ആമസോണിന്റെ ഞെട്ടിപ്പിക്കുന്ന വളര്‍ച്ചയോടെ, ബെസോസ് എന്ന സംരംഭകന്റെ ബിസിനസ് ശൈലി കൂടിയാണ് ചര്‍ച്ചയായത്. വളരെപ്പെട്ടന്ന് വളര്‍ച്ച നേടുക എന്നതായിരുന്നു ആമസോണിനായി ബെസോസ് പിന്തുടര്‍ന്ന തന്ത്രം. വിപണിയില്‍ അപ്രമാദിത്വം സ്ഥാപിക്കാന്‍, കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ സാധ്യമായ രീതിയിലെല്ലാം ബെസോസ് വ്യാപിപ്പിച്ചു. ലാഭവിഹിതത്തിന്റെ നല്ലൊരു പങ്ക് ഇതിനായി തിരികെ ബിസിനസില്‍ തന്നെ നിക്ഷേപിച്ചു. എതിരാളികളെ മറക്കുക, ഉപഭോക്താക്കളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക എന്നതാണ് ബെസോസ് തന്റെ സ്ഥാപനത്തിലെ തൊഴിലാളികള്‍ക്ക് നല്‍കുന്ന നിര്‍ദ്ദേശം.
വര്‍ഷം 1982. അമേരിക്കയിലെ മിയാമിയിലുള്ള പാള്‍മെറ്റോ ഹൈസ്‌കൂളിലെ അവസാനവര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കായുള്ള വിടവാങ്ങല്‍ച്ചടങ്ങ് നടക്കുകയാണ്. സ്‌കൂളിലെ പതിവനുസരിച്ച്, പരീക്ഷയില്‍ വിജയിച്ചവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യുന്ന പ്രധാനപ്പെട്ട ചടങ്ങാണത്. ആ വര്‍ഷം പരീക്ഷയെഴുതിയ 680 പേരില്‍ ഏറ്റവും ഉയര്‍ന്ന മാര്‍ക്കു വാങ്ങിയ മിടുക്കനായ വിദ്യാര്‍ത്ഥിയെ, ക്ലാസിനെ പ്രതിനിധീകരിച്ച് ഗ്രാജുവേഷന്‍ സ്പീച്ച് നടത്താന്‍ സ്‌കൂളധികൃതര്‍ ചുമതലപ്പെടുത്തിയിരുന്നു.
ആത്മവിശ്വാസത്തോടെ സദസ്സിനെ സമീപിച്ച ആ കൗമാരക്കാരന്‍, ഭാവിയെക്കുറിച്ചുള്ള തന്റെ സ്വപ്നങ്ങളും പദ്ധതികളുമാണ് അന്ന് പങ്കുവച്ചത്. ‘മനുഷ്യരാശിയുടെ ഭാവി ഈ ഗ്രഹത്തിലല്ല. നമ്മുടെ സംസ്‌കൃതി ഇനി വികസനം കൈവരിക്കാന്‍ പോകുന്നത് ഭൂമിക്കു പുറത്താണ്. ബഹിരാകാശത്ത് ഭൂമിയെ വലംവയ്ക്കുന്ന ആകാശ ഹോട്ടലുകളും അമ്യൂസ്‌മെന്റ് പാര്‍ക്കുകളും ഉല്ലാസനൗകകളും ഞാന്‍ പണിയും. രണ്ടോ മൂന്നോ മില്യണ്‍ മനുഷ്യരടങ്ങുന്ന ബഹിരാകാശ കോളനികള്‍ നിര്‍മിക്കും. ഭൂമിയെ സംരക്ഷിക്കുക എന്നതാണ് ഈ ആശയത്തിനു പിന്നിലെ ലക്ഷ്യം. എല്ലാ മനുഷ്യരെയും ഇവിടെ നിന്നും പുറത്തെത്തിച്ച ശേഷം ഭൂമിയെ നമ്മള്‍ വലിയൊരു ദേശീയോദ്യാനമാക്കി സംരക്ഷിക്കും’.
പ്രസംഗം കേട്ടുകൊണ്ടിരുന്ന അധ്യാപകരും രക്ഷിതാക്കളും ചെറുതായി ഞെട്ടുക തന്നെ ചെയ്തു. ഒരു സ്‌കൂള്‍ വിദ്യാര്‍ത്ഥിയില്‍ നിന്നും പ്രതീക്ഷിക്കാവുന്ന ആശയങ്ങളായിരുന്നില്ല അത്. എന്നാല്‍, ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായുള്ള നാസയുടെ ക്യാമ്പുകളില്‍ പലതവണ ഇടം നേടിയിട്ടുള്ള ഒരു മിടുക്കന്റെ വാക്കുകളായതിനാല്‍, അതൊരു സയന്‍സ് ഫിക്ഷന്‍ കഥ പോലെ ലഘുവായി എടുക്കാനും അവര്‍ക്കു തോന്നിയില്ല. കേള്‍ക്കുന്നവര്‍ക്കെല്ലാം കൗതുകം തോന്നിപ്പിക്കുന്ന ആ ഹൈസ്‌കൂള്‍ പ്രസംഗത്തെക്കുറിച്ച് പിറ്റേന്ന് മിയാമി ഹെറാള്‍ഡ് എന്ന പ്രാദേശിക ദിനപത്രത്തില്‍ ചെറിയൊരു വാര്‍ത്തയും വന്നു. പക്ഷെ, സഹപാഠികളും അധ്യാപകരും ചടങ്ങില്‍ പങ്കുചേര്‍ന്ന മറ്റുള്ളവരുമെല്ലാം ആ കൊച്ചു പ്രസംഗത്തെക്കുറിച്ച് വളരെപ്പെട്ടന്നു തന്നെ മറന്നുപോയി.
