ബെയ്റൂട്ട് സ്ഫോടനം: സർക്കാർ രാജിവെച്ചിട്ടും തീരാത്ത ജനരോഷം; ലെബനനിൽ സംഭവിക്കുന്നതെന്ത്?
World News
ബെയ്റൂട്ട് സ്ഫോടനം: സർക്കാർ രാജിവെച്ചിട്ടും തീരാത്ത ജനരോഷം; ലെബനനിൽ സംഭവിക്കുന്നതെന്ത്?
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 12th August 2020, 4:05 pm

ലോകമനസാക്ഷിയെ നടുക്കിയ ലെബനനിലെ ബെയ്റൂട്ട് സ്ഫോടനവും തുടര്‍ന്നുണ്ടായ ലെബനന്‍ ജനതയുടെ പ്രക്ഷോഭങ്ങളും ഒടുവില്‍ പ്രധാനമന്ത്രി ഹസന്‍ ദയിബിന്റെ രാജിയുമെല്ലാം ലോകത്തെ ശ്രദ്ധ ലെബനനിലേക്ക് പതിപ്പിച്ചിരിക്കുകയാണ്. എന്താണ് ലെബനനില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഡൂള്‍ എക്സ്പ്ലൈനര്‍ പരിശോധിക്കുന്നു…

ബെയ്‌റൂട്ട് സ്‌ഫോടനം ലെബനന്റെ രാഷ്ട്രീയ വിധി തിരുത്തിയെഴുതുമെന്ന് നേരത്തെ തന്നെ നീരീക്ഷണങ്ങളുണ്ടായിരുന്നു. ഇപ്പോള്‍ അത് ശരിവെക്കുന്ന തരത്തില്‍ ബെയ്‌റൂട്ടീലെ സ്‌ഫോടനത്തിന് പിന്നാലെ ലെബനന്‍ സര്‍ക്കാര്‍ രാജിവെച്ചിരിക്കുകയാണ്. പ്രധാനമന്ത്രി ഹസന്‍ ദയിബ്, പ്രസിഡന്റ് മൈക്കല്‍ ഔണിനാണ് രാജി സമര്‍പ്പിച്ചത്.

ലെബനനിലെ അഴിമതി രാജ്യത്തേക്കാളും ശക്തി പ്രാപിച്ചിരിക്കുകയാണ് എന്നും മാറ്റങ്ങളില്‍ നിന്നും പിന്‍ തിരിഞ്ഞ് നില്‍ക്കാന്‍ മുള്‍വേലികള്‍ നമുക്ക് തടസമായി തീരുന്നുവെന്നുമാണ് പ്രധാനമന്ത്രി തന്റെ രാജി പ്രഖ്യാപനത്തില്‍ പറയുന്നത്. ജനങ്ങളോടൊപ്പം നിന്ന് പ്രവര്‍ത്തിക്കാനാണ് സര്‍ക്കാര്‍ ഈ ഘട്ടത്തില്‍ പിന്നോട്ട് പോകുന്നത് എന്നും അദ്ദേഹം രാജികത്തില്‍ പറയുന്നു.

2019ല്‍ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന സാദ് അര്‍ ഹരീരി കടുത്ത ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്ന് രാജിവെച്ചതിന് ശേഷമാണ് ഹസന്‍ ദയിബ് അധികാരത്തിലേറുന്നത്.

ഇക്കഴിഞ്ഞ ഓഗസ്റ്റ് നാലിന് ലെബനനിലെ ബെയ്റൂട്ടിലുണ്ടായ സ്ഫോടത്തോടുകൂടിയാണ് ലബനന്‍ രാഷ്ട്രീയത്തില്‍ ശക്തമായ സംഘര്‍ഷാവസ്ഥകള്‍ വീണ്ടും ഉടലെടുത്തത്. സ്ഫോടനത്തില്‍ 200ലധികം പേര്‍ കൊല്ലപ്പെടുകയും 6000ത്തിലധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും നഗരത്തിന്റെ വലിയൊരു ഭാഗം തന്നെ നശിപ്പിക്കപ്പെടുകയും ചെയ്തിരുന്നു. തുടര്‍ന്ന് 2019ല്‍ ലെബനനിലുണ്ടായിരുന്ന പ്രതിഷേധങ്ങള്‍ വീണ്ടും ഉടലെടുക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് ലെബനന്റെ പുതിയ പ്രധാനമന്ത്രിയും രാജിവെച്ച് പുറത്ത് പോകുന്നത്.

