Football
 മെസി രക്ഷകനായി അവതരിച്ചു; നാണംകെടാതെ ഇന്റര്‍ മയാമി
സ്പോര്‍ട്സ് ഡെസ്‌ക്
2024 Feb 26, 05:30 am
Monday, 26th February 2024, 11:00 am

മേജര്‍ ലീഗ് സോക്കറില്‍ ഇന്റര്‍ മയാമിക്ക് സമനിലക്കുരുക്ക്. എല്‍. എ ഗാലക്‌സിയാണ് മയാമിയെ സമനിലയില്‍ തളച്ചത്. ഇരുടീമുകളും ഓരോ വീതം നേടി ഓരോ പോയിന്റ് വീതം പങ്കിടുകയായിരുന്നു.

ഡിഗ്‌നിറ്റി ഹെല്‍ത്ത് സ്‌പോര്‍ട്‌സ് പാര്‍ക്കില്‍ നടന്ന മത്സരത്തില്‍ 4-3-3 എന്ന ശൈലിയായിരുന്നു ഇന്റര്‍ മയാമി പിന്തുടര്‍ന്നത്. മറുഭാഗത്ത് 4-2-3-1 എന്ന ശൈലിയിലാണ് ഗാലക്‌സി അണിനിരന്നത്.

മത്സരത്തിന്റെ ആദ്യ പകുതിയില്‍ ഇരു ടീമുകള്‍ക്കും ഗോള്‍ നേടാന്‍ സാധിച്ചിരുന്നില്ല. മത്സരത്തിന്റെ രണ്ടാം പകുതിയില്‍ 75ാം മിനിട്ടില്‍ ഡെജാന്‍ ജോവെലിജിക്കിലൂടെ ഗാലക്‌സിയാണ് ആദ്യം ലീഡ് നേടിയത്. പെനാല്‍ട്ടി ബോക്‌സിന് പുറത്തുനിന്നും പോസ്റ്റിലേക്ക് അടിച്ച ഷോട്ട് മയാമി ഗോള്‍ കീപ്പര്‍ തട്ടിമാറ്റുകയും അതില്‍ നിന്നും ലഭിച്ച റീബൗണ്ടിലൂടെ ബോക്‌സില്‍ നിന്നും താരം ഗോള്‍ നേടുകയുമായിരുന്നു.

മത്സരത്തിന്റെ 88ാം മിനിട്ടില്‍ ഗ്യാലക്‌സി താരം മാര്‍ക്കോ ഡെല്‍ഗാഡോ ചുവപ്പുകാര്‍ഡ് കണ്ടു പുറത്തായി. എന്നാല്‍ മത്സരത്തിന്റെ ഇഞ്ചുറി ടൈമില്‍ സൂപ്പര്‍ താരം ലയണല്‍ മെസി മയാമിക്കായി സമനില ഗോള്‍ നേടുകയായിരുന്നു. ഗാലക്‌സി പെനാല്‍ട്ടി ബോക്‌സില്‍ നിന്നും താരം ഒരു ഫസ്റ്റ് ടച്ചിലൂടെ ഗോള്‍ നേടുകയായിരുന്നു.

സമനിലയോടെ രണ്ട് മത്സരങ്ങളില്‍ നിന്നും ഒരു ജയവും ഒരു സമനിലയുമടക്കം നാല് പോയിന്റോടെ ഒന്നാം സ്ഥാനത്താണ് മെസിയും കൂട്ടരും. മാര്‍ച്ച് മൂന്നിന് ഓര്‍ലാണ്ടോ സിറ്റിക്കെതിരെയാണ് ഇന്റര്‍ മയാമിയുടെ അടുത്ത മത്സരം. ചെസ് സ്റ്റേഡിയമാണ് വേദി.

Content Highlight: Lionel Messi score a goal and Inter Miami draw in in MLS