എന്നാല്‍, ബഹിരാകാശത്ത് കോളനികള്‍ സ്ഥാപിച്ച് ഗോളാന്തരസാമ്രാജ്യങ്ങള്‍ പടുത്തുയര്‍ത്താനുള്ള ആഗ്രഹം അന്നത്തെ ആ വിദ്യാര്‍ത്ഥി മാത്രം മറന്നില്ല.. നാല്‍പ്പതു വര്‍ഷങ്ങള്‍ക്കിപ്പുറം, 2021 ജൂലൈ 20ന്, അമേരിക്കയിലെ വെസ്റ്റ് ടെക്‌സസില്‍ നിന്നും അയാളെയും വഹിച്ചു കൊണ്ട് ന്യൂഷെപ്പേഡ് എന്ന ബൂസ്റ്റര്‍ റോക്കറ്റ് കുതിച്ചുയര്‍ന്നു. ബഹിരാകാശ വിദഗ്ധരോ പൈലറ്റുകളോ ഇല്ലാത്ത, പരിചയസമ്പന്നരല്ലാത്ത ടൂറിസ്റ്റുകള്‍ മാത്രം അടങ്ങിയ ആ സംഘം ചരിത്രത്തില്‍ തൊട്ടുകൊണ്ടാണ് തിരികെ ഭൗമോപരിതലത്തില്‍ ഇറങ്ങിയത്.
1982ലെ ഒരു പ്രാദേശിക പത്രത്തിലെ ചെറുകോളത്തില്‍ നിന്നും 2021ല്‍ ലോകമെങ്ങും ചര്‍ച്ച ചെയ്യപ്പെടുന്ന പേരായി അയാള്‍ വളര്‍ന്നു കഴിഞ്ഞിരിക്കുന്നു. കോര്‍പ്പറേറ്റ് ഭീമന്മാരും മാര്‍ക്കറ്റിംഗ് വിദഗ്ധരും അയാളെയും അയാളുടെ ബിസിനസ് പദ്ധതികളെയും ആഴത്തില്‍ പഠിക്കുന്നു. കണ്ണടച്ചു തുറക്കുന്ന നേരത്തിനുള്ളില്‍ ലോകരാഷ്ട്രങ്ങളില്‍ അയാളുടെ വാണിജ്യശൃംഖല കെട്ടിപ്പടുക്കപ്പെടുന്നു. ബിസിനസ് സ്‌കൂളുകളില്‍ അയാളുടെ മാനേജ്‌മെന്റ് തന്ത്രങ്ങള്‍ പാഠപുസ്തകങ്ങളാകുന്നു. ആഗോള വാണിജ്യരംഗത്തെ പതിയെ കൈപ്പിടിയിലൊതുക്കിക്കൊണ്ടിരിക്കുന്ന ആ അമേരിക്കന്‍ ബിസിനസുകാരന്റെ പേര് ജെഫ് ബെസോസ് എന്നാണ്. ലോകമെങ്ങുമുള്ള റീടെയില്‍ വിപണികളെ പാടെ മാറ്റിമറിച്ച ആമസോണ്‍ എന്ന ഇ-കൊമേഴ്‌സ് കമ്പനിയുടെ സ്ഥാപകന്‍. ബഹിരാകാശ ടൂറിസം എന്ന ലക്ഷ്യത്തിലൂന്നി പ്രവര്‍ത്തിക്കുന്ന ബ്ലൂ ഒറിജിന്റെ അമരക്കാരന്‍. ഏറ്റവും പുതിയ കണക്കുകളനുസരിച്ച്, ലോകത്തിലെ ഏറ്റവും സമ്പന്നനായ മനുഷ്യന്‍ – ജെഫ് ബെസോസ്.
ജെഫ് ബെസോസ്
ഫോബ്‌സ് മാസിക പുറത്തുവിടുന്ന ലോകധനികരുടെ പട്ടികയിലെ ആദ്യത്തെ സെന്റിബില്യണയറായ ജെഫ് ബെസോസിന്റെ നിലവിലെ ആസ്തി 200 ബില്യണിലും മേലെയാണ്. ഫോബ്‌സ് പട്ടിക പുറത്തുവരാന്‍ തുടങ്ങിയതിനു ശേഷം ബെസോസിനെക്കാള്‍ സമ്പന്നരായ മറ്റാരും ഇന്നേവരെ അതില്‍ ഇടംനേടിയിട്ടില്ല. ആധുനിക ചരിത്രത്തിലെ ഏറ്റവും ധനികനായ മനുഷ്യന്‍ എന്നു പോലും വിശേഷിപ്പിക്കപ്പെടുന്ന ബെസോസ് തന്റെ യാത്ര തുടങ്ങിയത് വളരെ പരിമിതമായ സാഹചര്യങ്ങളില്‍ നിന്നായിരുന്നു.