എന്തിനാണ് ലെബനനിലെ ജനങ്ങള്‍ പ്രതിഷേധിക്കുന്നത്

കഴിഞ്ഞ ആറ് വര്‍ഷമായി ബെയ്‌റൂട്ട് തുറമുഖത്തെ ഹാങ്ങര്‍ 12 എന്ന വിമാന ശാലയില്‍ സൂക്ഷിച്ചിരുന്ന 22750 ടണ്‍ അമോണിയം നൈട്രിക് ആസിഡ് ലവണം പൊട്ടിത്തെറിച്ചായിരുന്നു അപകടമുണ്ടായത്. ആറ് വര്‍ഷമായി ഇവിടെ സൂക്ഷിച്ചുവെച്ച സ്‌ഫോടക വസ്തുക്കളാണ് അപകടത്തിലേക്ക് നയിച്ചത് എന്നതാണ് വലിയ രീതിയില്‍ ജനരോക്ഷത്തിന് ഇടയാക്കിയത്. നേരത്തെ തന്നെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോയിരുന്ന ലെബനന്‍ ജനതയ്ക്ക് മേല്‍ ഇപ്പോഴുണ്ടായ സ്‌ഫോടനം വലിയ പ്രഹരമാണ് തീര്‍ത്തത്.

നിരവധി പേര്‍ക്കാണ് സ്‌ഫോടനത്തില്‍ തങ്ങളുടെ ജീവിത മാര്‍ഗം ഒന്നാകെ ഇല്ലാതായത്. ഗുരുതരമായ പരിക്കുകളോടെ അടിസ്ഥാന സൗകര്യങ്ങള്‍ പോലും ഇല്ലാത്ത ആശുപത്രികളില്‍ കഴിയുകയാണ് ഇപ്പോഴും നിരവധി പേര്‍. സ്‌ഫോടക വസ്തുക്കളെക്കുറിച്ച് ഔദ്യോഗികമായി പലര്‍ക്കും അറിയാമായിരുന്നു എന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നത് ജനരോഷത്തിന്റെ ആക്കം കൂട്ടി.

പ്രതിഷേധങ്ങള്‍ ദീര്‍ഘകാലചരിത്രം

2019ല്‍ അന്നത്തെ പ്രധാനമന്ത്രി സാദ് അല്‍ ഹരീരിയുടെ കാലത്ത് തന്നെ ലെബനനില്‍ പ്രതിഷേധങ്ങള്‍ നടക്കുന്നുണ്ടായിരുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് ലെബനന്‍ ജനതയെ സമരത്തിലേക്ക് നയിച്ചത്.

രാജ്യത്തിന്റെ പേരില്‍ കുമിഞ്ഞു കൂടിയ കടവും ഉദ്യോഗസ്ഥ വൃന്ദങ്ങളിലെ കെടുകാര്യസ്ഥതയും കൂടിയതോടെ സ്വന്തം രാജ്യത്ത് തന്നെ തങ്ങള്‍ പാര്‍ശ്വവത്കരിക്കപ്പെട്ടവരായി തീര്‍ന്നു എന്ന് ലെബനന്‍ ജനത തിരിച്ചറിയുകയായിരുന്നു. ലോകബാങ്കിന്റെ കണക്കു പ്രകാരം ലെബനനിലെ ആകെ ജനസംഖ്യയുടെ മൂന്നിലൊന്നും ദാരിദ്ര്യ നിരക്കിന് താഴെയാണ്.

യുവാക്കളില്‍ 35 ശതമാനം പേര്‍ തൊഴിലില്ലാതെ കഴിയുകയാണ്. രാജ്യത്തെ ആകെ തൊഴിലില്ലായ്മ 25 ശതമാനമാണ്. യു.എസ് ഡോളറിനെതിരായ ലെബനന്‍ പൗണ്ടിന്റെ മൂല്യം രണ്ടുപതിറ്റാണ്ടായി ഇടിയുകയുമാണ്.

