്ടതെന്നും കെ.വി തോമസ് പറഞ്ഞു.

എം.പി എന്ന നിലയില്‍ മണ്ഡലത്തിന്റെ വികസനത്തില്‍ തൃപ്തന്‍ ആണെന്നും കെ വി തോമസ് പറഞ്ഞു.

യുവാക്കള്‍ക്ക് പ്രാതിനിധ്യം വേണമെന്ന് ശശി തരൂര്‍ എം.പിയും പറഞ്ഞിരുന്നു. യൂത്ത് കോണ്‍ഗ്രസിന്റെ ആവശ്യത്തോട് പൂര്‍ണ്ണമായും യോജിക്കുന്നുവെന്നും സിറ്റിംങ്ങ് എം പിമാരെ മാറ്റണമോ എന്ന കാര്യം പാര്‍ട്ടി തീരുമാനിക്കുമെന്നും തരൂര്‍ പറഞ്ഞിരുന്നു.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ അഞ്ചു സീറ്റെങ്കിലും യുവാക്കള്‍ക്കും പുതുമുഖങ്ങള്‍ക്കും നല്‍കണമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍ ഡീന്‍ കുര്യാക്കോസ് ആവശ്യപ്പെട്ടിരുന്നു. അനിവാര്യരല്ലാത്ത സിറ്റിംഗ് എം.പി മാരെ മാറ്റണമെന്നും കെട്ടി ഇറക്കിയും അടിച്ചേല്‍പ്പിച്ചും ഉള്ള സ്ഥാനാര്‍ഥി നിര്‍ണയങ്ങള്‍ പാടില്ലെന്നും ഡീന്‍  വ്യക്തമാക്കിയിരുന്നു.

യുവാക്കള്‍ക്ക് പ്രാതിനിധ്യം നല്‍കണമെന്നുള്ള രാഹുല്‍ഗാന്ധിയുടെ പ്രഖ്യാപനം നടപ്പിലാക്കണമെന്നാണ് യൂത്ത് കോണ്‍ഗ്രസ് നേതൃത്വത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്. രാഹുല്‍ഗാന്ധിയുടെ നിര്‍ദേശത്തിനെതിരെ നേതൃത്വത്തില്‍ ഒരു വിഭാഗം പ്രവര്‍ത്തിക്കുന്നതായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സമിതി യോഗത്തില്‍ വിമര്‍ശനമുയര്‍ന്നിരുന്നു.