ലോകത്തെ ചിരിപ്പിച്ച, ചിന്തിപ്പിച്ച കലാകാരന്റെ ജീവിതത്തില്‍ സംഭവിച്ചത്‌
Charlie Chaplin
ലോകത്തെ ചിരിപ്പിച്ച, ചിന്തിപ്പിച്ച കലാകാരന്റെ ജീവിതത്തില്‍ സംഭവിച്ചത്‌
ശ്രീഷ്മ കെ
Friday, 5th March 2021, 7:02 pm

1890കളാണ് കാലഘട്ടം. ലണ്ടനിലെ തിരക്കേറിയ തെരുവുകളിലൊന്നില്‍ നടക്കാനിറങ്ങിയതായിരുന്നു ഇംഗ്ലണ്ടിലെ പ്രശസ്തമായ ‘എയ്റ്റ് ലാന്‍കാഷെയര്‍ ലാഡ്‌സ്’ എന്ന മ്യൂസിക്കല്‍ തിയറ്റര്‍ ഗ്രൂപ്പിന്റെ ഉടമസ്ഥനായിരുന്ന വില്യം ജാക്‌സണ്‍. വ്യാവസായിക വിപ്ലവത്തിനു ശേഷം ജോലി നഷ്ടപ്പെട്ടവരും ദാരിദ്ര്യത്തിലേക്ക് വലിച്ചെറിയപ്പെട്ടവരും ജീവിക്കാനുള്ള പല മാര്‍ഗ്ഗങ്ങളും പയറ്റിനോക്കുന്ന കാഴ്ചകളായിരുന്നു തെരുവിലെങ്ങും.

ചിലര്‍ വഴിയോരത്ത് കച്ചവടങ്ങള്‍ ചെയ്യുന്നു. മറ്റു ചിലര്‍ ചീട്ടുവിദ്യകള്‍ പ്രദര്‍ശിപ്പിക്കുന്നു. ഇതിനിടയില്‍ പോക്കറ്റടിയും പിടിച്ചുപറിയും സാധാരണമെന്നപോലെ സംഭവിക്കുന്നു. ചിലരാകട്ടെ, തെരുവിന്റെ പല ഭാഗങ്ങളില്‍ നിന്നു പാടുന്നുമുണ്ട്. ബഹളം നിറഞ്ഞ ഈ തെരുവിലൂടെ നടന്നു നീങ്ങുന്നതിനിടെ, ഒരു കാഴ്ച വില്യമിനെ പിടിച്ചു നിര്‍ത്തി.

പത്തോ പന്ത്രണ്ടോ വയസ്സു തോന്നിക്കുന്ന ഒരു കൊച്ചു പയ്യന്‍, തെരുവോരത്തു നിന്നു പാടുകയാണ്. മറ്റു ഗായകരെ അപേക്ഷിച്ച് അവനു മുന്നില്‍ കാഴ്ചക്കാര്‍ വളരെയേറെയുണ്ട്. പാട്ടു പാടുന്നതിനൊത്ത് ചുവടുവയ്ക്കുകയും ചെയ്യുന്ന അവന്‍, അതിനിടയില്‍ത്തന്നെ പല ഭാവങ്ങളും ഗോഷ്ഠികളും കാണിച്ച് കാഴ്ചക്കാരെ ചിരിപ്പിക്കുകയും ചെയ്യുന്നുണ്ട്. വില്യം കുറച്ചധിക നേരം അവനെത്തന്നെ നോക്കി നിന്നു. യാതൊരു സങ്കോചവുമില്ലാതെ ഓടിനടന്ന് ഒറ്റയ്‌ക്കൊരു മുഴുനീള വിനോദപരിപാടി തന്നെ നടത്തി ആളെക്കൂട്ടുന്ന ആ പയ്യനെക്കുറിച്ച് കൂടുതല്‍ അന്വേഷിക്കാന്‍ അയാള്‍ തീരുമാനിച്ചു.

ചാള്‍സ് എന്നായിരുന്നു ആ ബാലന്റെ പേര്. ലണ്ടനിലെ സംഗീതശാലകളില്‍ ഗായകരായിരുന്ന ചാള്‍സിന്റെ മാതാപിതാക്കള്‍ വളരെക്കാലം മുന്‍പുതന്നെ വേര്‍പിരിഞ്ഞിരുന്നു. മാനസികാസ്വാസ്ഥ്യം നേരിടുന്ന അമ്മ ഹന്നയും, അര്‍ദ്ധ സഹോദരനായ സിഡ്‌നിയുമാണ് ചാള്‍സിന്റെ കുടുംബം.

