'ബാഴ്‌സയില്‍ തിരിച്ചെത്തിയാല്‍ ആദ്യം ആ ലപോര്‍ട്ടയെ ചവിട്ടി പുറത്താക്കും'; പൊട്ടിത്തെറിച്ച് മെസിയുടെ സഹോദരന്‍
Football
'ബാഴ്‌സയില്‍ തിരിച്ചെത്തിയാല്‍ ആദ്യം ആ ലപോര്‍ട്ടയെ ചവിട്ടി പുറത്താക്കും'; പൊട്ടിത്തെറിച്ച് മെസിയുടെ സഹോദരന്‍
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 9th February 2023, 10:59 am

ലയണല്‍ മെസി ബാഴ്സലോണയില്‍ നിന്ന് പടിയിറങ്ങുന്ന രംഗം വേദനയോടെയാണ് ആരാധകര്‍ കണ്ടുനിന്നത്. 2021ല്‍ എഫ്.സി ബാഴ്‌സലോണയില്‍ നിന്ന് പുറത്ത് പോരേണ്ടി വന്നതിന്റെ ദുഃഖം മെസിയില്‍ ഇപ്പോഴും ഉണ്ടെന്നും ബാഴ്‌സലോണ പ്രസിഡന്റായ ലാപോര്‍ട്ടയുടെ പെരുമാറ്റമാണ് ക്ലബ്ബില്‍ നിന്ന് താരത്തിന്റെ പുറത്താകലിന് വഴി തെളിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

അന്ന് മെസി തന്റെ ഇഷ്ട ക്ലബ്ബായ ബാഴ്സലോണയില്‍ തുടരാന്‍ ശ്രമിച്ചിരുന്നെങ്കിലും ലപോര്‍ട്ട താരത്തിന്റെ കരാര്‍ പുതുക്കുന്നതില്‍ നിന്ന് പിന്‍വാങ്ങുകയായിരുന്നെന്നും അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. ബാഴ്‌സ വിട്ടയുടന്‍ മെസി ഫ്രഞ്ച് വമ്പന്‍ ക്ലബ്ബായ പി.എസ്.ജിയുമായി സൈനിങ് നടത്തുകയായിരുന്നു.

താരം പി.എസ്.ജിയില്‍ എത്തിയതിന് ശേഷവും ബാഴ്‌സലോണയിലേക്ക് തിരിച്ചുപോകുമെന്നുള്ള തരത്തില്‍ അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. മെസി സ്പാനിഷ് ക്ലബ്ബിലേക്ക് തിരിച്ച് പോകില്ലെന്നും താരം പി.എസ്.ജിയുമായി കരാര്‍ ഉടന്‍ പുതുക്കുമെന്നുമുള്ള പ്രമുഖ മാധ്യമ പ്രവര്‍ത്തകനും ട്രാന്‍സ്ഫര്‍ എക്സപര്‍ട്ടുമായ ഫാബ്രിസിയോ റൊമാനോയുടെ റിപ്പോര്‍ട്ടാണ് പിന്നീട് പുറത്തുവന്നത്.

എന്നാല്‍ അഭ്യൂഹങ്ങള്‍ വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കെ വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ഇപ്പോള്‍ മെസിയുടെ സഹോദരന്‍ മത്യാസ്. രോഷാകുലനായാണ് അദ്ദേഹം സംസാരിച്ചത്.

‘മെസി ഒരിക്കലും ബാഴ്‌സലോണ ക്ലബ്ബിലേക്ക് തിരിച്ചുപോകില്ല. ഇനി പോവുകയാണെങ്കില്‍ തന്നെ ആദ്യം ചെയ്യുന്നത് ക്ലബ്ബ് പ്രസിഡന്റ് ലപോര്‍ട്ടയെ ചവിട്ടി പുറത്താക്കുകയാവും.

മാത്രവുമല്ല, ബാഴ്‌സലോണയിലെ ആളുകള്‍ മെസിയെ പിന്തുണച്ചിരുന്നില്ല. അവര്‍ ഒരു പ്രതിഷേധത്തിന് ഒരുങ്ങണമായിരുന്നു. മെസിയെ ക്ലബ്ബില്‍ നിലനിര്‍ത്തി ലപോര്‍ട്ടയെ പുറത്താക്കാന്‍ ശ്രമിക്കണമായിരുന്നു,’ മത്യാസ് പറഞ്ഞു.

നിരവധി റെക്കോര്‍ഡുകളാണ് മെസി ബാഴ്സക്ക് വേണ്ടി നേടിയിരുന്നത്. മെസിയുടെ വിടവാങ്ങലിന് ശേഷം തങ്ങളുടെ പ്രതാപകാലം തിരിച്ചുപിടിക്കാന്‍ ബാഴ്സ ശ്രമങ്ങള്‍ നടത്തിയിരുന്നെങ്കിലും പ്രതീക്ഷക്കൊത്ത് മുന്നേറാന്‍ ക്ലബ്ബിന് സാധിച്ചിരുന്നില്ല.

തുടര്‍ന്ന് മെസിയെ ക്ലബ്ബിലെത്തിക്കാന്‍ ബാഴ്സ കിണഞ്ഞു പരിശ്രമിക്കുന്നുണ്ടെന്ന് അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. പി.എസ്.ജിയുമായുള്ള മെസിയുടെ കരാര്‍ അവസാനിക്കാനിരിക്കെയാണ് വിമര്‍ശനങ്ങള്‍ ശക്തമായത്.

Content Highlights: Lionel Messi would ‘kick Joan Laporta out’ if he ever returns to Barcelona, says brother Mathias