വടവൃക്ഷത്തിന്റെ കൊമ്പൊടിയുമോ? കെ.എം. ഷാജി വിവാദം ചര്‍ച്ച ചെയ്യാന്‍ ലീഗ് ഉന്നതാധികാര യോഗം ചേരുന്നു
Kerala News
വടവൃക്ഷത്തിന്റെ കൊമ്പൊടിയുമോ? കെ.എം. ഷാജി വിവാദം ചര്‍ച്ച ചെയ്യാന്‍ ലീഗ് ഉന്നതാധികാര യോഗം ചേരുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 19th September 2022, 9:54 am

കോഴിക്കോട് : മുസ്‌ലിം ലീഗ് നേതാവ് കെ.എം ഷാജിയുടെ വിവാദ പരാമര്‍ശങ്ങള്‍ ചര്‍ച്ചചെയ്യാന്‍ ഇന്ന് ലീഗ് ഉന്നതാധികാരസമിതി യോഗം ചേരുന്നു. ഷാജിയെ യോഗത്തിന് വിളിപ്പിച്ചേക്കുമെന്നാണ് വിവരം. മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ. സലാം, യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ് തുടങ്ങിയവരുടെ പരാമര്‍ശങ്ങളും ചര്‍ച്ചാവിഷയമാകും.

മസ്‌കറ്റില്‍ നടന്ന കെ.എം.സി.സി യോഗത്തില്‍ കെ.എം. ഷാജി തനിക്കെതിരെ പാര്‍ട്ടി പ്രവര്‍ത്തക സമിതി യോഗത്തില്‍ വന്ന വിമര്‍ശനങ്ങള്‍ക്കെതിരെ ആഞ്ഞടിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് നാട്ടിലെത്തിയാല്‍ പരസ്യ വിമര്‍ശനത്തിനെതിരെ ഷാജിയോട് വിശദീകരണം ചോദിക്കുമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങള്‍ വ്യക്തമാക്കിയിരുന്നു.

കെ.എം. ഷാജിക്ക് പിന്തുണയുമായി എം.കെ. മുനീര്‍ എം.എല്‍.എ, നജീബ് കാന്തപുരം എം.എല്‍.എ എന്നിവര്‍ കഴിഞ്ഞ ദിവസം എത്തിയിരുന്നു. എന്നാല്‍, ലീഗില്‍ കെ.എം. ഷാജിക്കെതിരെ നീക്കം കടുപ്പിച്ച് പി.കെ. കുഞ്ഞാലിക്കുട്ടി പക്ഷം നീങ്ങുകയാണ്. ഷാജിയുടെ പരാമര്‍ശങ്ങള്‍ പലതും നേതാക്കളെ പ്രതിരോധത്തിലാക്കുന്നുവെന്നായിരുന്നു മുസ്‌ലിം ലീഗ് പ്രവര്‍ത്തകസമിതിയില്‍ ഉയര്‍ന്ന വിമര്‍ശനം.

എല്‍.ഡി.എഫ് സര്‍ക്കാരിനോട് പി.കെ. കുഞ്ഞാലിക്കുട്ടിക്ക് മൃദുസമീപനമാണെന്ന് ആരോപിച്ച് അതിരൂക്ഷമായ വിമര്‍ശനങ്ങളാണ് നേരത്തെ നടന്ന പ്രവര്‍ത്തക സമിതിയില്‍ കെ.എം. ഷാജിയും, സംസ്ഥാന സെക്രട്ടറി കെ.എസ്. ഹംസയും നടത്തിയത്. അതിന്റെ മറുപടിയാണ് കഴിഞ്ഞ ദിവസം മലപ്പുറത്ത് ചേര്‍ന്ന പ്രവര്‍ത്തകസമിതിയില്‍ കെ.എം. ഷാജിക്കെതിരായ നീക്കമെന്നാണ് വിലയിരുത്തല്‍.

തെറ്റിദ്ധാരണയുണ്ടാക്കുന്ന വിധം ഷാജി നടത്തുന്ന പ്രസംഗങ്ങള്‍ നേതാക്കളെ പ്രതിരോധത്തിലാക്കുന്നെന്നായിരുന്നു നേതാക്കള്‍ ഉയര്‍ത്തിയ വിമര്‍ശനം. പ്രസംഗം മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നത് നേതാക്കള്‍ക്ക് തിരിച്ചടിയാകുന്നുവെന്നും കുറ്റപ്പെടുത്തലുണ്ടായി. വിദേശത്തായതിനാല്‍ ഷാജി യോഗത്തില്‍ പങ്കെടുത്തിരുന്നില്ല.

മുസ്‌ലിം ലീഗില്‍ പുതിയതായി അച്ചടക്ക സമിതി രൂപീകരിക്കാനുള്ള തീരുമാനം സമീപകാലത്തായി പരസ്യ പ്രതികരണം നടത്തുന്ന ചിലരെ ലക്ഷ്യമിട്ടാണെന്നാണ് വിലയിരുത്തല്‍.

അതേസമയം, ലീഗിലെ എല്ലാവരും ഒരു കുടക്കീഴില്‍ ഒരുമിച്ച് മുന്നോട്ടുപോകുമെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി കഴിഞ്ഞ ദിവസം പറഞ്ഞു. ലീഗിലുള്ളവരൊക്കെ പറയുന്നത് ഒരേ രാഷ്ട്രീയമാണെന്നും പാണക്കാട് സയ്യിദ് സാദിഖലി തങ്ങളുടെ ലീഡര്‍ഷിപ്പാണ് ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗിനുള്ളതെന്നും അദ്ദേഹം പറഞ്ഞു.

മലപ്പുറം മുണ്ടിത്തൊടികയില്‍ മുസ്‌ലിം ലീഗ് ഓഫീസ് ഉദ്ഘാടനത്തോട് അനുബന്ധിച്ച പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കുഞ്ഞാലിക്കുട്ടി. കെ.എം. ഷാജിയെ പങ്കെടുത്ത വേദിയിലായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ പരാമര്‍ശം.

‘അച്ചടക്കത്തിലും ഭദ്രതയിലും ഞങ്ങള്‍ ഒരുപടി മുന്നിലാണ്. ഒറ്റക്കെട്ടായിയാണ് പാര്‍ട്ടി മുന്നോട്ടുപോകുന്നത്. കേരള രാഷ്ട്രീയവും ഇന്ത്യന്‍ രാഷ്ട്രീയവുമൊക്കെ ലീഗ് ഒരുമിച്ച് തന്നെ മുന്നോട്ടുകൊണ്ടുപോകും. അതില്‍ വല്ല വ്യത്യാസവും ഉണ്ടോ എന്ന് നോക്കാന്‍ റിസേര്‍ച്ച് ചെയ്യുന്നവരൊക്കെയുണ്ട്. എന്നാല്‍ അത് വലിയ പണിയാണ്. അതിന് മെനക്കെട്ടിട്ട് കാര്യമില്ല മക്കളേ,’ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Content Highlight: League high power Committee meeting to discuss  K.M. Shaji controversy