കോപ്പ അമേരിക്കയിലെ ആദ്യ മത്സരത്തില്‍ അര്‍ജന്റീനക്ക് തകര്‍പ്പന്‍ വിജയം. ഇന്ന് രാവിലെ നടന്ന മത്സരത്തില്‍ കാനഡയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് അര്‍ജന്റീന പരാജയപ്പെടുത്തിയത്. അര്‍ജന്റീനക്കായി ജൂലിയന്‍ അല്‍വാരസ്, ലൗട്ടാറോ മാര്‍ട്ടിനെസ് എന്നിവരാണ് ഗോളുകള്‍ നേടിയത്.
മത്സരത്തിന്റെ ആദ്യപകുതി ഇരു ടീമുകള്‍ക്കും ഗോളുകള്‍നേടാന്‍ സാധിച്ചിരുന്നില്ല. രണ്ടാം പകുതി തുടങ്ങി നാല് മിനിട്ടുകള്‍ക്കുള്ളില്‍ അല്‍വാരസിലൂടെയാണ് അര്‍ജന്റീന ആദ്യ ഗോള്‍ നേടിയത്. ഒടുവില്‍ മത്സരത്തിന്റെ അവസാന നിമിഷങ്ങളില്‍ ലൗട്ടാറോയിലൂടെ അര്‍ജന്റീന രണ്ടാം ഗോളും നേടിയപ്പോള്‍ അര്‍ജന്റീന മത്സരം പൂര്‍ണമായും സ്വന്തമാക്കുകയായിരുന്നു.
മത്സരത്തിലും ഗോളടിക്കാന്‍ സാധിച്ചിട്ടില്ലെങ്കിലും മറ്റൊരു ചരിത്രനേട്ടവുമായാണ് സൂപ്പര്‍ താരം ലയണല്‍ മെസി ശ്രെദ്ധ നേടിയത്. കാനഡയ്‌ക്കെതിരെയുള്ള മത്സരത്തില്‍ കളത്തിലിറങ്ങിയതോടെ കോപ്പ അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിക്കുന്ന താരമായി മാറാനാണ് അര്‍ജന്റീനന്‍ ഇതിഹാസത്തിന് സാധിച്ചത്. കോപ്പയില്‍ അര്‍ജന്റീനന്‍ ടീമിനൊപ്പം ഉള്ള മെസിയുടെ 35 മത്സരമായിരുന്നു ഇത്. ഇതിന് മുമ്പ് ഈ നേട്ടം സ്വന്തമാക്കിയിരുന്നത് മുന്‍ ചിലി താരം സെര്‍ജിയോ ലിവിങ്സ്റ്റണ്‍ ആയിരുന്നു. ഈ റെക്കോഡാണ് അര്‍ജന്റീനന്‍ നായകന്‍ പഴങ്കഥയാക്കിയത്.
മത്സരത്തില്‍ ഒരു അസിസ്റ്റ് നേടാന്‍ മെസിക്ക് സാധിച്ചിരുന്നു. അര്‍ജന്റീന നേടിയ രണ്ടാം ഗോളിന് വഴിയൊരുക്കിയത് മെസിയായിരുന്നു. കാനഡ പ്രതിരോധത്തെ കീറിമുറിച്ചുള്ള മെസിയുടെ പാസില്‍ നിന്നുമാണ് ലൗട്ടാറോ ഗോള്‍ നേടിയത്. കോപ്പ അമേരിക്കയിലെ മെസിയുടെ 18ാംഅസിസ്റ്റ് ആയിരുന്നു ഇത്.
മത്സരത്തില്‍ 65 ശതമാനം ബോള്‍ പൊസഷനും അര്‍ജന്റീനയുടെ അടുത്തായിരുന്നു. 19 ഷോട്ടുകളാണ് കാനഡയുടെ പോസ്റ്റിലേക്ക് അര്‍ജന്റീന ഉതിര്‍ത്തത്. ഇതില്‍ ഒമ്പത് എണ്ണവും ലക്ഷ്യത്തിലേക്ക് ആയിരുന്നു. മറുഭാഗത്ത് പത്ത് ഷോട്ടുകള്‍ പായിച്ചതിൽ രണ്ട് ഷോട്ടുകള്‍ മാത്രമേ ഓണ്‍ ടാര്‍ഗറ്റിലേക്ക് എത്തിക്കാന്‍ സാധിച്ചത്.
ജയത്തോടെ ഗ്രൂപ്പ് എ യില്‍ മൂന്ന് പോയിന്റുമായി ഒന്നാം സ്ഥാനത്ത് എത്താനും അര്‍ജന്റീനക്ക് സാധിച്ചു. ജൂണ്‍ 26ന് ചിലിക്കെതിരെയാണ് മെസിയുടെയും കൂട്ടരുടെയും അടുത്ത മത്സരം.
Content Highlight: Lionel Messi Create a New Record In Copa America