കടുത്ത ദാരിദ്ര്യത്തില്‍ നിന്നും കരകയറാനും അമ്മയെ ചികിത്സിക്കാനുമായി ചാള്‍സ് ചെയ്യാത്ത ജോലികളില്ല. അച്ചടിശാല, ബാര്‍ബര്‍ഷോപ്പ്, ക്ലിനിക്ക്, സ്റ്റേഷനറിക്കട, ഗ്ലാസ് ഫാക്ടറി എന്നിങ്ങനെ പലയിടത്തായി ജോലിചെയ്തിട്ടും വയറുനിറയെ ഭക്ഷണം വാങ്ങാനുള്ള വക പോലും ചാള്‍സിനു ലഭിച്ചിരുന്നില്ല. ജോലിയും പഠനവും അമ്മയെ ശുശ്രൂഷിക്കലുമായി വളരെബുദ്ധിമുട്ടേറിയ ഒരു ബാല്യത്തിലൂടെയായിരുന്നു ആ കൊച്ചു കലാകാരന്‍ കടന്നു പോയിക്കൊണ്ടിരുന്നത്.

വില്യം പിന്നെ ഒട്ടും താമസിച്ചില്ല. ചാള്‍സിനെ നേരില്‍ക്കണ്ട് തന്റെ ആവശ്യം അറിയിച്ചു. തന്റെ കമ്പനിയില്‍ നര്‍ത്തകനായി ചാള്‍സിന് അവസരം ഒരുക്കിയിട്ടുണ്ട്. ഭക്ഷണവും താമസവും, ഒപ്പം ചെറിയ വേതനവും നല്‍കും. ഒന്നാലോചിക്കുക പോലും ചെയ്യാതെ ചാള്‍സ് ആ അവസരം സ്വീകരിച്ചു. ലാന്‍കാഷെയര്‍ ലാഡ്‌സിനൊപ്പം ലണ്ടനിലങ്ങോളമിങ്ങോളം യാത്ര ചെയ്ത് മ്യൂസിക്കലുകള്‍ അവതരിപ്പിച്ചു. അവയില്‍ പലതിലും പ്രധാന നര്‍ത്തകനുമായി. എന്നാല്‍, ഹാസ്യവേഷങ്ങള്‍ കൈകാര്യം ചെയ്യാനായിരുന്നു ചാള്‍സിനെപ്പോഴും ആഗ്രഹം. എന്നെങ്കിലുമൊരിക്കല്‍ കഷ്ടപ്പാടുകളെല്ലാം നീങ്ങുമെന്നും, ഏതെങ്കിലും നാടക കമ്പനിയിലെ പ്രധാന ഹാസ്യതാരമായി താന്‍ മാറുമെന്നും ചാള്‍സ് ഉറച്ചു വിശ്വസിച്ചു.

വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍, ചാള്‍സിന്റെ ആഗ്രഹം നിറവേറുക തന്നെ ചെയ്തു. നാടകങ്ങളില്‍ പ്രധാന ഹാസ്യവേഷങ്ങള്‍ ചെയ്തു പ്രശസ്തനാകാന്‍ ആഗ്രഹിച്ച ചാള്‍സ്, നാടകവും കടന്ന് മറ്റു മേഖലകളിലേക്ക് വളര്‍ന്നു. ലോകമെമ്പാടുമുള്ള ഹാസ്യതാരങ്ങളുടെ നിരയിലെ കിരീടം വയ്ക്കാത്ത രാജാവായി. ലോകസിനിമ ചാള്‍സിനു മുന്‍പും ശേഷവും എന്ന് രണ്ടായി വിഭജിക്കപ്പെട്ടു. ചാള്‍സ് സ്‌പെന്‍സര്‍ ചാപ്ലിന്‍ എന്ന ദരിദ്രബാലന്‍ ചാര്‍ലി ചാപ്ലിനായി മാറിയ കഥ, ലോകം ഇന്നേവരെ കേട്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും നാടകീയമായ ജീവിത വിജയത്തിന്റെ കഥയായി.

1889 ഏപ്രില്‍ 16നാണ് സൗത്ത് ലണ്ടനിലെ വാള്‍വര്‍ത്തില്‍ ചാര്‍ലി ചാപ്ലിന്റെ ജനനം. അമ്മ ഹന്ന ചാപ്ലിന്‍, അച്ഛന്‍ ചാള്‍സ് ചാപ്ലിന്‍ സീനിയര്‍. മദ്യപാനിയായ പിതാവും മാനസികാസ്വാസ്ഥ്യമുള്ള മാതാവും പറയത്തക്ക വരുമാനമില്ലാത്ത ജീവിതവുമെല്ലാം ചേര്‍ന്ന് നരകതുല്യമായിരുന്നു ചാപ്ലിന്റെ ബാല്യം. പത്തുവയസ്സു പോലും തികയുന്നതിനു മുന്‍പേ പല തവണ ചാപ്ലിന് വര്‍ക്ക് ഹൗസുകളില്‍ ജീവിക്കേണ്ടിവന്നിട്ടുണ്ട്.

