ഭോപ്പാല്‍: ശിവരാജ് സിംഗ് ചൗഹാന്‍ മന്ത്രിസഭയില്‍ താക്കോല്‍ സ്ഥാനങ്ങള്‍ സ്വന്തമാക്കിയതിന് പിന്നാലെ ഗ്വാളിയോര്‍-ചമ്പല്‍ പ്രദേശങ്ങളുടെ ചുമതലയും കൈക്കലാക്കി ജ്യോതിരാദിത്യ സിന്ധ്യ. 30 അംഗ മന്ത്രിസഭയില്‍ പ്രധാനപ്പെട്ട ഒമ്പത് വകുപ്പുകള്‍ സിന്ധ്യയുടെ അനുയായികളാണ് കൈക്കലാക്കിയിരിക്കുന്നത്.
സംസ്ഥാനത്തെ 52 ജില്ലകളുടെ ചുമതല കഴിഞ്ഞ ദിവസമാണ് മന്ത്രിമാര്‍ക്ക് വീതിച്ച് നല്‍കിയത്. ഇതില്‍ സിന്ധ്യാ കുടുംബത്തിന്റെ ഉറച്ച കോട്ടയായ ഗ്വാളിയോര്‍-ചമ്പല്‍ മേഖലകളില്‍ വ്യക്തമായ ആധിപത്യം ഉറപ്പിക്കാന്‍ ജ്യോതിരാദിത്യ സിന്ധ്യയ്ക്കായിട്ടുണ്ട്.
സിന്ധ്യാപക്ഷത്തെ പ്രമുഖരായ തുള്‍സി സിലാവത്ത്, ഗോവിന്ദ് സിംഗ് രജ്പുത്, മഹേന്ദ്ര സിംഗ് സിസോദിയ, പ്രദുമ്ന്‍ സിംഗ് തോമര്‍, സുരേഷ് ധാക്കട് എന്നിവര്‍ക്ക് യഥാക്രമം ഭിന്ദ്, ശിവ്പുരി, അശോക് നഗര്‍, ദാതിയ, ഗുണ ജില്ലകളുടെ ചുമതല നല്‍കിയിട്ടുണ്ട്.
കേന്ദ്ര കൃഷിമന്ത്രിയായ നരേന്ദ്രസിംഗ് തോമറുടെ അനുയായിയായ ഭാരത് സിംഗ് കുശ്വാഹയ്ക്ക് മോറെന, ഷിയോപൂര്‍ ജില്ലകളുടെ ചുമതല നല്‍കിയിട്ടുണ്ട്. മേഖലയില്‍ സിന്ധ്യ ഇതര ക്യാംപിലെ മന്ത്രി കുശ്വാഹ മാത്രമാണ്.