ഗവര്‍ണര്‍- സര്‍ക്കാര്‍ പോരിനിടെ ലോകായുക്ത നിയമഭേദഗതി ബില്‍ ഇന്ന് നിയമസഭയില്‍
Kerala News
ഗവര്‍ണര്‍- സര്‍ക്കാര്‍ പോരിനിടെ ലോകായുക്ത നിയമഭേദഗതി ബില്‍ ഇന്ന് നിയമസഭയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 23rd August 2022, 8:39 am

തിരുവനന്തപുരം: ഗവര്‍ണര്‍-സര്‍ക്കാര്‍ പോരിനിടെ ലോകായുക്ത നിയമഭേദഗതി ബില്‍ നിയമസഭ ഇന്ന് പരിഗണിക്കും. ഗവര്‍ണര്‍ ഒപ്പിടാത്തതിനാല്‍ അസാധുവായ ഓര്‍ഡിനന്‍സിലെ വ്യവസ്ഥകളുള്ള ബില്ലാണ് ഇന്ന് അവതരിപ്പിക്കുക.

ബില്ലില്‍ സി.പി.ഐയും സി.പി.ഐ.എമ്മും തമ്മില്‍ ധാരണയായി. മുഖ്യമന്ത്രിക്കെതിരായ ഉത്തരവില്‍ പുനപരിശോധന അധികാരം നിയമസഭക്ക് നല്‍കുന്നതടക്കമുള്ള നിര്‍ദേശങ്ങളാണ് പരിഗണനയിലുള്ളത്. എന്നാല്‍ പ്രതിപക്ഷം ബില്ലിനെ എതിര്‍ക്കും.

ലോകായുക്ത ഉത്തരവുകള്‍ പരിശോധിക്കാന്‍ സ്വതന്ത്ര സമിതിയെ നിശ്ചയിക്കണം എന്നായിരുന്നു സി.പി.ഐയുടെ ആവശ്യം. എന്നാല്‍ ഈ നിലപാടില്‍ നിന്നും സി.പി.ഐ പിന്മാറി.

മന്ത്രിമാര്‍ക്കെതിരായ വിധി മുഖ്യമന്ത്രിയും എം.എല്‍.മാര്‍ക്കെതിരായ വിധി സ്പീക്കറും പരിശോധിക്കും. സി.പി.ഐയുടെ നിലപാട് ഔദ്യോഗിക ഭേദഗതിയായി കൊണ്ട് വരാനാണ് സര്‍ക്കാര്‍ നീക്കം. ഇന്ന് തന്നെ ബില്‍ സബ്ജക്ട് കമ്മിറ്റിക്ക് അയച്ച് തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ വകുപ്പ് തിരിച്ചുള്ള ചര്‍ച്ച നടത്തി പാസാക്കാനാണ് സര്‍ക്കാര്‍ നീക്കം.

അതേസമയം, ബില്‍ സഭ പാസാക്കിയാലും ഗവര്‍ണര്‍ ഒപ്പിടാതെ നിയമമാകില്ല. നിലവില്‍ സര്‍ക്കാരുമായി ഉടക്കി നില്‍ക്കുന്ന ഗവര്‍ണര്‍ ബില്ലില്‍ ഒപ്പിടുമോ എന്നുള്ളത് സംശയമാണ്.

ഗവര്‍ണറുടെ അധികാരം വെട്ടിക്കുറയ്ക്കാനുള്ള ബില്‍ നാളെയാണ് സഭ പരിഗണിക്കുക. വി.സിമാരെ തെരഞ്ഞെടുക്കാനുള്ള സമിതിയില്‍ സര്‍ക്കാര്‍ പ്രതിനിധിയും ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാനും ഉള്‍പ്പെടെ അഞ്ച് അംഗങ്ങളാകും ഉണ്ടാകുക.

ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാനായിരിക്കും സമിതി കണ്‍വീനര്‍. സമിതി ഭൂരിപക്ഷാഭിപ്രായം നല്‍കുന്ന മൂന്ന് പേരുടെ പാനലില്‍ നിന്നാകണം ഗവര്‍ണര്‍ വി.സിയെ നിയമിക്കേണ്ടതെന്ന വ്യവസ്ഥയും കൊണ്ടുവരുന്നുണ്ട്.

Content Highlight: Lokayukta Act Amendment Bill in the Niyamasabha today