Entertainment news
'പിള്ളേര്‍ക്ക് വേണ്ടി വാ അണ്ണാ'; ലിയോ മലയാളം ഡബ്ബ് ഗാനത്തിന് ട്രോള്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Oct 13, 04:57 pm
Friday, 13th October 2023, 10:27 pm

ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന വിജയ് ചിത്രം ലിയോ ഒക്ടോബര്‍ 19നാണ് റിലീസ് ചെയ്യുന്നത്. വലിയ ബജറ്റില്‍ ഒരുങ്ങുന്ന സിനിമക്കായി കാത്തിരിക്കുകയയാണ് സിനിമാ പ്രേമികള്‍.

തമിഴ് കൂടാതെ തെലുങ്കിലും ഹിന്ദിയിലും കന്നഡയിലും മലയാളത്തിലും ചിത്രം മൊഴിമാറ്റിയിട്ടുണ്ട്. മലയാളത്തിലേക്ക് മൊഴിമാറ്റിയ ചിത്രത്തിലെ ഞാന്‍ റെഡി എന്ന ഗാനം ഇന്ന് റിലീസ് ചെയ്തിരുന്നു.

ഇപ്പോഴിതാ ഇതിന് ട്രോളുമായി എത്തിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ. മലയാളം മൊഴിമാറ്റിയ പാട്ടിലെ വരികളാണ് സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ ചെയ്യപ്പെടുന്നത്.

സാധാരണ ഇത്തരം ഡബ്ബിങ് പാട്ടുകള്‍ കാണുന്നത് കൈരളിയിലാണെന്നും ഇത് അതിനെയും കവച്ചുവെക്കുന്ന പാട്ടായി പോയി എന്നുമാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചകള്‍.

ഒരുതരത്തിലും ഒര്‍ജിനല്‍ വേര്‍ഷനോട് നീതി പുലര്‍ത്തതാണ് മലയാളം ഡബ്ബ് എന്നും സോഷ്യല്‍ മീഡിയ പറയുന്നു.

‘ഞാന്‍ റെഡിയായി വാരവായി’, പുകയില തളിരു പോലെ മുള്ളറായ, കൊടലു വെട്ടി ലോറിയില്‍ അയക്കും ‘, എന്നിങ്ങനെ നീളുന്നതാണ് മലയാളം ഡബ്ബിലെ വരികള്‍.

സഞ്ജയ് ദത്ത്,അര്‍ജുന്‍ സര്‍ജ, ഗൗതം മേനോന്‍, മിഷ്‌കിന്‍, മാത്യു തോമസ്, മന്‍സൂര്‍ അലി ഖാന്‍, പ്രിയ ആനന്ദ്, സാന്‍ഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങിയ വമ്പന്‍ താര നിരയാണ് ചിത്രത്തിലുള്ളത്. സെന്‍സറിങ് പൂര്‍ത്തിയായ ചിത്രത്തിന് യു എ സര്‍ട്ടിഫിക്കറ്റ് ആണ്.

സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളില്‍ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേര്‍ന്നാണ് ലിയോ നിര്‍മിക്കുന്നത്.ശ്രീ ഗോകുലം മൂവിസിന് വേണ്ടി ഗോകുലം ഗോപാലന്‍ ആണ് കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയത്.കേരളത്തില്‍ വിപുലമായ പ്രൊമോഷന്‍ പരിപാടികളാണ് ശ്രീ ഗോകുലം മൂവീസ് പ്ലാന്‍ ചെയ്യുന്നത്. ചിത്രത്തിനായി അനിരുദ്ധ് രവിചന്ദര്‍ സംഗീതം ഒരുക്കുന്നു.ഡ്രീം ബിഗ് ഫിലിംസാണ് കേരളത്തിലെ ഡിസ്ട്രിബൂഷന്‍ പാര്‍ട്ട്‌നര്‍. ലിയോയുടെ ഡി.ഒ.പി : മനോജ് പരമഹംസ, ആക്ഷന്‍ : അന്‍പറിവ് , എഡിറ്റിങ് : ഫിലോമിന്‍ രാജ്, പി.ആര്‍.ഓ: പ്രതീഷ് ശേഖര്‍.

Content Highlight: Leo malayalam dubbing gets trolls on social media