അഞ്ചാം വയസ്സില്‍ അമ്മയ്‌ക്കൊപ്പമായിരുന്നു ചാപ്ലിന്റെ ആദ്യ സ്റ്റേജ് അനുഭവം. സംഗീതശാലകളില്‍ പരിപാടികള്‍ക്കിടെ കാണികളെ പല ഭാവങ്ങളും കാണിച്ച് ചിരിപ്പിക്കുമായിരുന്നു കൊച്ചു ചാപ്ലിന്‍. നൃത്ത-നാടകക്കമ്പനികളില്‍ അവസരങ്ങള്‍ ലഭിച്ചു തുടങ്ങിയതോടെ, പതിമൂന്നാം വയസ്സില്‍ ചാപ്ലിന്‍ സ്‌കൂള്‍ വിദ്യാഭ്യാസം ഉപേക്ഷിച്ചു.

പല നാടകക്കമ്പനികള്‍ക്കൊപ്പം പ്രവര്‍ത്തിച്ചതിനു ശേഷം പതിനാറാം വയസ്സിലാണ് ചാപ്ലിന് ഒരു പ്രധാന വേഷം ലഭിക്കുന്നത്. ‘ഷെര്‍ലക്ക് ഹോംസ്’ എന്ന നാടകത്തിലായിരുന്നു അത്. പതിനെട്ടാം വയസ്സില്‍, നാട്ടില്‍ അറിയപ്പെടുന്ന ഹാസ്യനടനായി ചാപ്ലിന്‍ മാറിക്കഴിഞ്ഞിരുന്നു. മെലിഞ്ഞ് കൊലുന്നനെയുള്ള, ആദ്യ കാഴ്ചയില്‍ അന്തര്‍മുഖനെന്നു തോന്നിപ്പിക്കുന്ന ചാപ്ലിന്, ആത്മവിശ്വാസത്തോടെ സ്റ്റേജില്‍ നില്‍ക്കാന്‍ സാധിക്കില്ലെന്ന് പലരും വിധിച്ചു. എന്നാല്‍, എല്ലാ മുന്‍വിധികളും തകര്‍ത്തുടച്ച് കാണികളെ ആര്‍ത്തുചിരിപ്പിക്കുമായിരുന്നു ചാപ്ലിന്‍. നാടകാവതരണത്തിന്റെ ഭാഗമായി 1910ല്‍ ചാപ്ലിനും സംഘവും അമേരിക്കയില്‍ 21 മാസങ്ങള്‍ ചെലവഴിച്ചിരുന്നു. നാടകവേദികളില്‍ മാത്രം ഒതുങ്ങിപ്പോകുമായിരുന്ന ചാര്‍ലി ചാപ്ലിന്‍ എന്ന പ്രതിഭയെ, ലോകശ്രദ്ധയിലെത്തിച്ച സംഭവ പരമ്പരകളുടെ തുടക്കമായിരുന്നു അത്.

അമേരിക്കയിലെ പരിപാടിയ്ക്കു ശേഷം അനവധി അവസരങ്ങള്‍ ചാപ്ലിനെ തേടിയെത്തി. ന്യൂയോര്‍ക്ക് മോഷന്‍ പിക്ചര്‍ കമ്പനിയുടെ കീസ്റ്റോണ്‍ സ്റ്റുഡിയോയിലേക്കുള്ളതായിരുന്നു അവയിലൊന്ന്. ആഴ്ചയില്‍ നൂറ്റമ്പത് ഡോളര്‍ പ്രതിഫലം എന്ന ധാരണയില്‍ ചാപ്ലിന്‍ കീസ്റ്റോണിന്റെ ഭാഗമായി. പുതിയൊരു ജീവിതം പ്രതീക്ഷിച്ചെത്തിയ ചാപ്ലിന്‍, പതിയെ ഒരു ഇതിഹാസം തന്നെ രചിക്കാനാരംഭിക്കുകയായിരുന്നു. പിന്നീട് തന്റെ ചലച്ചിത്രങ്ങളെ അടയാളപ്പെടുത്തിയ ‘ദി ലിറ്റില്‍ ട്രാംപ്’ എന്ന നാടോടി കഥാപാത്രത്തെ ചാപ്ലിന്‍ രൂപപ്പെടുത്തിയത് ഇവിടെ വച്ചാണ്.