ബെസോസിന്റെ വീടിനോടു ചേര്‍ന്നുള്ള ഗാരേജില്‍ പ്രവര്‍ത്തനമാരംഭിച്ച ആമസോണ്‍ കമ്പനിയെക്കുറിച്ചുള്ള കഥകള്‍ നമുക്കറിയാം. മുറിയുടെ ഒരു കോണില്‍ ചേര്‍ത്തിട്ട ഒറ്റ ഡെസ്‌കില്‍, വെറുമൊരു കമ്പ്യൂട്ടര്‍ മാത്രം മുടക്കുമുതലാക്കി, ‘ആമസോണ്‍.കോം’ എന്ന് പെയിന്റിലെഴുതിയ ബാനര്‍ ഭിത്തിയിലൊട്ടിച്ച ആ ഓഫീസിന്റെ ചിത്രവും നമ്മള്‍ കണ്ടിട്ടുള്ളതാണ്. എന്നാല്‍, ഇതുവരെ കേട്ടുപഴകിയിട്ടുള്ള എല്ലാ വിജയകഥകളില്‍ നിന്നും ഏറെ വ്യത്യസ്തമാണ് ബെസോസിന്റെയും ആമസോണിന്റെയും ഇതുവരെയുള്ള ചരിത്രം.
പഴയകാല ഓഫീസിന്റെ ചിത്രം
ജഫ്രി പ്രെസ്റ്റണ്‍ ജോര്‍ജന്‍സണ്‍ എന്ന ജെഫ് ബെസോസിന്റെ ജനനം 1964 ജനുവരി 12ന് അമേരിക്കയിലെ അല്‍ബുക്കര്‍ക്കിയിലായിരുന്നു. അമ്മ ജാക്കലിനും അച്ഛന്‍ ടെഡും വേര്‍പിരിഞ്ഞ ശേഷം, രണ്ടാനച്ഛനായ മിഗ്വേല്‍ ബെസോസ് നിയമപരമായി ജെഫിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. നാലു വയസ്സുകാരനായിരുന്ന ജെഫിന്റെ പേരിനോട്, തന്റെ കുടുംബപ്പേരായ ബെസോസ് ചേര്‍ക്കുകയും ചെയ്തു. അല്‍ബുക്കര്‍ക്കിയില്‍ നിന്നും ടെക്‌സാസിലേക്കും പിന്നീട് ഫ്‌ളോറിഡയിലേക്കും കുടുംബം മാറിയപ്പോള്‍, ഹൂസ്റ്റണിലും മയാമിയിലുമായായിരുന്നു ജെഫ് ബെസോസിന്റെ സ്‌കൂള്‍ വിദ്യാഭ്യാസം.
ഇക്കാലയളവില്‍ത്തന്നെ ഊട്ടിയുറപ്പിക്കപ്പെട്ടതാണ് ശാസ്ത്രസാങ്കേതികവിദ്യകളിലുള്ള ബെസോസിന്റെ കൗതുകവും പ്രാവീണ്യവും. മയാമിയിലെ പാള്‍മെറ്റോ ഹൈസ്‌കൂളിലെ പഠനത്തിനു ശേഷം പ്രിന്‍സ്റ്റണ്‍ യൂണിവേഴ്‌സിറ്റിയിലെത്തിയ ബെസോസ്, ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗിലും കംപ്യൂട്ടര്‍ സയന്‍സിലും ഉയര്‍ന്ന മാര്‍ക്കോടെ ബിരുദം നേടി.
പ്രിന്‍സ്റ്റണില്‍ നിന്നും ബിരുദധാരിയായി പുറത്തിറങ്ങിയ ബെസോസിനെ കാത്തിരുന്നത് ഏതൊരു പുതുമുഖവും കൊതിക്കുന്ന മികച്ച അവസരങ്ങളാണ്. ഇന്റല്‍, ബെല്‍ ലാബ്‌സ്, ആന്‍ഡേഴ്‌സണ്‍ കണ്‍സള്‍ട്ടിംഗ് എന്നിങ്ങനെ അന്നത്തെ ടെക്‌നോളജി ഭീമന്മാരെല്ലാം ബെസോസിനെ തങ്ങള്‍ക്കൊപ്പം ചേരാന്‍ ക്ഷണിച്ചു.എന്നാല്‍, ഫിന്‍ടെല്‍ എന്ന ടെലികമ്യൂണിക്കേഷന്‍ സ്റ്റാര്‍ട്ടപ്പിനെയാണ് ബെസോസ് തെരഞ്ഞെടുത്തത്. വളരെപ്പെട്ടന്നു തന്നെ സ്ഥാനക്കയറ്റങ്ങള്‍ നേടി ജോലിയില്‍ മികച്ച പ്രകടനം കാഴ്ചവച്ചെങ്കിലും, ബെസോസിന്റെ യഥാര്‍ത്ഥ ലക്ഷ്യം അപ്പോഴും അകലെയായിരുന്നു. അധികം വൈകാതെ ആദ്യത്തെ കമ്പനിയോടു വിട പറഞ്ഞ് ബെസോസ് ബാങ്കിംഗ് മേഖലയിലേക്ക് കളംമാറ്റിച്ചവിട്ടി. ബാങ്കേഴ്‌സ് ട്രസ്റ്റ് എന്ന സ്ഥാപനത്തിലെ പ്രോഡക്ട് മാനേജരായായിരുന്നു അടുത്ത ജോലി.
