ആലപ്പുഴ: ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ എത്താത്തതിനെ തുടര്‍ന്ന് ആലപ്പുഴയിലെ എന്‍.ഡി.എയുടെ തെരഞ്ഞെടുപ്പു യോഗത്തില്‍ നിന്നും പ്രവര്‍ത്തകര്‍ കൂട്ടത്തോടെ ഇറങ്ങിപ്പോയി. ജില്ലയിലെ രണ്ട് പാര്‍ലമെന്റ് മണ്ഡലങ്ങളില്‍നിന്നായി എത്തിയ പ്രവര്‍ത്തകരാണ് കസേര ഒഴിച്ചിട്ട് പരിപാടിയില്‍ നിന്നും ഇറങ്ങിപ്പോയത്.
പത്തനംതിട്ടയിലെ പരിപാടി കഴിഞ്ഞ് അമിത് ഷാ ആലപ്പുഴയില്‍ എത്തുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാല്‍ ഏറെ വൈകിയിട്ടും അമിത് ഷാ എത്താത്തിനെ തുടര്‍ന്ന് പ്രവര്‍ത്തകര്‍ ഇറങ്ങിപ്പോവുകയായിരുന്നു.
അമിത് ഷാ എത്താന്‍ അല്‍പ്പം വൈകുമെന്നും പത്തനംതിട്ടയില്‍ പ്രതികൂലമായ കാലാവസ്ഥ ആയതിനാല്‍ ചില സാങ്കേതിക പ്രശ്നം ഉണ്ടെന്നും നേതാക്കള്‍ പ്രവര്‍ത്തകരെ അറിയിച്ചെങ്കിലും ഏറെ നേരം കാത്തിരുന്നിട്ടും എത്താത്തതോടെ പ്രവര്‍ത്തകര്‍ സ്ഥലം കാലിയാക്കുകയായിരുന്നു.
പ്രതികൂലമായ കാലാവസ്ഥയാണ് അമിത് ഷായ്ക്ക് പരിപാടിയ്‌ക്കെത്താനാവാത്തത് എന്നാണ് ബി.ജെ.പി നല്‍കുന്ന ഔദ്യോഗിക വിശദീകരണം. ദേശീയ തലത്തിലും കേരളത്തിലും ആലപ്പുഴയിലും ബി.ജെ.പ്പിക്കനുകൂലമായ കാലാവസ്ഥയാണ്. പക്ഷെ പ്രകൃതി എന്താണിങ്ങനെയെന്ന് നമുക്കറിയില്ലെന്നും ബി.ജെ.പി നേതാവ് പി.കെ കൃഷ്ണദാസ് പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം ശബരിമല പ്രചാരണ വിഷയമാക്കരുതെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശം പത്തനംതിട്ടയില്‍ അമിത് ഷാ ലംഘിച്ചു.
അയ്യപ്പ ഭക്തരുടെ സ്ഥാനാര്‍ത്ഥിയാണ് കെ. സുരേന്ദ്രനെന്നായിരുന്നു അമിത് ഷായുടെ പരാമര്‍ശം. പത്തനംതിട്ടയില്‍ റോഡ് ഷോ നടത്തുന്നതിനിടെയായിരുന്നു അമിത് ഷായുടെ പ്രസ്താവന. എന്‍.ഡി.എ സ്ഥാനാര്‍ത്ഥികളുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ശനിയാഴ്ചയാണ് അമിത് ഷാ കേരളത്തില്‍ എത്തിയത്.
പത്തനംതിട്ടയില്‍ കനത്തമഴ പെയ്തതോടെ കെ.സുരേന്ദ്രന്റെ റോഡ് ഷോയ്ക്ക് പിന്നാലെ നടത്താനിരുന്ന അമിത് ഷായുടെ പൊതുയോഗം വെട്ടിച്ചുരുക്കിയിരുന്നു.