Kerala News
ലൈഫ് മിഷന്‍ കേസില്‍ ഒന്നാം പ്രതി യൂണിടാക് എം.ഡിയെന്ന് സി.ബി.ഐ; മുഖ്യമന്ത്രി ഒന്നാം പ്രതിയാകുമെന്ന് രമേശ് ചെന്നിത്തല
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Sep 25, 12:41 pm
Friday, 25th September 2020, 6:11 pm

കൊച്ചി: ലൈഫ് മിഷന്‍ കേസില്‍ യൂണിടാക് ബില്‍ഡേഴ്‌സ് എം.ഡി സന്തോഷ് ഈപ്പന്‍ ഒന്നാം പ്രതിയെന്ന് സി.ബി.ഐ. ലൈഫ് മിഷന്‍ പദ്ധതിയിലെ ക്രമക്കേട് സംബന്ധിച്ച കേസിലാണ് സി.ബി.ഐ അന്വേഷണം ആരംഭിച്ചത്.

ലൈഫ് മിഷന്‍ പദ്ധതിയില്‍ സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് കമ്മീഷന്‍ കൈപ്പറ്റിയെന്ന വെളിപ്പെടുത്തല്‍ വലിയ വിവാദം സൃഷ്ടിച്ചിരുന്നു. കേസ് രജിസ്റ്റര്‍ ചെയ്തതായി കാണിച്ച് സി.ബി.ഐ കൊച്ചിയിലെ പ്രത്യേക സി.ബി.ഐ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ഫോറിന്‍ കോന്‍ട്രിബ്യൂഷന്‍ റെഗുലേഷന്‍ ആക്ട് പ്രകാരമാണ് സി.ബി.ഐ കേസെടുത്തിരിക്കുന്നത്.

അതേ സമയം സി.ബി.ഐയുടെ കേസില്‍ മുഖ്യമന്ത്രി ഒന്നാംപ്രതിയാകുമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രിയെയും തദ്ദേശവകുപ്പ് മന്ത്രിയെയും സി.ബി.ഐ ചോദ്യം ചെയ്യുന്ന അവസ്ഥയായെന്നും മുഖ്യമന്ത്രി രാജിവെക്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. അഴിമതിയും ക്രമക്കേടും പകല്‍പോലെ വ്യക്തമാണെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

സ്വര്‍ണ്ണക്കടത്ത് കേസ് അന്വേഷിക്കുന്ന എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നേരത്തേ ലൈഫ് മിഷന്‍ സി.ഇ.ഒ യു.വി ജോസിനെ ചോദ്യം ചെയ്തിരുന്നു. വിദേശത്തുനിന്നും ഫണ്ട് സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട ചട്ടലംഘനം ലൈഫ് മിഷനില്‍ ഉണ്ടായി എന്നതിന്റെ അടിസ്ഥാനത്തിലാണ് സി.ബി.ഐ കേസെടുത്തിരിക്കുന്നത്.

കഴിഞ്ഞ ദിവസമാണ് സംസ്ഥാനസര്‍ക്കാറിന്റെ ലൈഫ് മിഷന്‍ പദ്ധതിയില്‍ വിജിലന്‍സ് അന്വേക്ഷണം പ്രഖ്യാപിച്ചത്. മുഖ്യമന്ത്രിയുടെ ഓഫീസും തദ്ദേശസ്വയംഭരണമന്ത്രിയും ആരോപണം നേരിടുന്ന സംഭവത്തില്‍ സംസ്ഥാന വിജിലന്‍സ് അനേഷ്വണം നടത്തുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം വാര്‍ത്തസമ്മേളനത്തിനിടെ ചോദ്യം ഉയര്‍ന്നപ്പോള്‍ മുഖ്യമന്ത്രി ക്ഷുഭിതനായിരുന്നു.

content highlight: life mission scam cbi registers case against unitac md