തുടര്‍ന്ന് ഡി.ഇ ഷാ ആന്‍ഡ് കോ എന്ന ഹെഡ്ജ് ഫണ്ട് സ്ഥാപനത്തിലെത്തിയ ബെസോസ്, തന്റെ കരിയറിന്റെ ഉന്നതി കണ്ടുതുടങ്ങി. വെറും മുപ്പതാമത്തെ വയസ്സില്‍ ഡി.ഇ ഷാ കമ്പനിയുടെ സീനിയര്‍ വൈസ് പ്രസിഡന്റ് സ്ഥാനത്ത് ബെസോസ് എത്തിച്ചേര്‍ന്നു. അനവധി യുവാക്കളുടെ ജീവിതം മാറ്റിമറിച്ച, ആഗോളസമ്പദ്ഘടനയുടെ നിലനില്‍പ്പുതന്നെ നിശ്ചയിക്കുന്ന വാള്‍സ്ട്രീറ്റില്‍, ബെസോസ് സുരക്ഷിതമായൊരു സ്ഥാനം ഉറപ്പാക്കിക്കഴിഞ്ഞിരുന്നു. എന്നാല്‍, ജെഫ് ബെസോസ് എന്ന ബിസിനസുകാരന്റെ ഉദയം ലോകം കാണാനിരിക്കുന്നതേയുണ്ടായിരുന്നുള്ളൂ.
ഇന്റര്‍നെറ്റ് എന്ന സങ്കേതത്തിന്റെ അതിശയകരമായ വളര്‍ച്ചയ്ക്ക് പാശ്ചാത്യലോകം സാക്ഷ്യം വഹിച്ചുകൊണ്ടിരുന്ന കാലഘട്ടമായിരുന്നു അത്. ക്ഷണനേരത്തിനുള്ളില്‍ വികസിച്ചുകൊണ്ടിരിക്കുന്ന ഇന്റര്‍നെറ്റ്, ഭാവിയില്‍ ലോകത്തെയാകെ കൂട്ടിയിണക്കുന്ന കണ്ണിയാകും എന്ന് ഗവേഷകര്‍ അന്നേ അഭിപ്രായപ്പെട്ടിരുന്നു. ഇന്റര്‍നെറ്റിന്റെ ലോകം തനിക്കു മുന്നിലും അനന്തമായ സാധ്യതകളാണ് തുറന്നിടുന്നതെന്ന് തിരിച്ചറിയാന്‍ ബെസോസിന് അധികകാലം വേണ്ടിവന്നില്ല. 2300 ശതമാനമാണ് വേള്‍ഡ് വൈഡ് വെബിന്റെ വളര്‍ച്ചാനിരക്ക് എന്ന് മനസ്സിലാക്കിയ ബെസോസ്, തന്റെ ജീവിതത്തിലെ സുപ്രധാനമായ ഒരു തീരുമാനമെടുത്തു.
കരിയറിന്റെ ഏറ്റവും മികച്ച ഘട്ടത്തില്‍ നില്‍ക്കുമ്പോള്‍, ഡി.ഇ ഷാ കമ്പനിയിലെ ഉയര്‍ന്ന ജോലി അയാള്‍ ഉപേക്ഷിച്ചു. സ്വന്തമായി ഒരു ഓണ്‍ലൈന്‍ ബുക്ക്‌സ്റ്റോര്‍ തുടങ്ങുക എന്നതായിരുന്നു പദ്ധതി. ആനമണ്ടത്തരം എന്ന് പലരും വിധിയെഴുതിയ ഈ തീരുമാനം ഭാവിയില്‍ ലോകത്തെങ്ങുമുള്ള ജനങ്ങളുടെ ഉപഭോഗരീതികളെത്തന്നെ മാറ്റിമറിക്കുന്ന ഒരു പ്രസ്ഥാനത്തിന്റെ ആരംഭമായിരുന്നു.
1994ല്‍, ബെസോസിന്റെ നേതൃത്വത്തില്‍ ‘കഡാബ്ര’ എന്ന പേരില്‍ ഒരു ഓണ്‍ലൈന്‍ ബുക്ക്‌സ്റ്റോര്‍ സിയാറ്റിലില്‍ പ്രവര്‍ത്തനമാരംഭിച്ചു. ബെസോസിന്റെ മാതാപിതാക്കളുടെ കൈയില്‍ ആകെയുള്ള നീക്കിയിരിപ്പായ മൂന്ന് ലക്ഷം ഡോളറായിരുന്നു സ്ഥാപനത്തിന്റെ മൂലധനം. വീടിനോടു ചേര്‍ന്നുള്ള ഗരാജില്‍, ഒന്നോ രണ്ടോ സ്റ്റാഫുകളുമായി പുസ്തക ഡെലിവറിയ്ക്കുള്ള വെബ്‌സൈറ്റ് തയ്യാറാക്കിക്കൊണ്ടായിരുന്നു കഡാബ്രയുടെ തുടക്കം.
അധികം വൈകാതെ തന്നെ, കഡാബ്ര എന്ന പേര് ബെസോസ് മാറ്റിയെഴുതി. ഓണ്‍ലൈന്‍ സേര്‍ച്ചുകളില്‍ വെബ്‌സൈറ്റുകള്‍ അക്കാലത്ത് പ്രത്യക്ഷപ്പെട്ടിരുന്നത് അക്ഷരമാലാക്രമത്തിലായതിനാല്‍, ഉപഭോക്താക്കളുടെ കണ്ണില്‍ ആദ്യം ഉടക്കാന്‍ ‘എ’യില്‍ ആരംഭിക്കുന്ന ഒരു പേരുതന്നെ വേണമായിരുന്നു. തെക്കേ അമേരിക്കയിലെ ആമസോണ്‍ നദിയുടെ പേര് കടമെടുത്ത്, ബെസോസ് തന്റെ സ്ഥാപനത്തിന് ആമസോണ്‍.കോം എന്ന് പേരിട്ടു. ലോകത്തിലെ ഏറ്റവും വലിയ നദിയുടെ പേര്, തന്റെ സ്ഥാപനത്തെ ലോകത്തിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ ബുക്ക്‌സ്റ്റോറാക്കി മാറ്റട്ടെ എന്നയാള്‍ പ്രത്യാശിച്ചു.