കീസ്റ്റോണിലെ തന്റെ രണ്ടാമത്തെ ഹാസ്യാവതരണത്തിനു വേണ്ടി ഒരു പുതിയ വേഷവിധാനം ചാപ്ലിന്‍ സ്വീകരിച്ചു: ചാക്കുപോലെ വലിയ പാന്റ്, ഇറുകിയ കോട്ട്, ചെറിയ തൊപ്പിയും പിന്നെ പാദത്തിലും വലിയ ഷൂസും. പ്രായം തോന്നിപ്പിക്കാനായി, മുഖഭാവങ്ങള്‍ മറയ്ക്കാത്ത തരത്തിലുള്ള ഒരു മീശയും ഇതിനൊപ്പം ചേര്‍ത്തു. ഇതായിരുന്നു പില്‍ക്കാലത്ത് ചാപ്ലിന്റെ പ്രതിരൂപമായി മാറിയ ട്രാംപ് എന്ന കഥാപാത്രത്തിന്റെ ആദ്യ വേഷം.

ചാപ്ലിന്‍ എഴുതി സംവിധാനം ചെയ്ത പല പ്രസിദ്ധ ചലച്ചിത്രങ്ങളിലും ട്രാംപായിരുന്നു കേന്ദ്രകഥാപാത്രം. നാടോടിയായ, സ്ഥിരമായി ഒരു വീടില്ലാത്ത ദരിദ്രനാണ് ട്രാംപ്. അല്ലറ ചില്ലറ ജോലികള്‍ ചെയ്‌തോ ചിലപ്പോള്‍ തൊഴില്‍രഹിതനായോ ട്രാംപിനെ കാണാം. അടിസ്ഥാനവര്‍ഗ്ഗത്തിന്റെ പ്രതിനിധിയായ ട്രാംപ് മനസ്സില്‍ നന്മയുള്ളയാളാണ്. ഏതു കാലഘട്ടത്തിലും ഏതു ദേശത്തും കണ്ടെത്താവുന്ന ഒരാള്‍.
നിര്‍ധനനും അധികാരമില്ലാത്തവനുമായ ട്രാംപിനോട് വൈകാരികമായി ഐക്യപ്പെടാന്‍ ലോകമെങ്ങുമുള്ള സിനിമാസ്വാദകര്‍ക്ക് സാധിച്ചു.

കീസ്റ്റോണിനു ശേഷം എസ്സനേ, മ്യൂച്വല്‍ എന്നീ സിനിമാ കമ്പനികളിലും ചാപ്ലിന്‍ പ്രവര്‍ത്തിച്ചു. ഇതിനോടകം സ്വന്തമായി ചലച്ചിത്രങ്ങള്‍ എഴുതി സംവിധാനം ചെയ്യാന്‍ ആരംഭിച്ചിരുന്നു. കീസ്റ്റോണില്‍ ലഭിച്ചിരുന്ന പ്രതിഫലത്തിന്റെ പത്തിരട്ടി തൊട്ടടുത്ത വര്‍ഷം എസ്സനേയില്‍ നിന്നും ആവശ്യപ്പെടാന്‍ മാത്രം വളര്‍ന്നിരുന്നു ചാപ്ലിന്‍.

1915ല്‍ പുറത്തിറങ്ങിയ ‘ദ ട്രാംപ്’ ചാപ്ലിന്റെ കരിയറിലെ നാഴികക്കല്ലായിരുന്നു. ഈ ചിത്രത്തോടു കൂടി ട്രാംപ് എന്ന കഥാപാത്രത്തിന്റെ രൂപത്തിലും സ്വഭാവത്തിലുമുള്ള സൂക്ഷ്മമായ മിനുക്കുപണികള്‍ കൂടി പൂര്‍ത്തിയായി. സ്ലാപ്സ്റ്റിക് കോമഡികള്‍ ചെയ്തുവന്നിരുന്ന ചാപ്ലിന്‍, ആദ്യമായി തന്റെ കഥാപാത്രത്തില്‍ അല്പം വൈകാരികത കൊണ്ടുവന്ന ചലച്ചിത്രം കൂടിയായിരുന്നു ഇത്. നിശ്ശബ്ദചലച്ചിത്രത്തിന്റെ പരിമിതമായ സാധ്യതകള്‍ ഉപയോഗിച്ചുകൊണ്ട് ചാപ്ലിന്‍ രൂപപ്പെടുത്തിയ രംഗങ്ങളില്‍, കാണികള്‍ മതിമറന്നു ചിരിച്ചു. ചാര്‍ലി ചാപ്ലിന്‍ എന്ന പേര് അമേരിക്കയ്ക്കു പുറത്തും കേട്ടു തുടങ്ങി. ട്രാംപ് ഒരു കാലഘട്ടത്തിന്റെ തന്നെ സാംസ്‌കാരിക ചിഹ്നമായി മാറുകയായിരുന്നു. ലോകസിനിമയില്‍ രാജ്യാന്തര പ്രശസ്തിയുള്ള ആദ്യ സൂപ്പര്‍ താരം അങ്ങനെ പിറവിയെടുത്തു.

