Bihar Election
നിതീഷ് കുമാറിനെതിരെ തുറന്നപോര് പ്രഖ്യാപിച്ച് എല്‍.ജെ.പി,എന്‍.ഡി.എയില്‍ നിന്നും പുറത്തേക്ക്; യുദ്ധം വിജയിക്കുക തങ്ങളെന്ന് പാസ്വാന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Oct 05, 02:39 am
Monday, 5th October 2020, 8:09 am

പട്‌ന: ബീഹാറില്‍ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ എന്‍.ഡി.എ സഖ്യത്തില്‍ നിന്നും പുറത്തുപോയി എല്‍.ജെ.പി. സഖ്യത്തിന് കനത്ത തിരിച്ചടി നല്‍കിക്കൊണ്ടാണ് ചിരാഗ് പാസ്വാന്റെ പാര്‍ട്ടി സഖ്യം വിട്ടുപോയത്.

ഈ നിമിഷം ഞാന്‍ ആസ്വദിക്കട്ടേ എന്നാണ് സഖ്യം വിട്ടതിന് പിന്നാലെ ചിരാഗ് പാസ്വാന്‍ പ്രതികരിച്ചത്. കൂടുതലൊന്നും പറയുന്നില്ല പക്ഷേ ഈ യുദ്ധം തങ്ങള്‍ വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ബീഹാര്‍ മുഖ്യമന്ത്രിയും ജെ.ഡി.യു അധ്യക്ഷനുമായ നിതീഷ് കുമാറുമായി ചിരാഗ് പാസ്വാന് വലിയ രീതിയിലുള്ള അഭിപ്യായവ്യത്യാസമുണ്ടായിരുന്നു.

നിതീഷ് കുമാറുമായി തനിക്കുള്ള വിയോജിപ്പ് പല അവസരങ്ങളില്‍ ചിരാഗ് പാസ്വാന്‍ പ്രകടിപ്പിച്ചിട്ടുള്ളതാണ്. എന്നാല്‍ എല്‍.ജെ.പിക്ക് ബി.ജെ.പിയുമായി വലിയ രീതിയില്‍ അഭിപ്രായവ്യത്യാസങ്ങള്‍ ഇല്ല എന്നാണ് റിപ്പോര്‍ട്ട്.

മുന്‍ മുഖ്യമന്ത്രിയും എച്ച്.എ.എം മേധാവിയുമായ ജിതന്‍ റാം മാഞ്ചി എന്‍.ഡി.എയിലേക്ക് എത്തിയതും എല്‍.ജെ.പി.ക്ക് അതൃപ്തിയുണ്ടാക്കിയിരുന്നു. ചിരാഗ് പാസ്വാനെതിരെയുള്ള നിതീഷ് കുമാറിന്റെ കരുനീക്കമായാണ് മാഞ്ചിയുടെ വരവിനെ വിലയിരുത്തപ്പെട്ടത്.

പ്രത്യയശാസ്ത്രപരമായ വ്യത്യാസങ്ങള്‍ കാരണം നടക്കാനിരിക്കുന്ന ബീഹാര്‍ തെരഞ്ഞെടുപ്പില്‍ ലോക് ജനശക്തി പാര്‍ട്ടി ജനതാ ദള്‍ യുണൈറ്റഡുമായി സഖ്യത്തില്‍ മത്സരിക്കില്ലെന്നാണ് എല്‍.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി അബ്ദുല്‍ ഖാലിക് പറഞ്ഞത്.

അതേസമയം എന്‍.ഡി.എയില്‍ സീറ്റ് വിഭജനത്തില്‍ തീരുമാനമായിട്ടുണ്ട്. ബി.ജെ.പിയും ജെ.ഡി.യുവും സീറ്റുകള്‍ തുല്യമായി വീതിച്ചെടുക്കാനാണ് ധാരണയായത്.

ഒക്ടോബര്‍ അവസാനത്തോടെയാണ് ബീഹാറില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Chirag Paswan quits NDA,