സി.പി.ഐ രാജ്യസഭാ സ്ഥാനാര്‍ത്ഥി പി. സന്തോഷ് കുമാറിനെ കുറിച്ച് കൂടുതലറിയാം
Kerala News
സി.പി.ഐ രാജ്യസഭാ സ്ഥാനാര്‍ത്ഥി പി. സന്തോഷ് കുമാറിനെ കുറിച്ച് കൂടുതലറിയാം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 15th March 2022, 8:34 pm

കണ്ണൂര്‍: വരാനിരിക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പിലേക്ക് സി.പി.ഐ സ്ഥാനാര്‍ത്ഥിയായി കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. സന്തോഷ് കുമാറിനെയാണ് തീരുമാനിച്ചിരിക്കുന്നത്. ചൊവ്വാഴ്ച ചേര്‍ന്ന പാര്‍ട്ടി സംസ്ഥാന എക്‌സിക്യൂട്ടീവിന്റേതാണ് തീരുമാനം.

എ.ഐ.വൈ.എഫിന്റെ മുന്‍ ദേശീയ ജനറല്‍ സെക്രട്ടറി കൂടിയാണ് സന്തോഷ് കുമാര്‍. രണ്ട് തവണയാണ് സന്തോഷ് കുമാര്‍ എ.ഐ.വൈ.എഫ് ദേശീയ ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചത്. ഈ പ്രവൃത്തി പരിചയം തെരഞ്ഞെടുപ്പിലേക്ക് സന്തോഷിനെ നിര്‍ദേശിക്കാന്‍ തുണയായി.

വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലൂടെയാണ് സന്തോഷ് കുമാര്‍ രാഷ്ട്രീയത്തിലേക്ക് കടക്കുന്നത്. എല്ലാ മേഖലകളിലും വളരെ നിശബ്ദനായി പ്രവര്‍ത്തിച്ചിരുന്ന നേതാക്കളിലൊരാള്‍ കൂടിയാണ് അദ്ദേഹം.

ചിറ്റാരിപ്പറമ്പ് ഹൈസ്‌ക്കൂള്‍, ശ്രീകണ്ഠപുരം എസ്.ഇ.എസ് കോളേജ്, കണ്ണൂര്‍ എസ്.എന്‍ കോളേജ്, തിരുവനന്തപുരം ലോ അക്കാദമി എന്നിവിടങ്ങളില്‍ നിന്നാണ് സന്തോഷ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കി.

സാമ്പത്തിക ശാസ്ത്രത്തിലും നിയമത്തിലും ബിരുദമെടുത്ത സന്തോഷ് തളിപറമ്പ് ബാര്‍ അസോസിയേഷനില്‍ അഭിഭാഷകനായി പ്രാക്ടീസ് ചെയ്തിരുന്നു. എ.ഐ.എസ്.എഫ് യൂണിറ്റ് സെക്രട്ടറി, ജില്ലാ സെക്രട്ടറി, എ.ഐ.വൈ.എഫ് കണ്ണൂര്‍ ജില്ലാ സെക്രട്ടറി, സംസ്ഥാന ജോയിന്റ് സെക്രട്ടറി, സി.പി.ഐ തളിപ്പറമ്പ് മണ്ഡലം സെക്രട്ടറി എന്നീ നിലകളിലും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.

2011ല്‍ ഇരിക്കൂര്‍ മണ്ഡലത്തില്‍ കെ.സി. ജോസഫിനെതിരെയാണ് സന്തോഷ് കുമാര്‍ ആദ്യമായി തെരഞ്ഞെടുപ്പിനെ നേരിടുന്നത്. എന്നാല്‍ ആ തെരഞ്ഞെടുപ്പ് സന്തോഷിന് അത്ര ആശ്വാസം നല്‍കുന്ന ഒന്നായിരുന്നില്ല.