1996ലെ ഒരു ചിത്രം
പ്രവര്‍ത്തിച്ചുതുടങ്ങി ഒരു മാസത്തിനുള്ളില്‍ അമേരിക്ക മുഴുവനിലും മറ്റ് 45 രാജ്യങ്ങളിലും പുസ്തകങ്ങള്‍ എത്തിച്ചുകൊണ്ട് ആമസോണ്‍.കോം വളര്‍ച്ചയാരംഭിച്ചു. ആദ്യകാലഘട്ടത്തില്‍ പലപ്പോഴും, സി.ഇ.ഒ ആയ ബെസോസ് തന്റെ സ്വന്തം കാറില്‍ പുസ്തകങ്ങള്‍ ഡെലിവര്‍ ചെയ്തു. മൂന്നു വര്‍ഷങ്ങള്‍ക്കകം, പുസ്തക റീട്ടെയില്‍ വിപണിയിലെ ഭീമന്മാരെ മറികടന്നുകൊണ്ട് ആമസോണ്‍ മുന്നോട്ടു കുതിച്ചു.
തന്റെ ഗാരേജിന്റെ ഒരു കോണില്‍ ആ സ്ഥാപനം തുറക്കുമ്പോള്‍ത്തന്നെ, അടുത്തതായി ഇന്റര്‍നെറ്റുവഴി വിപണി സൃഷ്ടിക്കേണ്ട ഇരുപത് ഉല്‍പ്പന്നങ്ങളുടെ പട്ടിക ബെസോസിന്റെ കൈവശമുണ്ടായിരുന്നു. ഇന്റര്‍നെറ്റ് എന്താണെന്ന് പൂര്‍ണമായി മനസ്സിലാക്കാന്‍ പോലും ലോകം വളര്‍ന്നിട്ടില്ലാത്ത ഒരു കാലഘട്ടത്തില്‍, ഓണ്‍ലൈന്‍ റീട്ടെയില്‍ വ്യാപാരശൃംഖല കെട്ടിപ്പടുക്കാനുള്ള പദ്ധതി ആസൂത്രണം ചെയ്യുകയായിരുന്നു അയാള്‍.
ചുരുങ്ങിയ കാലത്തിനുള്ളില്‍ത്തന്നെ ആമസോണ്‍ പുസ്തകങ്ങളില്‍ നിന്നും മ്യൂസിക്കിലേക്കും പിന്നീട് ഇലക്ട്രോണിക്‌സിലേക്കും വിപണി വ്യാപിപ്പിച്ചു. നിത്യോപയോഗ വസ്തുക്കളും മറ്റ് ഉല്‍പന്നങ്ങളും ഉള്‍പ്പെടുത്തിക്കൊണ്ട് ആമസോണിന്റെ ഓണ്‍ലൈന്‍ റീട്ടെയില്‍ വ്യാപാരം ഞൊടിയിടയിലാണ് വികസിച്ചത്. പിന്നീടങ്ങോട്ടുള്ള ആമസോണിന്റെ വളര്‍ച്ച അതിവേഗത്തിലായിരുന്നു. വരുമാനമായി ലഭിക്കുന്ന തുകയെല്ലാം തിരികെ ബിസിനസില്‍ത്തന്നെ നിക്ഷേപിച്ച്, ഒരു ഡോളര്‍ പോലും ലാഭമായി കൈപ്പറ്റാതെയായിരുന്നു ആദ്യകാലത്ത് ആമസോണിന്റെ പ്രവര്‍ത്തനം. പതിയെ ആമസോണ്‍ ചെറുകിട കമ്പനികളെ വിലയ്ക്കുവാങ്ങാന്‍ ആരംഭിച്ചു.
ഇത്തരം അധികച്ചെലവുകള്‍ 2002ല്‍ സ്ഥാപനത്തെ വലിയ സാമ്പത്തിക ബാധ്യതകളിലേക്ക് തള്ളിവിട്ടെങ്കിലും, തൊട്ടടുത്ത വര്‍ഷം 400 മില്യണ്‍ ഡോളര്‍ ലാഭവിഹിതമുണ്ടാക്കി ആമസോണ്‍ കൂടുതല്‍ ശക്തമായി തിരിച്ചുവന്നു. ഇ-ബുക്കുകള്‍ വാങ്ങാനും സൂക്ഷിക്കാനും വായിക്കാനും സഹായിക്കുന്ന ആമസോണ്‍ കിന്‍ഡില്‍ എന്ന ഇ-റീഡര്‍ 2007ല്‍ ബെസോസ് അവതരിപ്പിച്ചു. പുസ്തകപ്രസാധന രംഗത്തെ വിപ്ലവകരമായ മാറ്റമായിരുന്നു കില്‍ഡില്‍ ഇ-റീഡര്‍. 2013ഓടെ, ലോകത്തിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ റീട്ടെയിലറായി ആമസോണ്‍ മാറി.