ചാര്‍ലി ചാപ്ലിന്‍ ഒരു തരംഗമായി മാറുകയായിരുന്നു പിന്നീടങ്ങോട്ട്. ട്രാംപിന്റെ പുതിയ രൂപഭാവങ്ങള്‍ കാണാന്‍ കാണികള്‍ കാത്തിരുന്നു. ഡോഗ് ലൈഫിലൂടെ ദുഃഖിതനായ കോമാളിയായും ഷോള്‍ഡര്‍ ആംസിലൂടെ പട്ടാളക്കാരനായുമെല്ലാം ചാപ്ലിന്‍ ട്രാംപിനെ അവതരിപ്പിച്ചു. 1921ലായിരുന്നു ചാപ്ലിന്റെ കരിയറിലെ ആദ്യ മുഴുനീള ഫീച്ചര്‍ സിനിമയായ ദ് കിഡ് പുറത്തിറങ്ങിയത്.

മാതാപിതാക്കള്‍ ഉപേക്ഷിച്ച അഞ്ചുവയസ്സുകാരനും ട്രാംപും തമ്മിലുള്ള ബന്ധവും തെരുവിലെ അവരുടെ ജീവിതവും പ്രമേയമാക്കിയ ദ കിഡ് ചലച്ചിത്രാസ്വാദകരും വിമര്‍ശകരും ഒരുപോലെ സ്വീകരിച്ചു. ജീവിക്കാനായി ചെറിയ തട്ടിപ്പുകള്‍ ചെയ്യുന്ന ട്രാംപിന്റെയും ബാലന്റെയും രംഗങ്ങള്‍ ലോകത്തിന്റെ പല ഭാഗങ്ങളില്‍ ഇന്നും ചലച്ചിത്ര പഠിതാക്കള്‍ ആവര്‍ത്തിച്ചു കാണുന്നു. ചാപ്ലിന്‍ സ്ഥിരമായി കൈകാര്യം ചെയ്തു പോന്നിരുന്ന ദാരിദ്ര്യം, അതിജീവനം എന്നീ തീമുകള്‍ക്കൊപ്പം വൈകാരിക രംഗങ്ങളും ദ കിഡിന്റെ പ്രത്യേകതയാണ്.

ട്രാംപ് തന്നെ പ്രധാന കഥാപാത്രമായെത്തിയ ദ ഗോള്‍ഡ് റഷ്, ദ സര്‍ക്കസ്, സിറ്റി ലൈറ്റ്‌സ് എന്നിവയും തുടര്‍ന്ന് പ്രദര്‍ശനത്തിനെത്തി. സിറ്റി ലൈറ്റ്‌സിന്റെ നിര്‍മാണസമയത്ത് ചലച്ചിത്രലോകം നിശ്ശബ്ദചിത്രങ്ങളില്‍ നിന്നും ശബ്ദചിത്രങ്ങളിലേക്ക് സഞ്ചരിച്ചു തുടങ്ങിയിരുന്നു. തിരശ്ശീലയില്‍ ദൃശ്യങ്ങള്‍ക്കൊപ്പം ശബ്ദവും ആസ്വദിക്കാനുള്ള കൗതുകത്തില്‍ കാത്തിരുന്ന കാണികള്‍ക്കു മുന്നിലേക്ക് സിറ്റി ലൈറ്റ്‌സ് എന്ന ശബ്ദമില്ലാ ചിത്രവുമായാണ് ചാപ്ലിന്‍ എത്തിയത്. തന്റെ സിനിമകള്‍ നിശ്ശബ്ദമായിരിക്കുന്നതാണ് ആശയസംവേദനത്തിന് നല്ലതെന്ന് ചാപ്ലിന്‍ കരുതി. പശ്ചാത്തലസംഗീതം മാത്രം പുതുതായി ചേര്‍ത്തു. ശബ്ദചിത്രങ്ങള്‍ വലിയ ജനസമ്മിതി നേടിക്കൊണ്ടിരുന്ന ഒരു കാലഘട്ടത്തില്‍ നിശ്ശബ്ദചിത്രം പുറത്തിറക്കി വിജയിപ്പിക്കാന്‍ അക്കാലത്ത് ചാര്‍ലി ചാപ്ലിന്‍ എന്ന പേരു മാത്രം മതിയായിരുന്നു.

