ചന്ദ്രബാബു നായിഡു സ്വേച്ഛാധിപതിയെ പോലെ പെരുമാറുന്നു: ജഗൻ മോഹൻ റെഡ്ഢി
India
ചന്ദ്രബാബു നായിഡു സ്വേച്ഛാധിപതിയെ പോലെ പെരുമാറുന്നു: ജഗൻ മോഹൻ റെഡ്ഢി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 22nd June 2024, 2:39 pm

അമരാവതി: വൈ.എസ്.ആർ.സി.പിയുടെ ഓഫീസ് കെട്ടിടം പൊളിച്ചതിൽ പ്രതിഷേധിച്ച് ആന്ധ്രപ്രദേശ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പാർട്ടി അധ്യക്ഷൻ വൈ.എസ് ജഗൻ മോഹൻ റെഡ്ഢി.

കഴിഞ്ഞ ദിവസം നിർമാണത്തിലിരിക്കുന്ന വൈ.എസ്.ആർ.സി.പിയുടെ ഓഫീസ് കെട്ടിടം ആന്ധ്രാപ്രദേശ് ക്യാപിറ്റൽ റീജിയൻ ഡെവലപ്‌മെൻ്റ് അതോറിറ്റി പൊളിച്ചു നീക്കിയിരുന്നു. ശനിയാഴ്ച പുലർച്ചെയാണ് ആന്ധ്രാപ്രദേശ് ക്യാപിറ്റൽ റീജിയൻ ഡെവലപ്‌മെൻ്റ് അതോറിറ്റിയും മംഗളഗിരി തഡെപള്ളി മുനിസിപ്പൽ കോർപ്പറേഷനും ചേർന്ന് ഓഫീസ് കെട്ടിടം പൊളിച്ചു നീക്കിയത്.

മുഖ്യമന്ത്രി എൻ.ചന്ദ്രബാബു നായിഡു പകപോക്കൽ രാഷ്ട്രീയമാണ് നടത്തുന്നതെന്നും അദ്ദേഹം ഏകാധിപതിയെപ്പോലെ പെരുമാറുന്നുവെന്നും വൈ.എസ് ജഗൻ മോഹൻ റെഡ്ഢി പറഞ്ഞു.

Read More: ആന്ധ്രയിലെ വൈ.എസ്.ആർ.സി.പി ഓഫീസ് കെട്ടിടം ബുൾഡോസ് ചെയ്ത് ടി.ഡി.പി സർക്കാർ

 

അതോടൊപ്പം ഹൈക്കോടതി ഉത്തരവ് ലംഘിച്ചാണ് സർക്കാർ കെട്ടിടം പൊളിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘കെട്ടിടത്തിന്റെ പണി ഏതാണ്ട് പൂർത്തിയായതാണ്. ഇത് ചന്ദ്രബാബു നായിഡുവിന്റെ പക പോക്കൽ രാഷ്ട്രീയമാണ്. അദ്ദേഹം ഏകാധിപതികളെപ്പോലെയാണിപ്പോൾ പെരുമാറുന്നത്. അദ്ദേഹം ഞങ്ങളുടെ കെട്ടിടം ബുൾഡോസർ വെച്ച് തകർത്തു,’ ജഗൻ മോഹൻ റെഡ്ഢി പറഞ്ഞു.

 

read more: മുസ്‌ലിം വിദ്വേഷ വീഡിയോ; ജെ.പി. നദ്ദക്കും അമിത് മാളവ്യക്കുമെതിരെയുള്ള സമന്‍സ് റദ്ദാക്കി കര്‍ണാടക ഹൈക്കോടതി

ശനിയാഴ്ച പുലർച്ചെ അഞ്ച് മണിക്കാണ് പൊളിക്കൽ തുടങ്ങിയതെന്ന് പാർട്ടി മാധ്യമങ്ങളെ അറിയിച്ചു.

ക്യാപിറ്റൽ റീജിയൻ ഡെവലപ്മെന്റ് അതോറിറ്റിയുടെ പ്രാഥമിക നടപടികളെ ചോദ്യം ചെയ്തുകൊണ്ട് വൈ.എസ്.ആർ.സി.പി കഴിഞ്ഞ ദിവസം ഹൈക്കോടതിയെ സമീപിച്ചിരുന്നുവെങ്കിലും പൊളിച്ചുമാറ്റൽ തുടരുകയാണുണ്ടായതെന്ന് പാർട്ടി പറഞ്ഞു.

പൊളിക്കൽ നടപടികൾ നിർത്തിവെക്കാൻ കോടതി ഉത്തരവിട്ടിരുന്നെങ്കിലും സർക്കാർ അത് ചെവികൊണ്ടില്ലെന്നും പാർട്ടി കൂട്ടിച്ചേർത്തു.

അതേസമയം നിലവിലുള്ള നിയമങ്ങളും ചട്ടങ്ങളും കണക്കിലെടുത്താണ് അനധികൃതമായി നിർമിച്ച കെട്ടിടം പൊളിച്ചതെന്ന് ടി.ഡി.പി പറഞ്ഞു.
ചന്ദ്രബാബു നായിഡു ഒരിക്കലും രാഷ്ട്രീയ പകപോക്കലിന്റെ പാത പിന്തുടർന്നിട്ടില്ലെന്നും ടി.ഡി.പി നേതാവ് പാട്ടഭി രാം കൊമ്മാറ റെഡ്ഢി പറഞ്ഞു.

 

Content Highlight: Like a dictator Jagan Mohan Reddy slams N Chandrababu Naidu for demolishing office