ആമസോണിന്റെ ഞെട്ടിപ്പിക്കുന്ന വളര്‍ച്ചയോടെ, ബെസോസ് എന്ന സംരംഭകന്റെ ബിസിനസ് ശൈലി കൂടിയാണ് ചര്‍ച്ചയായത്. വളരെപ്പെട്ടന്ന് വളര്‍ച്ച നേടുക എന്നതായിരുന്നു ആമസോണിനായി ബെസോസ് പിന്തുടര്‍ന്ന തന്ത്രം. വിപണിയില്‍ അപ്രമാദിത്വം സ്ഥാപിക്കാന്‍, കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ സാധ്യമായ രീതിയിലെല്ലാം ബെസോസ് വ്യാപിപ്പിച്ചു. ലാഭവിഹിതത്തിന്റെ നല്ലൊരു പങ്ക് ഇതിനായി തിരികെ ബിസിനസില്‍ തന്നെ നിക്ഷേപിച്ചു.
എതിരാളികളെ മറക്കുക, ഉപഭോക്താക്കളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക എന്നതാണ് ബെസോസ് തന്റെ സ്ഥാപനത്തിലെ തൊഴിലാളികള്‍ക്ക് നല്‍കുന്ന നിര്‍ദ്ദേശം. ബെസോസ് കോര്‍പ്പറേറ്റ് മീറ്റിങ്ങുകളില്‍ പിന്തുടരുന്ന ‘ടു പിസ’ നിയമവും ശ്രദ്ധേയമാണ്. ബോര്‍ഡ് റൂമിലെ എല്ലാവര്‍ക്കും ഭക്ഷണമൊരുക്കാന്‍ രണ്ട് പിസകള്‍ മാത്രം മതിയാവുന്ന തരത്തിലായിരിക്കണം മീറ്റിംഗുകളിലെ അംഗസംഖ്യ എന്നതാണ് ബെസോസിന്റെ നയം.
ഓണ്‍ലൈന്‍ ഗ്രോസറി ഡെലിവറി സര്‍വീസായ ആമസോണ്‍ ഫ്രെഷ്, ഒടിടി പ്ലാറ്റ്‌ഫോമായ ആമസോണ്‍ പ്രൈം, അലക്‌സ എന്ന വിര്‍ച്വല്‍ അസിസ്റ്റന്റ്, എക്കോ എന്ന പേരില്‍ പുറത്തിറങ്ങുന്ന സ്മാര്‍ട്ട് സ്പീക്കറുകള്‍ എന്നിങ്ങനെ ആമസോണ്‍.കോം ഇപ്പോഴും വളര്‍ന്നുകൊണ്ടിരിക്കുകയാണെങ്കിലും, ബെസോസിന്റെ സംരംഭങ്ങള്‍ ഈ സ്ഥാപനത്തില്‍ ഒതുങ്ങുന്നതല്ല. അമേരിക്കയിലെ മുന്‍നിര ദിനപത്രമായ വാഷിംഗ്ടണ്‍ പോസ്റ്റ് 2013ല്‍ ബെസോസ് വാങ്ങിയിരുന്നു. ഓണ്‍ലൈന്‍ വായനക്കാരുടെ എണ്ണത്തിലെ വളര്‍ച്ചയോടെ, പ്രചാരത്തില്‍ ഒന്നാംസ്ഥാനത്താണ് വാഷിംഗ്ടണ്‍ പോസ്റ്റ് ഇപ്പോള്‍.
പഴയ ബഹിരാകാശ സ്വപ്നങ്ങളിലേക്കുള്ള വഴിയായി 2000ല്‍ ആരംഭിച്ച ബ്ലൂ ഒറിജിന്‍ എന്ന സ്വകാര്യ എയറോസ്‌പേസ് കമ്പനിയാണ് ബെസോസിന്റെ നേതൃത്വത്തിലുള്ള മറ്റൊരു പദ്ധതി. ബഹിരാകാശ യാത്രകളുടെ ചെലവ് കുറയ്ക്കുക, കൂടുതല്‍ ആളുകളെ ബഹിരാകാശ യാത്രകള്‍ക്ക് സജ്ജരാക്കുക എന്നതെല്ലാമാണ് ബ്ലൂ ഒറിജിന്റെ ലക്ഷ്യങ്ങള്‍. റിച്ചാര്‍ഡ് ബ്രാന്‍സണും എലോണ്‍ മസ്‌കിനുമൊപ്പം, ‘കമേഴ്‌സ്യല്‍ സ്‌പേസ് ലിഫ്റ്റ്’ എന്ന കച്ചവടാശയം മുന്നോട്ടുവയ്ക്കുന്നവരില്‍ പ്രധാനിയാണ് ബെസോസ് ഇപ്പോള്‍. അനേകം പരീക്ഷണപ്പറക്കലുകള്‍ക്കു ശേഷം, 2021 ജൂലായ് 20ന് ബെസോസും സഹോദരനുമടക്കം നാലു പേരെ വഹിച്ചുകൊണ്ട് ബ്ലൂ ഒറിജിന്റെ എന്‍എസ്-16 മിഷന്‍ വിജയകരമായി ബഹിരാകാശ യാത്ര നടത്തിയിരുന്നു.
