വിക്രമിലെ ആ കഥാപാത്രത്തിന് നേരെ വന്ന ബോഡി ഷെയിമിങ് വേദനിപ്പിച്ചു, അത്തരം പ്രചരണങ്ങളെ ശക്തമായി എതിര്‍ക്കണം; ലോകേഷ് കനകരാജ്
Entertainment news
വിക്രമിലെ ആ കഥാപാത്രത്തിന് നേരെ വന്ന ബോഡി ഷെയിമിങ് വേദനിപ്പിച്ചു, അത്തരം പ്രചരണങ്ങളെ ശക്തമായി എതിര്‍ക്കണം; ലോകേഷ് കനകരാജ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 21st June 2022, 8:11 am

ഉലക നായകന്‍ കമല്‍ ഹാസനെ കേന്ദ്രകഥാപാത്രമാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വിക്രം തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി പ്രദര്‍ശനം തുടരുകയാണ്.

ജാഫര്‍ സാദിഖ് എന്ന കൊറിയോഗ്രാഫര്‍ ചിത്രത്തിലൊരു പ്രധാന വേഷത്തില്‍ എത്തിയിരുന്നു. ഇദ്ദേഹം ചെയ്ത കഥാപാത്രം ഏറെ പ്രശംസയും ഏറ്റുവാങ്ങിയതാണ്.

എന്നാല്‍ തമിഴില്‍ റോസ്റ്റിങ് വീഡിയോ ചെയ്യുന്ന ‘പ്ലിപ് പ്ലിപ്’ എന്ന യൂട്യൂബ് ചാനല്‍ വിക്രത്തെയും അതില്‍ ജാഫര്‍ അവതരിപ്പിച്ച കഥാപാത്രത്തെയും പറ്റി മോശമായി പറഞ്ഞു കൊണ്ട് വീഡിയോ റിലീസ് ചെയ്തിരുന്നു. ജാഫറിന്റെ ശരീരത്തെ കുറിച്ചുള്ള അങ്ങേയറ്റം മോശമായ കമന്റായിരുന്നു വീഡിയോ നിര്‍മിച്ചവരുടെ ഭാഗത്തുനിന്ന് വന്നത്.

ഈ വിഷയം വലിയ ചര്‍ച്ചയാവുകയും, നിരവധി പേര്‍ യൂട്യൂബ് ചാനലിനെതിരെ രംഗത്ത് വരികയും ചെയ്തതാണ്. ഇപ്പോള്‍ ലോകേഷ് കനകരാജ് തന്നെ ഈ വിഷയത്തിലുള്ള തന്നെ അഭിപ്രായം വ്യക്തമാക്കിരിക്കുകയാണ്. തമിഴ് സിനിമ റിവ്യൂ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ലോകേഷ് ഇക്കാര്യം പറഞ്ഞത്.

‘സിനിമയെ ഏത് രീതിയില്‍ വിമര്‍ശിച്ചാലും അതിനെ ഉള്‍ക്കൊള്ളുന്നു, കഥാപാത്രത്തെയും അത് ചെയ്ത ആളുടെ അഭിനയത്തെയും വരെ ഏത് രീതിയില്‍ വേണമെങ്കിലും കൊള്ളില്ല എന്ന് പറയാനും അത് കാണുന്നവര്‍ക്ക് അവകാശമുണ്ട്. പക്ഷെ കഥാപാത്രം ചെയ്ത ആളുടെ ശരീരത്തെ കുറിച്ചൊക്കെ പറയുന്നത് അങ്ങേയറ്റം മോശമാണ്. ജാഫര്‍ അങ്ങനെ ആവാന്‍ കാരണം അവനല്ല, അത്രയും കഴിവുള്ള ഒരു നടനാണ് അദ്ദേഹം. ഇത്തരത്തില്‍ ബോഡി ഷെയിമിങ് പറയുന്നത് തെറ്റാണെന്ന് ഉറച്ചു വിശ്വസിക്കുന്നു. അടുത്ത പടം മോശമാണെന്ന് തോന്നിയാല്‍ രണ്ട് വീഡിയോ റോസ്റ്റിങ് വേണമെങ്കിലും ഇറക്കിക്കോളു, പക്ഷെ ഇത്തരം കാര്യങ്ങള്‍ നിര്‍ത്തണം’; ലോകേഷ് പറയുന്നു.

ലോകേഷിന്റെ മറുപടി പുറത്തുവന്നതിന് പിന്നാലെ കൂടുതല്‍ ആളുകള്‍ വിഷയം ഏറ്റെടുത്ത് കഴിഞ്ഞു. വീഡിയോ പിന്‍വലിച്ച് മാപ്പ് പറയണമെന്നാണ് ട്വിറ്ററില്‍ നിരവധിയാളുകള്‍ അഭിപ്രായപെടുന്നത്.

രാജ്കമല്‍ ഫിലിംസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ കമല്‍ഹാസനും ആര്‍. മഹേന്ദ്രനും ചേര്‍ന്നാണ് വിക്രം നിര്‍മിച്ചത്. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന്റെ സംഗീതസംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. രത്‌നകുമാറും ലോകേഷ് കനകരാജും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

കമല്‍ഹാസന്‍, സൂര്യ, വിജയ് സേതുപതി, ഫഹദ് ഫാസില്‍, നരേയ്ന്‍, കാളിദാസ് ജയറാം എന്നിങ്ങനെ വന്‍ താരനിര തന്നെ ചിത്രത്തില്‍ എത്തിയിരുന്നു.
സിനിമ ഇതുവരെ ലോകമെമ്പാടും നിന്ന് 300 കോടിയിലേറെ രൂപയാണ് സ്വന്തമാക്കിയത്. തമിഴ്‌നാട്ടില്‍ ചിത്രം ബാഹുബലി 2ന്റെ കളക്ഷന്‍ മറികടന്ന് ഇന്‍ഡസ്ട്രി ഹിറ്റായി മാറിക്കഴിഞ്ഞു.

Content Highlight : Lokesh Kanakaraj speak up against the body shaming comments on the person jaffer sadiq who acted in vikram movie