ഫുട്‌ബോള്‍ കരിയറില്‍ എല്ലാ നേട്ടങ്ങളും കൈപ്പിടിയിലൊതുക്കിയ താരമാണ് ലയണല്‍ മെസി. അന്താരാഷ്ട്ര ഫുട്‌ബോളിലും ക്ലബ്ബ് തലത്തിലും ഇനിയൊരു ടൈറ്റിലും മെസിക്കിനി നേടാനില്ല. തന്റെ ഏറ്റവും വലിയ പ്രത്യേകതയെന്തെന്ന ചോദ്യത്തിന് താരം നല്‍കിയ മറുപടി ശ്രദ്ധ നേടുകയാണിപ്പോള്‍.
എന്തെങ്കിലുമൊന്ന് നേടണമെന്നാഗ്രഹിച്ചാല്‍ അത് തലയിലിട്ട് നടക്കുമെന്നും അത് നേടിക്കഴിയുന്നതുവരെ അതിനെക്കുറിച്ച് ചിന്തിച്ചിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബോലാവിപ് അര്‍ജന്റീനക്ക് (Bolavip Argentina) നല്‍കിയ അഭിമുഖത്തിലാണ് മെസി ഇക്കാര്യം പങ്കുവെച്ചത്.
‘എന്റെ സ്വഭാവ സവിശേഷതയോ? എനിക്കറിയില്ല, പക്ഷേ എനിക്ക് തോന്നുന്നു വിടാതെയുള്ള ശ്രമങ്ങള്‍ ആണ് അതെന്നാണ്. എന്തെങ്കിലും നേടണമെന്ന് ആഗ്രഹിച്ചുകഴിഞ്ഞാല്‍ ഞാനത് തലയിലിട്ട് നടക്കും. അത് നേടിക്കഴിയുന്നത് വരെ ഞാനത് മനസില്‍ നിന്ന് വിടാറില്ല,’ മെസി പറഞ്ഞു.
ലയണല്‍ മെസിയുടെ ഫുട്‌ബോള്‍ കരിയറിന്റെ തുടക്കം കഷ്ടതകളും കഠിനാധ്വാനവും നിറഞ്ഞതായിരുന്നു. തന്റെ പതിനൊന്നാമത്തെ വയസില്‍ ശരീരത്തിലെ ഹോര്‍മോണ്‍ വളര്‍ച്ചയുടെ അപര്യാപ്തത മൂലം താരം ചികിത്സ തേടിയിരുന്നു. ഒരുപരിധിയില്‍ കൂടുതല്‍ വളര്‍ച്ചയുണ്ടാകില്ലെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയിരുന്നെങ്കിലും ശക്തമായ തിരിച്ചുവരവ് നടത്തി മികച്ച ഫുട്‌ബോളറാകണമെന്ന സ്വപ്നം സാക്ഷാത്കരിച്ച താരമാണ് മെസി.
അതേസമയം, കഴിഞ്ഞ ദിവസമാണ് ലയണല്‍ മെസി എം.എല്‍.എസ് ക്ലബ്ബായ ഇന്റര്‍ മയാമിയുമായി സൈന്‍ ചെയ്യുമെന്ന വിവരം പുറത്തുവിട്ടത്. ദീര്‍ഘ നാളത്തെ അഭ്യൂഹങ്ങള്‍ക്കൊടുവില്‍ മെസി തന്നെയാണ് ഇക്കാര്യം ഔദ്യാഗികമായി അറിയിച്ചത്. രണ്ട് വര്‍ഷത്തെ കരാറിലാണ് താരം എം.എല്‍.എസ് ക്ലബ്ബുമായി സൈന്‍ ചെയ്യുക.
മെസി ബാഴ്സലോണയിലേക്ക് മടങ്ങുമെന്നാണ് ആരാധകര്‍ ഒന്നടങ്കം വിശ്വസിച്ചിരുന്നത്. മെസിയുടെ പിതാവും ബാഴ്സലോണ പ്രസിഡന്റ് ജുവാന്‍ ലപോര്‍ട്ടയും കൂടിക്കാഴ്ച നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.
മെസിക്ക് ബാഴ്സലോണയിലേക്ക് മടങ്ങാനാണ് താത്പര്യമെന്നും എന്നാല്‍ ക്ലബ്ബുമായി ചര്‍ച്ച ചെയ്ത് മറ്റ് തടസങ്ങള്‍ ഒന്നുമില്ലെങ്കില്‍ മാത്രമെ ക്ലബ്ബുമായി സൈനിങ് നടത്തുകയുള്ളൂ എന്നും മെസിയുടെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. സാമ്പത്തിക പ്രതിസന്ധിയാണ് മെസിയെ സൈന്‍ ചെയ്യുന്നതില്‍ നിന്ന് ബാഴ്സലോണക്ക് വിലങ്ങുതടി ആയതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.