പി.എസ്.ജിയില്‍ സ്ഥിരതയാര്‍ന്ന ഫോം കണ്ടെത്താന്‍ കഴിയാത്ത ലയണല്‍ മെസിദേശീയ ടീമായ അര്‍ജന്റീനയിലെത്തുമ്പോള്‍ പുറത്തെടുക്കുന്നത് മികച്ച പ്രകടനം. കോപ്പാ അമേരിക്ക നേട്ടമടക്കം മെസിയുടെ നായകത്വത്തില്‍ തുടര്‍ച്ചയായ 30ാം മത്സരത്തിലാണ് അര്‍ജനന്റീന തോല്‍വിയറിയാതെ കുതിപ്പ് തുടരുന്നത്.
അവസാനം നടന്ന ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ വെനസ്വേലയെ എതിരില്ലാത്ത മൂന്ന് ഗോളിനാണ് അര്‍ജന്റീന പരാജയപ്പെടുത്തിയത്. ലയണല്‍ മെസി, എയ്ഞ്ചല്‍ ഡി മരിയ, നിക്കോളാസ് ഗോണ്‍സാലസ് എന്നിവരാണ് അര്‍ജന്റീനക്ക് വേണ്ടി വലകുലുക്കിയത്.
പോയിന്റ് പട്ടികയില്‍ ഏറ്റവും അവസാന സ്ഥാനത്തുള്ള വെനസ്വേലയെ കളിയുടെ മുഴുവന്‍ മേഖലയിലും അധിപത്യം പുലര്‍ത്തിയാണ് അര്‍ജന്റീന പരാജയപ്പെടുത്തിയത്. പി.എസ്.ജിയില്‍ കാണുന്ന മെസിയെ അല്ല അര്‍ജന്റീനയില്‍ കാണുന്നത്. പോസ്റ്റിലേക്ക് ഒരു ഷോട്ട് പോലും ഉതിര്‍ക്കാത്ത പി.എസ്.ജിക്കായി മെസിയുടെ കുറേ മത്സരങ്ങള്‍ കടന്നുപോയപ്പോള്‍ ആകാശനീല വെള്ളക്കുപ്പായത്തില്‍ മെസി മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്.
വെനസ്വേലക്കെതിരായ മത്സരത്തില്‍ ഒരു ഗോള്‍ നേടിയ മെസി, ഏഴ് ടാര്‍ഗറ്റ് ഷോട്ടുകളാണ് മത്സരത്തില്‍ ഉതിര്‍ത്തത്. 9.3 റേറ്റിങ്ങോടെ മെസി തന്നെയാണ് മത്സരത്തില്‍ മാന്‍ ഓഫ് ദ മാച്ച് ആയതും. അര്‍ജന്റീന കുപ്പായത്തില്‍ താന്‍ വളരെ സന്തുഷ്ടനാണെന്നും മത്സര ശേഷം മെസി പറഞ്ഞു.