ലക്നൗ: 1990കളിൽ അയോധ്യയിൽ രാമക്ഷേത്ര നിർമാണം ആവശ്യപ്പെട്ട് ബി.ജെ.പിയുടെ പ്രതിഷേധങ്ങൾക്ക് ചുക്കാൻ പിടിച്ച എൽ.കെ. അഡ്വാനിക്കും മുരളി മനോഹർ ജോഷിക്കും രാമക്ഷേത്ര ഉദ്ഘാടനത്തിന് ക്ഷണമില്ല.
പ്രായധിക്യം മൂലം ഇരുവരോടും അടുത്ത മാസം നടക്കുന്ന പ്രതിഷ്ഠാ ചടങ്ങുകളിൽ ‘പങ്കെടുക്കരുതെന്ന് അഭ്യർത്ഥിച്ചതായി’ രാമക്ഷേത്രം ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പട് റായ് അറിയിച്ചു.
ട്രസ്റ്റിന്റെ അഭ്യർത്ഥന ഇരുവരും അംഗീകരിച്ചതായും അദ്ദേഹം പറഞ്ഞു.
‘ ഇരുവരും കുടുംബത്തിലെ മുതിർന്ന ആളുകളാണ്. അവരുടെ പ്രായം പരിഗണിച്ച് ചടങ്ങിൽ വരരുതെന്ന് ആവശ്യപ്പെട്ടു. അത് അവർ സമ്മതിക്കുകയും ചെയ്തു,’ ചമ്പട് റായിയെ ഉദ്ധരിച്ചുകൊണ്ട് വാർത്ത ഏജൻസി പി.ടി.ഐ റിപ്പോർട്ട് ചെയ്തു.
96കാരനായ അഡ്വാനി ബി.ജെ.പിയുടെ സ്ഥാപകാംഗമാണ്. 1990ൽ ക്ഷേത്രമെന്ന തന്റെ പാർട്ടിയുടെ ആവശ്യം അറിയിക്കുവാൻ ഗുജറാത്തിലെ സോംനാദിൽ നിന്ന് അയോധ്യ വരെ അഡ്വാനി രാമ രഥയാത്ര നടത്തിയിരുന്നു.