ന്യൂദല്‍ഹി: ലക്ഷദ്വീപ് സന്ദര്‍ശിക്കാന്‍ അനുമതി നല്‍കാത്ത അഡ്മിനിസ്‌ട്രേറ്റര്‍ക്കെതിരെ ഇടത് എം.പിമാര്‍ അവകാശലംഘന നോട്ടിസ് നല്‍കി.
ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിനെതിരെയാണ് ലോകസഭയിലും രാജ്യസഭയിലും എം.പിമാര്‍ അവകാശലംഘന നോട്ടിസ് നല്‍കിയത്.
സഭാ ചട്ടം 187 പ്രകാരം രാജ്യസഭയില്‍ എളമരം കരീം, ബിനോയ് വിശ്വം, എം.വി.ശ്രേയാംസ് കുമാര്‍, വി.ശിവദാസന്‍, കെ.സോമപ്രസാദ്, ജോണ്‍ ബ്രിട്ടാസ് എന്നിവരും സഭാ ചട്ടം 222 പ്രകാരം എ.എം.ആരിഫ്, തോമസ് ചാഴികാടന്‍ എന്നിവര്‍ ലോക്‌സഭയിലുമാണ് നോട്ടിസ് നല്‍കിയത്.
നേരത്തെ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ലക്ഷദ്വീപില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്താന്‍ അനുമതി നല്‍കണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ട് ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ക്കും കവരത്തി അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റിനും കേരളത്തില്‍ നിന്നുള്ള എം.പിമാര്‍ കത്ത് നല്‍കിയിരുന്നു.
പ്രഫുല്‍ പട്ടേല്‍ ചുമതലയേറ്റ ശേഷം ലക്ഷദ്വീപിലുണ്ടായ പ്രശ്‌നങ്ങള്‍ പഠിക്കണമെന്ന ദ്വീപ് നിവാസികളുടെയും ജനപ്രതിനിധികളുടെയും അഭ്യര്‍ഥനയെ തുടര്‍ന്നാണ് കേരളത്തില്‍ നിന്നുള്ള എം.പിമാര്‍ ദ്വീപ് സന്ദര്‍ശിക്കാന്‍ തീരുമാനിച്ചത്.