World News
'യഥാര്‍ത്ഥ രാജാവ് നീണാള്‍ വാഴട്ടെ'; മസ്‌കിന്റെ കാലില്‍ ചുംബിക്കുന്ന ട്രംപിന്റെ എ.ഐ വീഡിയോ സര്‍ക്കാര്‍ മോണിറ്ററുകള്‍ ഹാക്ക് ചെയ്ത് പ്രചരിപ്പിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Feb 28, 06:05 am
Friday, 28th February 2025, 11:35 am

വാഷിങ്ടണ്‍: അമേരിക്കയിലെ ട്രംപിന്റെ ഭരണത്തില്‍ ഇലോണ്‍ മസ്‌കിന്റെ അമിത ഇടപെടലിനെ കളിയാക്കി പങ്കുവെച്ച എ.ഐ വീഡിയോ വൈറലാവുന്നു. യഥാര്‍ത്ഥ രാജാവ് നീണാല്‍ വാഴട്ടെ എന്ന തലക്കെട്ടില്‍ പ്രത്യക്ഷപ്പെട്ട വീഡിയോയില്‍ ട്രംപ് മസ്‌കിന്റെ കാലില്‍ ഉമ്മ വെക്കുന്നതായി കാണാം.

യു.എസിലെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹൗസിങ് ഓഫ് അര്‍ബന്‍ ഡെവലപ്പ്‌മെന്റ്‌ (എച്ച്.യു.ഡി) ആസ്ഥാനമന്ദിരത്തിലെ ടെലിവിഷന്‍ സ്‌ക്രീനിലാണ് ഈ വീഡിയോ ആദ്യം പ്രത്യക്ഷപ്പെട്ടത്. ഓഫീസിലെ ടെലിവിഷന്‍ സ്‌ക്രീനുകള്‍ ഹാക്ക് ചെയ്താണ് വീഡിയോ പ്രദര്‍ശിപ്പിച്ചത്.

രണ്ട് ദിവസം മുമ്പ് രാവിലെ ജീവനക്കാര്‍ ജോലിസ്ഥലത്ത് എത്തിയപ്പോഴാണ് ടി.വി സ്‌ക്രീനില്‍ വീഡിയോ നിര്‍ത്താതെ പ്രചരിക്കുന്നത് കണ്ടത്. വീഡിയോ പ്ലേ ചെയ്യുന്നത് നിര്‍ത്താന്‍ സാധിക്കാതെ വന്നതോടെ ടെലിവിഷന്‍ ഓഫാക്കുകയായിരുന്നെന്ന് ജീവനക്കാരിലൊരാള്‍ പ്രതികരിച്ചു.

മാധ്യമപ്രവര്‍ത്തകയായ റേച്ചല്‍ കോഹന്‍ ആണ് ഈ സംഭവം ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. സൈബര്‍ അറ്റാക്കിന് തൊട്ട്പിന്നാലെ സൈബര്‍ സുരക്ഷയിലെ പാളിച്ചകള്‍, സര്‍ക്കാര്‍ വിഷയങ്ങളിലെ മസ്‌കിന്റെ സ്വാധീനം എന്നിവയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സമൂഹമാധ്യമങ്ങളിലടക്കം ശക്തമായി. എന്നാല്‍ ഇതിന് പിന്നില്‍ ആരാണെന്ന കാര്യത്തില്‍ വ്യക്തതയില്ല. സൈബര്‍ ആക്രമണത്തെ അപലപിച്ച എച്ച്.യു.ഡി ഉദ്യോഗസ്ഥര്‍ ഉടനടി ഉചിതമായ നടപടി സ്വീകരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

അതേസമയം എച്ച്.യു.ഡി ഉള്‍പ്പെടെയുള്ള വിവിധ ഫെഡറല്‍ ഏജന്‍സികളുടെ ബജറ്ററി ഓഡിറ്റുകള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നതില്‍ മസ്‌കിന്റെ പങ്ക് വിമര്‍ശിച്ച ചില ഡെമോക്രാറ്റിക് സെനറ്റര്‍മാര്‍ വീഡിയോയുടെ സന്ദേശത്തെ അനുകൂലിക്കുന്നതായി വ്യക്തമാക്കി.

ടെസ്‌ലുടെയും സ്പേസ് എക്സിന്റേയും സി.ഇ.ഒ ആയ ഇലോണ്‍ മസ്‌ക് സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളില്‍ സ്വാധീനം ചെലുത്തുന്നതിനെക്കുറിച്ച് അനുകൂലിച്ചും പ്രതികൂലിച്ചും നേരത്തെ തന്നെ യു.എസില്‍ ചര്‍ച്ചകള്‍ സജീവമായിരുന്നു.

ഫെഡറല്‍ ചെലവുകള്‍ ഓഡിറ്റ് ചെയ്യുന്നതിനും കുറയ്ക്കുന്നതിനുമായി രൂപകല്‍പ്പന ചെയ്ത ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഗവണ്‍മെന്റ് എഫിഷ്യന്‍സി (DOGE)നെ നയിക്കുന്നത് മസ്‌ക്കാണ്. മസ്‌കിന്റെ പരിഷ്‌കാരങ്ങള്‍ ആവശ്യമാണെന്ന് ഒരുകൂട്ടര്‍ പറയുമ്പോള്‍ മറ്റുചിലര്‍ എക്‌സിക്യൂട്ടീവ് ബ്രാഞ്ചിനുള്ളില്‍ അദ്ദേഹത്തിന് അമിതമായ അധികാരമുണ്ടെന്നാണ് കണക്കാക്കുന്നത്.

തെരഞ്ഞെടുപ്പ് പ്രചരണവേദികള്‍ തൊട്ട് ജനുവരി 20 ന് പ്രസിഡന്റായി ചുമതലയേറ്റെടുത്തത് മുതല്‍ ട്രംപുമായി മസ്‌ക് അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. ഇതിനെതിരെ ‘പ്രസിഡന്റ് മസ്‌ക്’ എന്ന ഹാഷ്ടാഗും നിലവിലുണ്ട്.

എല്ലാ ഫെഡറല്‍ ജീവനക്കാരും അവരുടെ ജോലി നേട്ടങ്ങളുടെ ഒരു രത്‌നച്ചുരുക്കം എല്ലാ ആഴ്ചയും സമര്‍പ്പിക്കണമെന്ന് മസ്‌ക് നിര്‍ദശിച്ചതിന് തൊട്ടുപിന്നാലെയാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്. ഇത് പാലിച്ചില്ലെങ്കില്‍ രാജി വെക്കേണ്ടി വരുമെന്നും മസ്‌ക് ജീവനക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.

ആയതിനാല്‍ സര്‍ക്കാര്‍ മേഖലയിലെ മസകിന്റെ വര്‍ദ്ധിച്ചുവരുന്ന ഇടപെടലിലേക്ക് ശ്രദ്ധ ആകര്‍ഷിക്കാനുള്ള ശ്രമമായിരിക്കാം ഈ സൈബര്‍ അറ്റാക്കെന്ന് സുരക്ഷാ വിദഗ്ധര്‍ അനുമാനിക്കുന്നു. ഇതുവരെ ഒരു ഗ്രൂപ്പും ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല.

Content Highlight: ‘Long live the real king’; AI video of Trump kissing Musk’s feet hacked into government monitors and circulated