ബഹിരാകാശ യാത്ര നടത്തിയ ജെഫ് ബെസോസും സംഘവും
പര്യവേക്ഷകര്‍ സഞ്ചരിക്കുന്നതിനു സമാനമായ യാത്രയല്ലെങ്കിലും, ബ്ലൂ ഒറിജിന്റെ പേടകം ബഹിരാകാശാതിര്‍ത്തിയായി നിര്‍ണ്ണയിക്കപ്പെട്ടിട്ടുള്ള കാര്‍മെന്‍ ലൈന്‍ കടക്കുകയും, സുരക്ഷിതമായി തിരിച്ചെത്തുകയും ചെയ്തു. ബഹിരാകാശ ടൂറിസ്റ്റുകള്‍ക്ക് ഇത്തരം യാത്രകള്‍ നടത്താന്‍ വിദ്ഗധരുടെയോ പൈലറ്റിന്റെ തന്നെയുമോ സഹായം ആവശ്യമില്ലെന്നും, പണം മുടക്കാന്‍ തയ്യാറായ ഏതൊരു വ്യക്തിക്കും ഇത് സാധ്യമാകുമെന്നും തെളിയിക്കുകയായിരുന്നു ഈ 11 മിനുറ്റ് യാത്രയുടെ ലക്ഷ്യം. ഈ ലക്ഷ്യത്തില്‍ ബെസോസ് വിജയിക്കുകയും ചെയ്തു.
2021 ഫെബ്രുവരിയില്‍ ആമസോണ്‍ സി.ഇ.ഒ സ്ഥാനത്തു നിന്നും താന്‍ പടിയിറങ്ങുന്നതായി ബെസോസ് അറിയിച്ചിരുന്നു. സ്ഥാനം ആന്‍ഡി ജാസ്സിയ്ക്കു കൈമാറിയ ശേഷം, ആമസോണ്‍ ബോര്‍ഡിന്റെ എക്‌സിക്യുട്ടീവ് ചെയര്‍മാനായി ബെസോസ് പുതിയ ചുമതലയേറ്റത് ബ്ലൂ ഒറിജിന്റെ പദ്ധതികളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്താനാണെന്നാണ് നിരീക്ഷിക്കപ്പെടുന്നത്.
ബെസോസ് എക്‌സ്‌പെഡിഷന്‍സിന്റെയും ഡേ 1 ഫണ്ടിന്റെയും പേരില്‍ പലതരം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും സഹായപദ്ധതികള്‍ക്കും നേതൃത്വം നല്‍കുന്നുണ്ടെങ്കിലും, ആമസോണിന്റെ ഉദയം മുതല്‍ ഇതുവരെയുള്ള മൂന്നു പതിറ്റാണ്ടുകള്‍ക്കിടയില്‍ ബെസോസിനെതിരെ ഉയര്‍ന്നുവന്നിട്ടുള്ള ആരോപണങ്ങളും അനവധിയാണ്.
ജീവനക്കാരോടുള്ള മോശമായ പെരുമാറ്റം മുതല്‍ ഉപഭോക്താക്കളുടെ സ്വകാര്യഡാറ്റ ചോര്‍ത്തുന്നതുവരെയുള്ള ഗുരുതരമായ പല നടപടികളും ഇക്കൂട്ടത്തിലുണ്ട്. മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപുമായുള്ള ബെസോസിന്റെ ഉരസലുകള്‍ വാര്‍ത്തകളില്‍ ഇടംനേടിയിരുന്നു. വില്‍പ്പന നികുതി തട്ടിപ്പടക്കമുള്ള പല ആരോപണങ്ങളും ബെസോസിനെതിരെ ട്രംപ് മുന്നോട്ടുവച്ചിട്ടുണ്ട്.
ആമസോണിലെ ജീവനക്കാരുടെ ജീവിതനിലവാരത്തിലെ ഇടിവാണ് മറ്റൊരു പ്രധാന വിഷയം. അരിസോണയിലെയും പെന്‍സില്‍വാനിയയിലെയും ആമസോണ്‍ ജീവനക്കാരില്‍ ഏറിയ പങ്കും ഭക്ഷണത്തിനായി സര്‍ക്കാര്‍ വിതരണം ചെയ്യുന്ന ഫുഡ് സ്റ്റാമ്പുകളെ ആശ്രയിക്കേണ്ടിവരുന്നു എന്നായിരുന്നു വെളിപ്പെടുത്തല്‍. ബഹിരാകാശ യാത്രകള്‍ക്കായി ചെലവഴിക്കുന്ന കോടികളില്‍ ഒരു പങ്ക് തന്റെ ജീവനക്കാര്‍ക്കായി ചെലവഴിച്ചുകൂടേ എന്ന് ബെസോസിനോട് സാമൂഹ്യപ്രവര്‍ത്തകര്‍ ഒന്നടങ്കം ചോദിച്ചു. പ്രതിഷേധങ്ങള്‍ക്കൊടുവില്‍ ബെസോസിന് മിനിമം വേതനം ഉയര്‍ത്തുക തന്നെ ചെയ്യേണ്ടിവന്നു. എങ്കിലും, തൊഴിലിടത്തിലെ ചൂഷണത്തിന്റെ പേരില്‍ ആമസോണ്‍ ഇന്നും പഴികേള്‍ക്കുന്നുണ്ട്.
ഉപഭോക്താക്കളുടെ ആരോഗ്യവുമായി ബന്ധപ്പെട്ടതടക്കമുള്ള സ്വകാര്യ ഡാറ്റ ദുരുപയോഗം ചെയ്യുന്നതായി ആമസോണിനെതിരെ ഇംഗ്ലണ്ടിലും മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലും ഗുരുതര ആരോപണങ്ങളുയര്‍ന്നിരുന്നു. ഫേഷ്യല്‍ റെക്കഗ്നിഷന്‍ ടെക്‌നോളജിയുമായി ബന്ധപ്പെട്ട് സി.ഐ.എയുമായി ആമസോണ്‍ കരാറില്‍ ഏര്‍പ്പെട്ടതും വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. അഭയാര്‍ത്ഥികളെയും കുടിയേറ്റക്കാരെയും പുറന്തള്ളുന്ന അമേരിക്കന്‍ നയത്തിനെതിരെ പരസ്യമായി നിലപാടെടുക്കുമ്പോള്‍ത്തന്നെ, ഈ പുറന്തള്ളലിനെ സഹായിക്കാന്‍ സോഫ്‌റ്റ്വെയറുകള്‍ നിര്‍മിച്ച് രഹസ്യാന്വേഷണ ഏജന്‍സിക്ക് വിതരണം ചെയ്യുന്ന ആമസോണിന്റെ ഇരട്ടത്താപ്പ് ചോദ്യം ചെയ്യണമെന്ന ആവശ്യവും ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്.