സി.പി.ഐ.എമ്മിനെതിരെ ശക്തമായ നിലപാടുകള്‍ സ്വീകരിച്ചും സന്തോഷ് ശ്രദ്ധേയനായിരുന്നു. അര്‍ജുന്‍ ആയങ്കി വിഷയത്തിലും കീഴാറ്റൂര്‍ വിഷയത്തിലുമെല്ലാം സി.പി.ഐ.എമ്മിനെതിരെയുള്ള സന്തോഷിന്റെ തുറന്നുപറച്ചിലുകള്‍ ചര്‍ച്ചയായിരുന്നു.

സി.പി.ഐയുടെ മുഖപത്രമായ ജനയുഗത്തില്‍ സന്തോഷ് കുമാര്‍ സി.പി.ഐ.എമ്മിനെതിരെ എഴുതിയ ലേഖനവും വിവാദങ്ങള്‍ക്ക് വഴി വെച്ചിരുന്നു. ചെഗുവേരയുടെ ചിത്രം കുത്തിയാല്‍ കമ്മ്യൂണിസ്റ്റാവില്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞിരുന്നത്. ജനാധിപത്യവിരുദ്ധതയുടെ ശ്രമങ്ങളാണ് സി.പി.ഐ.എം ഗ്രാമങ്ങളില്‍ നടക്കുന്നതെന്നും സന്തോഷ് ആരോപിച്ചിരുന്നു.

പരിസ്ഥിതിയെ നശിപ്പിച്ചുകൊണ്ടുള്ള വികസനത്തിന് സി.പി.ഐ എതിരാണെന്നായിരുന്നു കീഴാറ്റൂര്‍ വിഷയത്തില്‍ സന്തോഷ് പറഞ്ഞിരുന്നത്. തളിപ്പറമ്പ് മാണ്ഡംകുണ്ടില്‍ കോമത്ത് മുരളീധരനേയും സംഘത്തേയും പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തതും സന്തോഷും സി.പി.ഐ.എമ്മും തമ്മിലുള്ള തുറന്ന പോരിന് വഴിവെച്ചിരുന്നു.

സി.പി.ഐ നേതാവായിരുന്ന പുല്യായിക്കൊടി ചന്ദ്രനെ സി.പി.ഐ.എം പാര്‍ട്ടിയിലേക്ക് സ്വീകരിച്ചതിന് മറുപടിയാണ് തളിപ്പറമ്പ് മാണ്ഡംകുണ്ടില്‍ കോമത്ത് മുരളീധരനേയും സംഘത്തേയും സി.പി.ഐയിലേക്ക് സ്വീകരിച്ചതിലൂടെ സന്തോഷ് കുമാര്‍ നല്‍കിയത്.

ഇതിനെതിരെ സി.പി.ഐ.എം പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. പാര്‍ട്ടി ജില്ലാ സെക്രട്ടറി എം.വി. ജയരാജനുള്‍പ്പെടെയുള്ള ആളുകള്‍ പ്രതിഷേധമുയര്‍ത്തിയിരുന്നുവെങ്കിലും സി.പി.ഐ തീരുമാനത്തില്‍ നിന്ന് പിന്മാറാന്‍ തയ്യാറായിരുന്നില്ല.

സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനോട് ഏറ്റവും അടുപ്പം പുലര്‍ത്തുന്നവരില്‍ ഒരാളായ സന്തോഷ് കുമാര്‍ പാര്‍ട്ടിയുടെ യുവജനമുഖമായി അറിയപ്പെടുന്ന നേതാവ് കൂടിയാണ്. മലബാറില്‍ നിന്നുള്ള ഒരാള്‍ ഇത്തവണ രാജ്യസഭയിലേക്ക് പോകണമെന്ന സി.പി.ഐ പരിഗണനയാണ് സന്തോഷ് കുമാറിന് കാര്യങ്ങള്‍ അനുകൂലമാക്കിയത്.

ഇതോടെ കണ്ണൂരില്‍ നിന്ന് സി.പി.ഐയുടെ എന്‍.ഇ. ബല്‍റാമിന് ശേഷം രാജ്യസഭയിലേക്ക് പോകുന്ന ആദ്യത്തെ നേതാവായി സന്തോഷ് കുമാര്‍ മാറും.


Content Highlights:  Learn more about CPI Rajya Sabha candidate P Santhosh Kumar