ഇത്തരമൊരു സാഹചര്യത്തിന് നടുവിലാണ് ലെബനന്‍ സര്‍ക്കാര്‍ പുതിയ നികുതി പരിഷ്‌കരണം കൊണ്ടുവരുന്നത്. ഇത് വലിയൊരു വിഭാഗം ജനങ്ങളിലും കടുത്ത അതൃപ്തിയുണ്ടാക്കി. വാട്‌സ്ആപ്പ് മുതല്‍ പുകയില ഉത്പന്നങ്ങള്‍ക്ക് വരെ വലിയ നികുതി ചുമത്തുകയായിരുന്നു സര്‍ക്കാര്‍. ഇതിനെ തുടര്‍ന്ന് വിഭാഗീയ ഭരണത്തിനെതിരെയും, തൊഴിലില്ലായ്മയ്‌ക്കെതിരെയും, സാമ്പത്തിക പ്രതിസന്ധികള്‍ക്കെതിരെയും ജനങ്ങള്‍ കൂട്ടമായി തെരുവിലറങ്ങി.

പ്രതിഷേധം കനത്തതോടെ സര്‍ക്കാരിന് മണിക്കൂറുകള്‍ക്കുള്ളില്‍ നികുതി പരിഷ്‌കരണം പിന്‍വലിക്കേണ്ടി വന്നു. എന്നാല്‍ അവിടം കൊണ്ടും പ്രക്ഷോഭകര്‍ അടങ്ങിയില്ല. അന്നത്തെ പ്രധാനമന്ത്രി സാദ് അല്‍ ഹരീരിയുടെ രാജി ആവശ്യപ്പെട്ട് കൂടുതല്‍ പേര്‍ തെരുവില്‍ അണി നിരന്നു.

തുടര്‍ന്ന് പ്രക്ഷോഭകരെ അടിച്ചമര്‍ത്താന്‍ സര്‍ക്കാര്‍ നടത്തിയ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടു. ഒടുവില്‍ പ്രധാനമന്ത്രി സാദ് അല്‍ ഹരീരിക്ക് രാജിവെക്കേണ്ടി വന്നു. പകരം മാറ്റങ്ങളുടെ വാഗ്ദാനവുമായി ഹസ്സന്‍ ദയിബ് പ്രധാനമന്ത്രിയായി ചുമതലയേറ്റു. എന്നാല്‍ ഇതു കൊണ്ടും പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായില്ല.

ലെബനനിലെ സാമൂഹിക അവസ്ഥ

92 ബില്യണ്‍ ഡോളറാണ് രാജ്യത്തിന്റെ കടം. രാജ്യത്തിന്റെ ജി.ഡി.പിയുടെ 170 ശതമാനം വരുമിത്. ലോകത്തിലെ ഏറ്റവും വലിയ കടബാധ്യതകളിലൊന്നാണ് ലെബനനു മേലുള്ളത്.രാജ്യത്തിന്റെ 50 ശതമാനം വരുമാനവും കടബാധ്യത തീര്‍ക്കാന്‍ വേണ്ടി വിനിയോഗിക്കുകയാണ്. ഇതിനു പുറമെ അധികാര തലത്തില്‍ നടക്കുന്ന അഴിമതിയും രൂക്ഷമാണ്.

ലെബനന്റെ പൊതുമേഖലയാകട്ടെ തകര്‍ച്ചയുടെ വക്കിലും. ലെബനനില്‍ ഭക്ഷ്യവിഭവങ്ങളുടെ വില 80 ശതമാനത്തിനു മുകളിലാണ്. പലയിടത്തും വൈദ്യതി ലഭിക്കുന്നുമില്ല, അടിസ്ഥാന സൗകര്യങ്ങളൊന്നുമില്ല, ശോചനീയമായ ആശുപത്രികളും സ്‌കൂളുകളും. ഇന്റര്‍നെറ്റ് ലഭ്യതയുടെ കാര്യവും മോശം. ഇതാണ് ലെബനന്റെ സാമൂഹിക അവസ്ഥ

15 വര്‍ഷം നീണ്ടു നിന്ന 1975-89 ലെ ആഭ്യന്തര യുദ്ധത്തിന്റെ ആഘാതത്തില്‍ നിന്നും ലെബനന്‍ ഇനിയും കര കയറിയിട്ടില്ല എന്നതാണ് ഈ പ്രശ്നങ്ങളുടെ പിന്നിലെ മൂലകാരണം. യുദ്ധ ശേഷമുള്ള കടമാണ് രാജ്യം ഇപ്പോള്‍ അടച്ചു തീര്‍ത്തു കൊണ്ടിരിക്കുന്നത്.