1930കളോടെ ചാപ്ലിന്റെ നിലപാടുകളിലും സിനിമകളിലും വ്യക്തമായ രാഷ്ട്രീയ പ്രഖ്യാപനങ്ങള്‍ കണ്ടുതുടങ്ങി. ആദ്യ കാലഘട്ടം മുതല്‍ക്കു തന്നെ വ്യാവസായിക വിപ്ലവത്തിന്റെ അനന്തരഫലമായ ദാരിദ്ര്യവും തൊഴിലില്ലായ്മയും ചാപ്ലിന്റെ കഥാപാത്രങ്ങള്‍ക്ക് പ്രചോദനമായിട്ടുണ്ടെങ്കിലും, പ്രത്യക്ഷമായി ചാപ്ലിന്‍ രാഷ്ട്രീയം പറയാന്‍ തുടങ്ങിയത് 1936ല്‍ പുറത്തിറങ്ങിയ മോഡേണ്‍ ടൈംസിലൂടെയാണെന്നു പറയാം. ഫാക്ടറിത്തൊഴിലാളിയായാണ് ട്രാംപ് ഇത്തവണ അഭ്രപാളിയിലെത്തിയത്.

സമയം എന്ന സങ്കേതത്തെ മാത്രം അടിസ്ഥാനപ്പെടുത്തി മുന്നോട്ടു പോകുന്ന ഫാക്ടറികളെക്കുറിച്ചും അവിടുത്തെ യാന്ത്രികമായ ജീവിതങ്ങളെക്കുറിച്ചുമായിരുന്നു മോഡേണ്‍ ടൈംസ് സംസാരിച്ചത്. ചിത്രത്തിലെ കണ്‍വേയര്‍ ബെല്‍റ്റ് രംഗം എക്കാലത്തേയും മികച്ച കോമിക് സീക്വന്‍സുകളിലൊന്നാണ്. ചാപ്ലിന്‍ സിനിമകള്‍ രാഷ്ട്രീയവും സാമൂഹിക വിമര്‍ശനവും ചര്‍ച്ച ചെയ്യാനാരംഭിച്ചത് പക്ഷേ, പ്രേക്ഷകര്‍ക്ക് ദഹിച്ചില്ല. മറ്റു ചാപ്ലിന്‍ ചിത്രങ്ങള്‍ പോലെ വന്‍ വിജയമായിരുന്നില്ല മോഡേണ്‍ ടൈംസ്.

ഇതിനു ശേഷമാണ് ഏറെ പ്രസിദ്ധമായ ഗ്രേറ്റ് ഡിക്ടേറ്ററിന്റെ വരവ്. അഡോള്‍ഫ് ഹിറ്റ്‌ലറിനെയും ഫാഷിസത്തെയും നേര്‍ക്കുനേര്‍ വിമര്‍ശിക്കുന്ന ഗ്രേറ്റ് ഡിക്ടേറ്റര്‍, 1940ലാണ് പുറത്തിറങ്ങിയത്. അഡനോയ്ഡ് ഹൈങ്കല്‍ എന്ന സ്വേച്ഛാധിപതിയായും ജൂതമതത്തില്‍പ്പെട്ട ഒരു ബാര്‍ബറായും ഇരട്ടവേഷത്തിലാണ് ചാപ്ലിന്‍ എത്തിയത്. നാസിപ്പടയേയും ഹിറ്റ്‌ലറിനെയും കണക്കറ്റ് പരിഹസിക്കുന്ന ചിത്രം അവസാനിക്കുന്നത് യുദ്ധത്തിനും ഫാഷിസ്റ്റ് ആധിപത്യത്തിനുമെതിരായ ചാപ്ലിന്റെ പ്രസംഗത്തിലാണ്. ആ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റായിരുന്നു ഗ്രേറ്റ് ഡിക്ടേറ്റര്‍.

