ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പരമ്പരയും മത്സരങ്ങളും നടത്തണമോ വേണ്ടയോ എന്ന കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുക്കട്ടെ എന്ന് ക്രിക്കറ്റ് ഇതിഹാസം കപില്‍ ദേവ്. നേരത്തെ നടന്നുവന്നിരുന്ന ഇന്ത്യ-പാകിസ്ഥാന്‍ സീരീസുകള്‍ പുനരാരംഭിക്കണമെങ്കില്‍ സര്‍ക്കാര്‍ തീരുമാനിക്കണമെന്നും കപില്‍ പറഞ്ഞു.
2012-13ന് ശേഷം ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ ഒരു പരമ്പര പോലും കളിച്ചിട്ടില്ല. ഐ.സി.സിയുടെ ടൂര്‍ണമെന്റുകളില്‍ മാത്രമാണ് ഇരുവരും നേര്‍ക്കുനേര്‍ ഏറ്റുമുട്ടാറുള്ളത്.
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള മത്സരങ്ങളും സീരീസുകളും പുനരാരംഭിക്കാന്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് (പി.സി.ബി) ചെയര്‍മാന്‍ റമീസ് രാജ പലതവണ മുന്‍കൈയെടുത്തതാണ്. എന്നാല്‍ ഇന്ത്യ പുലര്‍ത്തുന്ന നിസ്സംഗതയാണ് ഇതിന് വിലങ്ങുതടിയാവുന്നത്.
ഇന്ത്യ, പാകിസ്ഥാന്‍, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് എന്നീ രാജ്യങ്ങളെ ഉള്‍പ്പെടുത്തി ഒരു ചതുര്‍രാഷ്ട്ര ടൂര്‍ണമെന്റും റമീസ് രാജ വിഭാവനം ചെയ്തിരുന്നു. എന്നാല്‍ ഇതിനോടും ഇന്ത്യ മുഖം തിരിക്കുകയായിരുന്നു.