ലെബനന്റെ സാമ്പത്തിക, പ്രതിസന്ധിയും രാഷ്ട്രീയ പ്രതിസന്ധിയും അത്ര എളുപ്പത്തില്‍ പരിഹാരിക്കാന്‍ സാധിക്കില്ല. കാരണം ഈ പ്രശ്‌നങ്ങളുടെ വേരോട്ടം നോക്കിയാല്‍ ആ വേരുകള്‍ അതിര്‍ത്തി കടന്നെത്തുന്നത് സങ്കീര്‍ണതകളുടെ തട്ടകത്തിലേക്കാണ്.

68.5 ലക്ഷമാണ് ലെബനന്റെ ജനസംഖ്യ. സിറിയ, ഇസ്രഈല്‍ എന്നീ രാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടുന്നു. 18 മത സമുദായങ്ങളെ ഔദ്യോഗികമായി അംഗീകരിച്ച രാജ്യമാണ് ലെബനന്‍. 12 ക്രിസ്ത്യന്‍ വിഭാഗങ്ങള്‍, നാലു മുസ്ലിം വിഭാഗങ്ങള്‍, ഡ്രൂസ് വിഭാഗം, ജൂത മതം എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. പ്രധാന മതവിഭാഗങ്ങളെ എല്ലാം പ്രതിനിധാനം ചെയ്യുന്ന തരത്തിലാണ് ലെബനന്റെ അധികാര വികേന്ദ്രീകരണം.

അധികാര വികേന്ദ്രീകരണം

ക്രിസ്ത്യന്‍, ഷിയ, സുന്നി വിഭാഗക്കാരെ ഉള്‍പ്പെടുത്തിയാണ് ലെബനന്റെ അധികാര വികേന്ദ്രീകരണം.

ലെബനന്‍ പ്രസിഡന്റ് ഒരു മരൊനൈറ്റ് ക്രിസ്ത്യന്‍ വിഭാഗക്കാരനായിരിക്കണം എന്നാണ് ചട്ടം. പാര്‍ലമെന്റ് സ്പീക്കര്‍ ഷിയ മുസ്ലിം വിഭാഗത്തില്‍ നിന്നുമായിരിക്കണം. പ്രധാനമന്ത്രി ഒരു സുന്നി മുസ്ലിമും ആയിരിക്കണം. 15 വര്‍ഷം നീണ്ട യുദ്ധത്തിനൊടുവില്‍ കൊണ്ടു വന്ന ദേശീയ ഉടമ്പടി പ്രകാരമാണ് ഇങ്ങനെയൊരു നയം. ഈ വിഭാഗക്കാര്‍ക്ക് ലെബനന്‍ രാഷ്ട്രീയത്തില്‍ നിര്‍ണായക സ്വാധീനവുമുണ്ട്.

1989 ല്‍ തൈഫ് എഗ്രിമെന്റ് എന്ന പേരില്‍ സൗദി അറേബ്യയില്‍ വെച്ചാണ് ഈ കരാര്‍ ഒപ്പിട്ടത്. കരാര്‍ പ്രകാരം സുന്നി മുസ്ലിം, ഷിയ മുസ്ലിം, ക്രിസ്ത്യന്‍ എന്നിവര്‍ക്ക് തുല്യമായി അധികാരം ലഭിക്കും. ഈ ഘടനയിലാണ് ഇതുവരെയും ലെബനന്‍ രാഷ്ട്രീയം നീങ്ങിയത്.

ഇപ്പോഴത്തെ ലെബനന്‍ പ്രസിഡന്റ്  മൈക്കല്‍ ഓണ്‍ മാരൊനൈറ്റ് ക്രിസ്ത്യാനിയാണ്. ഇപ്പോള്‍ രാജിവെച്ച പ്രധാനമന്ത്രി ഹസ്സന്‍ ദായിബ് സുന്നി വിഭാഗക്കാരനും പാര്‍ലമെന്റ് സ്പീക്കര്‍ നഹിഹ് ബൈറി ഷിയ മുസ്ലിമും ആണ്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