സിനിമാപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമകളിലൊന്നാണ് ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം. വെങ്കട് പ്രഭുവും വിജയ്‌യും ആദ്യമായി ഒന്നിക്കുന്ന സിനിമ എന്ന നിലയില്‍ അനൗണ്‍സ്‌മെന്റ് മുതല്‍ക്കു തന്നെ ആരാധകര്‍ പ്രതീക്ഷയുടെ കൊടുമുടിയിലായിരുന്നു. ജനുവരി ഒന്നിന് പുറത്തിറങ്ങിയ ഫസ്റ്റ് ലുക്കില്‍ രണ്ട് വ്യത്യസ്ത ഗെറ്റപ്പിലാണ് ദളപതി പ്രത്യക്ഷപ്പെട്ടത്. പ്രായമായ വിജയ്‌യുടെ കൂടെ ചെറുപ്പക്കാരനായ വിജയ്‌യെയും കണ്ടത് പ്രതീക്ഷ ഇരട്ടിയാക്കി.
ചെറുപ്പകാലത്തെ ഗെറ്റപ്പ് അവതരിപ്പിക്കാന്‍ വേണ്ടി ഡീ ഏജിങ് ടെക്‌നോളജി ഉപയോഗിക്കുമെന്ന് ആദ്യമേ വാര്‍ത്തകളുണ്ടായിരുന്നു. ഹോളിവുഡിലെ വമ്പന്‍ വി.എഫ്.എക്‌സ് സ്റ്റുഡിയോയുടെ കീഴിലാകും ഇത് നടക്കുക എന്നും ആദ്യ
മേ പറഞ്ഞിരുന്നു. എന്നാല്‍ ഏത് സ്റ്റുഡിയോ ആണെന്നറിഞ്ഞപ്പോള്‍ ആരാധകരും സിനിമാലോകവും ഒരുപോലെ ഞെട്ടിയിരിക്കുകയാണ്.
അയണ്‍മാന്‍ 3, ക്യാപ്റ്റന്‍ അമേരിക്ക സിവില്‍ വാര്‍ എന്നീ സിനിമകളില്‍ റോബര്‍ട്ട് ഡൗണി ജൂനിയറിനും, ക്രിസ് ഇവാന്‍സിനും വേണ്ടി ഡീ ഏജിങ് ചെയ്ത ലോല വി.എഫ്.എക്‌സ് സ്റ്റുഡിയോയാണ് ഗോട്ടില്‍ ദളപതിയെ ചെറുപ്പമാക്കാന്‍ പോകുന്നത്. ചിത്രത്തിന്റെ നിര്‍മാതാവായ അര്‍ച്ചന കല്പാത്തി തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ആദ്യമായാണ് ഒരു ഇന്ത്യന്‍ സിനിമക്ക് വേണ്ടി ലോല വി.എഫ്.എക്‌സ് ഡീ ഏജിങ് ടെക്‌നോളജി ഉപയോഗിക്കുന്നത്.
കമല്‍ ഹാസന്‍ നായകനായ വിക്രമില്‍ ഡീ ഏജിങ് ചെയ്ത വിഷ്വലുകള്‍ ഉണ്ടാകുമെന്ന് ആദ്യം പറഞ്ഞിരുന്നെങ്കിലും ഇന്ത്യന്‍ വി.എഫ്.എക്‌സ് സ്റ്റുഡിയോയുടെ സഹായത്താല്‍ ചെയ്യുന്നത് കൊണ്ട് കാലതാമസം നേരിട്ടിരുന്നു. വിക്രമിന്റെ രണ്ടാം ഭാഗത്തില്‍ ആ സീനുകളുണ്ടാകുമെന്ന് സംവിധായകന്‍ അറിയിച്ചിരുന്നു.
എന്നാല്‍ ഉലകനായകന് മുമ്പ് ഡീ ഏജിങ് ടെക്‌നോളജി തമിഴ് സിനിമയില്‍ ഉപയോഗിക്കാന്‍ അവസരം വന്നത് ദളപതിക്കാണെന്നതില്‍ ആരാധകര്‍ സന്തോഷത്തിലാണ്. സെപ്റ്റംബര്‍ അഞ്ചിന് ചിത്രം തിയേറ്ററുകളിലെത്തും.
Content Highlight: Lola VFX company going to do de aging for Vijay in GOAT movie