ചലച്ചിത്രമേഖലയില്‍ സ്വപ്നതുല്യമായ നേട്ടങ്ങള്‍ കൈവരിച്ചുകൊണ്ടിരുന്നപ്പോഴും, ഈ കാലഘട്ടത്തില്‍ അമേരിക്കയില്‍ ചാപ്ലിന്റെ ജനപ്രീതിയില്‍ വലിയ ഇടിവു സംഭവിച്ചിരുന്നു. സ്വകാര്യജീവിതവുമായി ബന്ധപ്പെട്ട പല വിവാദങ്ങളും, ഏറെ ചര്‍ച്ച ചെയ്യപ്പെട്ട മനുഷ്യക്കടത്ത് കേസും ചാപ്ലിന് വലിയ തിരിച്ചടികളായി. ചാപ്ലിന്റെ രാഷ്ട്രീയമായിരുന്നു മറ്റൊരു വിഷയം. തൊഴിലാളികളെ ഫാക്ടറി യന്ത്രങ്ങളുടെ ഭാഗമായി മാത്രം പരിഗണിക്കുന്ന വ്യവസ്ഥിതിയ്‌ക്കെതിരെയുള്ള മോഡേണ്‍ ടൈംസും, സ്വേച്ഛാധിപത്യത്തെ നിശിതമായി വിമര്‍ശിച്ച ഗ്രേറ്റ് ഡിക്ടേറ്ററും പുറത്തിറങ്ങിയതോടെ, ചാപ്ലിന്‍ കമ്മ്യൂണിസ്റ്റാണ് എന്നൊരു വാദം ഒരു വിഭാഗം അമേരിക്കക്കാര്‍ ഉയര്‍ത്തിത്തുടങ്ങിയിരുന്നു.

എന്നാല്‍, ബാല്യകാലം മുതല്‍ക്കേ രൂപപ്പെട്ടുവന്നിട്ടുള്ള ചാപ്ലിന്റെ രാഷ്ട്രീയം ആദ്യ കാല സിനിമകളില്‍പ്പോലും പ്രകടമായിരുന്നു. കുട്ടിക്കാലത്ത് കടന്നുപോകേണ്ടിവന്ന ദുരനുഭവങ്ങള്‍, ചാപ്ലിനെ അടിസ്ഥാനവര്‍ഗ്ഗത്തോട് അനുകമ്പയുള്ളയാളാക്കി മാറ്റിയിരുന്നു. അധികാരവര്‍ഗ്ഗത്തോട് നിരന്തരം കലഹിക്കുകയും അവരെ കബളിപ്പിച്ചു ജീവിക്കുകയും ചെയ്യുന്ന ട്രാംപ് എന്ന കഥാപാത്രം തന്നെ അതിനു തെളിവാണ്.

മുതലാളിത്ത വ്യവസ്ഥിതിയെ വിമര്‍ശിച്ചുകൊണ്ടുള്ള മോണ്‍സ്യോര്‍ വെര്‍ദോ എന്ന ചലച്ചിത്രം കൂടി പുറത്തിറങ്ങിയതോടെ, ചാപ്ലിന്‍ അമേരിക്കയുടെ കണ്ണിലെ കരടായി. കമ്മ്യൂണിസ്റ്റുകളുമായുള്ള അടുത്ത ചങ്ങാത്തവും അഭിപ്രായപ്രകടനങ്ങളും കൂടിയായപ്പോഴേക്കും, ചാപ്ലിനെ രാജ്യത്തു നിന്നും പുറത്താക്കുക എന്ന ഉദ്ദേശത്തോടെ എഫ്.ബി.ഐ അന്വേഷണവും ആരംഭിച്ചു. ചാപ്ലിന്റെ ജീവിതം വഴിവിട്ടതാണെന്നും, അന്താരാഷ്ട്ര സെക്‌സ് ട്രാഫിക്കിംഗ് റാക്കറ്റുകളുമായി ബന്ധമുണ്ടെന്നുമായിരുന്നു ആരോപണം. തന്റെ 54ാം വയസ്സില്‍ ചാപ്ലിന്‍ 18 വയസ്സുകാരി ഊന ഒനീലിനെ വിവാഹം ചെയ്തതും ഏറെ വിവാദങ്ങള്‍ക്കു വഴിവച്ചിരുന്നു.

വിമര്‍ശനങ്ങളുടെയും നിയമനടപടികളുടെയും ബഹളങ്ങള്‍ക്കിടെ, 1952ല്‍ ചാപ്ലിന്‍ അമേരിക്ക വിട്ടു. എങ്കിലും കമ്മ്യൂണിസ്റ്റ് വിരുദ്ധതയെ കളിയാക്കുന്ന എ കിംഗ് ഇന്‍ ന്യൂയോര്‍ക്ക് പോലുള്ള ചിത്രങ്ങള്‍ ചാപ്ലിന്‍ വീണ്ടും നിര്‍മിച്ചുകൊണ്ടിരുന്നു. 1970കളില്‍, തന്റെ 80ാം വയസ്സിലേക്ക് കടക്കുമ്പോഴും പുതിയ സിനിമകളെക്കുറിച്ചുള്ള ചര്‍ച്ചകളിലും എഴുത്തിലുമായിരുന്നു ചാപ്ലിന്‍. കഠിനമായ ശാരീരിക അവശതകള്‍ അലട്ടിയിരുന്ന ചാപ്ലിന്‍, 1977 ഡിസംബര്‍ 25ന് സ്വിറ്റസര്‍ലന്റില്‍ വച്ച് അന്തരിച്ചു.

