'ഇത് തലയില്‍ നിന്ന് പോയാല്‍ സന്തോഷം'; ദുരിതാശ്വാസനിധി വകമാറ്റിയ കേസില്‍ പരാതിക്കാരനോട് ലോകായുക്ത
Kerala News
'ഇത് തലയില്‍ നിന്ന് പോയാല്‍ സന്തോഷം'; ദുരിതാശ്വാസനിധി വകമാറ്റിയ കേസില്‍ പരാതിക്കാരനോട് ലോകായുക്ത
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 10th July 2023, 12:18 pm

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി വകമാറ്റിയ കേസില്‍ പരാതിക്കാരനെതിരെ ലോകായുക്ത. കേസ് മാറ്റിവെക്കണമെന്ന് ഇടക്കിടെ ആവശ്യപ്പെടുന്നത് നല്ലതാണോയെന്ന് ഉപലോകായുക്ത പരാതിക്കാരനോട് ചോദിച്ചു. വിമര്‍ശനം ഉന്നയിച്ചെങ്കിലും ഹരജിക്കാരന്റെ ആവശ്യം ലോകായുക്ത പരിഗണിച്ചു. കേസ് ജൂലൈ 20ലേക്ക് മാറ്റിയിട്ടുണ്ട്.

തങ്ങളെയിങ്ങനെ ബുദ്ധിമുട്ടിക്കണോയെന്നും ഇതൊന്ന് തലയില്‍ നിന്ന് പോയിക്കിട്ടിയാല്‍ അത്രയും സന്തോഷമാണെന്നും പരാതിക്കാരനായ ശശികുമാറിന്റെ അഭിഭാഷകന്‍ പി. സുബൈര്‍കുഞ്ഞിനോട് ഉപലോകായുക്ത പറഞ്ഞു. ഇടയ്ക്കിടക്ക് കേസ് മാറ്റിവെക്കുന്നതോടെ ഇടയ്ക്ക് വിഷയത്തില്‍ പത്രവാര്‍ത്ത വരുമല്ലോയെന്നും കോടതി പരിഹസിച്ചു.

‘ഒന്നുകില്‍ ഹൈക്കോടതിയില്‍ നിന്ന് സ്‌റ്റേ വാങ്ങുക. എത്ര ദിവസം ഞങ്ങള്‍ ഇങ്ങനെ ഇരിക്കും. ഞങ്ങള്‍ മൂന്ന് അംഗ ഫുള്‍ ബെഞ്ചാണ് കേസ് കേള്‍ക്കുന്നത്,’ കോടതി പറഞ്ഞു.

ഹൈക്കോടതിയില്‍ കേസ് പരിഗണിക്കുന്ന സാഹചര്യത്തില്‍ കേസ് ലോകായുക്ത പരിഗണിക്കുന്നത് മാറ്റിവെക്കാന്‍ ഹരജിക്കാരന്‍ അപേക്ഷ നല്‍കിയിരുന്നു. ഈ ആവശ്യത്തിനെതിരെയാണ് ലോകായുക്തയുടെ പരാമര്‍ശം.

കേസിന്റെ സാധുത സംബന്ധിച്ച് മൂന്ന് അംഗ ബെഞ്ച് ഒരു വര്‍ഷം മുന്‍പ് കൈക്കൊണ്ട തീരുമാനം വീണ്ടും ഫുള്‍ ബെഞ്ചിന്റെ പരിഗണനക്ക് വിട്ട നടപടി ഹരജിക്കാരന്‍ ചോദ്യം ചെയ്താണ് ഹൈക്കോടതിയില്‍ ഹരജി നല്‍കിയിരുന്നത്.
ദുരിതാശ്വാസ നിധിയില്‍ നിന്ന് അനര്‍ഹര്‍ക്ക് സഹായം നല്‍കിയെന്നാണ് മുഖ്യമന്ത്രിക്കും 18 മന്ത്രിമാര്‍ക്കുമെതിരെ ആര്‍.എസ്. ശശികുമാര്‍ നല്‍കിയ പരാതി.

Content Highlight: Lokayukta against the complainant in the case of misappropriation of Chief Minister’s Relief Fund