ഇന്ത്യയടക്കം പല രാജ്യങ്ങളിലും ചെറുകിട റീട്ടെയില്‍ വ്യാപാരികളെയും മറ്റ് വ്യാപാരശൃംഖലകളെയും കിടമത്സരത്തിനുപോലും ഇടയില്ലാതെ കശക്കിയെറിഞ്ഞുകൊണ്ട്, ഓണ്‍ലൈന്‍ വാണിജ്യരംഗത്ത് അധീശത്വം സ്ഥാപിക്കുന്നുവെന്നതാണ് ആമസോണിനെതിരെയുള്ള മറ്റൊരു പരാതി. കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയും ഓള്‍ ഇന്ത്യ ഓണ്‍ലൈന്‍ വെന്‍ഡേഴ്‌സ് അസോസിയേഷനും അടക്കമുള്ളവര്‍ ഇന്ത്യയില്‍ ആമസോണിനെതിരായ നിയമപോരാട്ടത്തിലാണ്.
ജെഫ് ബെസോസ് ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ എടുത്ത ചിത്രം
വളര്‍ന്നുവരുന്ന സാമ്പത്തികശക്തികളായ ഇന്ത്യയിലും ചൈനയിലും ബെസോസ് വന്‍ ബിസിനസ് സാധ്യതകള്‍ കണ്ടിരുന്നു. ചൈനയില്‍ ആലിബാബ പോലുള്ള ഇ-കൊമേഴ്‌സ് സൈറ്റുകള്‍ ശക്തിപ്രാപിച്ചതോടെ, ഇന്ത്യയെയാണ് ബെസോസ് തന്റെ ബിസിനസ് വ്യാപിപിക്കാനായി തെരഞ്ഞെടുത്തത്. ആമസോണിന്റെ ഗ്ലോബല്‍ സീനിയര്‍ വൈസ് പ്രസിഡന്റ് അമിത് അഗര്‍വാളിന്റെ നേതൃത്വത്തില്‍ ഇന്ത്യയിലും ആമസോണ്‍ വര്‍ഷങ്ങള്‍ക്കുള്ളില്‍ വന്‍ ശക്തിയായി മാറിക്കഴിഞ്ഞു. ഫ്യൂച്ചര്‍ഗ്രൂപ്പ് വിഷയത്തില്‍ റിലയന്‍സുമായുള്ള തര്‍ക്കത്തിലെ താല്‍ക്കാലിക വിജയം കൂടിയായതോടെ, ആമസോണ്‍ ഇന്ത്യയില്‍ അല്‍പം ആഴത്തില്‍ത്തന്നെ വേരുറപ്പിച്ചിരിക്കുകയാണ്.
വിവാദങ്ങള്‍ക്കും നിയമക്കുരുക്കുകള്‍ക്കുമിടയിലും, ആമസോണ്‍ വിജയത്തിന്റെ പാതയില്‍ മുന്നോട്ടുള്ള കുതിപ്പില്‍ത്തന്നെയാണ്, ഒപ്പം ജെഫ് ബെസോസ് എന്ന അമരക്കാരനും. പതിറ്റാണ്ടുകളുടെ സേവനത്തിനു ശേഷം സി.ഇ.ഒ സ്ഥാനം ഉപേക്ഷിച്ചെങ്കിലും, ലോകം ഇന്നും ഉറ്റുനോക്കുന്നത് ബെസോസിനെത്തന്നെയാണ്. വാള്‍സ്ട്രീറ്റിലെ സുരക്ഷിതമായ ഭാവി ഉപേക്ഷിച്ച് ഓണ്‍ലൈന്‍ പുസ്തകക്കട തുടങ്ങാന്‍ തുനിഞ്ഞിറങ്ങിയ മുപ്പതുകാരന്റെ അതേ ആര്‍ജ്ജവത്തോടെ, 57ാം വയസ്സില്‍ സ്വന്തം സ്ഥാപനത്തിന്റെ നേതൃസ്ഥാനത്തുനിന്നുമിറങ്ങി അയാള്‍ നടക്കുന്നത് മറ്റേതോ അത്ഭുതത്തിലേക്കായിരിക്കാം എന്ന പ്രതീക്ഷയാലാണത്.
പൈലറ്റില്ലാ വാഹനത്തില്‍ ബഹിരാകാശാതിര്‍ത്തി കടന്ന് സഞ്ചാരികളെ യാത്രചെയ്യിപ്പിച്ച അയാള്‍ക്കൊരുപക്ഷേ, പഴയ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥി സ്വപ്നം കണ്ട ബഹിരാകാശ കോളനികള്‍ അധികം അകലെയായിരിക്കില്ല എന്ന വിശ്വാസവും അതിലുണ്ട്. ഭൂമിയും കടന്ന് മുന്നോട്ടു കുതിക്കുകയാണ് ജെഫ് ബെസോസിന്റെ ബിസിനസ് മേഖലകള്‍.