മരണത്തിനു ശേഷവും ചാപ്ലിന്റെ ജീവിതത്തില്‍ വിവാദങ്ങളൊഴിഞ്ഞില്ല. മാസങ്ങള്‍ക്കു ശേഷം, ചാപ്ലിന്റെ ശവകുടീരം തുറന്നിരിക്കുന്നതായി പരിസരവാസികള്‍ കണ്ടെത്തി. കല്ലറയില്‍ നിന്നും ചാപ്ലിന്റെ ഭൗതികാവശിഷ്ടങ്ങള്‍ നഷ്ടമായിരുന്നു. പരിഭ്രാന്തരായ ബന്ധുക്കളെത്തേടി ദിവസങ്ങള്‍ക്കു ശേഷം ഒരു വിലപേശല്‍ സന്ദേശമെത്തി. ഊന ചാപ്ലിനില്‍ നിന്നും പണം തട്ടുക എന്ന ഉദ്ദേശത്തോടെ ചിലര്‍ ചാപ്ലിന്റെ മൃതശരീരം മോഷ്ടിക്കുകയായിരുന്നു. എന്നാല്‍ പൊലീസ് ചാപ്ലിന്റെ മൃതദേഹം കണ്ടെടുക്കുകയും, പിന്നീട് പുതിയൊരു ശവകുടീരത്തില്‍ കോണ്‍ക്രീറ്റു ചെയ്ത് അടക്കം ചെയ്യുകയും ചെയ്തു.

ചലച്ചിത്രലോകത്തിന് അളവില്‍ക്കവിഞ്ഞ സംഭാവനകള്‍ നല്‍കി കടന്നുപോയിട്ടും, ചാര്‍ലി ചാപ്ലിന്‍ ഇന്നും കാഴ്ചക്കാരെ ആര്‍ത്തുചിരിപ്പിക്കുകയാണ്. പാകമല്ലാത്ത പാന്റും ടൂത്ത്ബ്രഷ് മീശയും പോലുള്ള കറുത്ത തൊപ്പിയും ധരിച്ച ട്രാംപിന്റെ രൂപത്തില്‍ ചാപ്ലിന്‍ എന്ന കലാകാരന്‍ ലോകമെങ്ങും ഇന്നും ഓര്‍മിക്കപ്പെടുന്നു. ചേഷ്ടകള്‍ കൊണ്ടും ശരീരചലനങ്ങള്‍ കൊണ്ടും കാണികളെ ചിരിപ്പിക്കുന്നയാളായല്ല, മറിച്ച്, പണവും അധികാരവുമുള്ളവന്റെ ലോകത്ത് അതിജീവിക്കാന്‍ പല വിദ്യകളും പയറ്റുന്ന ട്രാംപിനെ നൂറ്റാണ്ടുകള്‍ക്കപ്പുറത്തേക്കുള്ള ഒരു സന്ദേശമായി വാര്‍ത്തുവച്ച കലാകാരനായാണ് ചാര്‍ലി ചാപ്ലിന്‍ അടയാളപ്പെടുത്തപ്പെടുന്നത്.

മഴയത്ത് നടക്കാനാണെനിക്കിഷ്ടം എന്നാല്‍ എന്റെ കണ്ണീരിനെ ആര്‍ക്കും കാണാന്‍ കഴിയില്ലല്ലോ എന്നായിരുന്നു ഒരിക്കല്‍ ചാപ്ലിന്‍ പറഞ്ഞിരുന്നത്. ട്രാംപിന്റെ നിസ്സഹായതകളിലും ദയനീയമായ ചെറുത്തുനില്‍പ്പുകളിലും ഹാസ്യം കാണുന്നവര്‍ക്ക് തൊട്ടടുത്ത നിമിഷം യാഥാര്‍ത്ഥ്യത്തിന്റെ വെളിപാടുണ്ടാക്കി ഞെട്ടിക്കുന്ന ചാപ്ലിന്‍ മാജിക് ഇനി വരാനിരിക്കുന്ന തലമുറകളെയും അതിശയിപ്പിക്കും. ഒപ്പം, തെരുവില്‍ നിന്നും ലോകസിനിമയുടെ നെറുകയിലേക്ക് നടന്നുകയറിയ ഒരു പത്തുവയസ്സുകാരന്റെ കഥയും.


Content Highlight: Life story of charlie chaplin