വ്യക്തിഹത്യ, വ്യാജ വാര്‍ത്ത; ഏഷ്യാനെറ്റ്, മനോരമ ഉള്‍പ്പടെയുള്ള മാധ്യമങ്ങള്‍ക്കെതിരെ നിയമ നടപടിയുണ്ടാകും: ഇ.പി. ജയരാജന്‍
Kerala News
വ്യക്തിഹത്യ, വ്യാജ വാര്‍ത്ത; ഏഷ്യാനെറ്റ്, മനോരമ ഉള്‍പ്പടെയുള്ള മാധ്യമങ്ങള്‍ക്കെതിരെ നിയമ നടപടിയുണ്ടാകും: ഇ.പി. ജയരാജന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 10th February 2023, 8:50 pm

തിരുവനന്തപുരം: തനിക്കെതിരെ അടിസ്ഥാനരഹിതമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന ദൃശ്യമാധ്യമങ്ങള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്‍. എന്ത് നുണകളും അന്തരീക്ഷത്തില്‍ പറത്തിവിട്ട് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാമെന്ന് ആരും കരുതേണ്ടെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ജയരാജന്റെ പ്രതികരണം.

‘അടിസ്ഥാന രഹിതമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്നത് ഇപ്പോള്‍ ശ്രദ്ധയില്‍പ്പെട്ടു. വ്യക്തിഹത്യ നടത്തുന്ന രീതിയില്‍ എനിക്കെതിരെ ഇല്ലാത്ത വാര്‍ത്തകള്‍ സൃഷ്ടിക്കുന്ന ഏഷ്യാനെറ്റ്, മനോരമ ഉള്‍പ്പടെയുള്ള ദൃശ്യ മാധ്യമങ്ങള്‍ക്ക് എതിരെ നിയമ നടപടികള്‍ സ്വീകരിക്കും.

എന്ത് നുണകളും അന്തരീക്ഷത്തില്‍ പറത്തിവിട്ട് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാമെന്ന് ആരും കരുതേണ്ട. ചില മാധ്യമങ്ങള്‍ സി.പി.ഐ.എം വിരോധവും ഇടതുപക്ഷ വിരോധവും നിറഞ്ഞ് അതിര് കടക്കുകയാണ്. വ്യക്തിഹത്യയിലേക്ക് ഉള്‍പ്പടെ ആ വിരോധം എത്തിയിരിക്കുന്നു. അത് ഒരിക്കലും അംഗീകരിച്ച് തരാനാകില്ല,’ ജയരാജന്‍ പറഞ്ഞു.

കണ്ണൂരിലെ മൊറാഴയിലെ ആയുര്‍വേദ റിസോര്‍ട്ടുമായി ബന്ധപ്പെട്ട് ഇ.പി. ജയരാജന്‍ അനധികൃത സാമ്പത്തിക ഇടപാട് നടത്തിയെന്ന് പി. ജയരാജന്‍ പാര്‍ട്ടി യോഗത്തില്‍ പറഞ്ഞെന്ന് മാധ്യങ്ങള്‍ വാര്‍ത്തയാക്കിയിരുന്നു. ഇതിന് പിന്നാലെ ഇ.പി. ജയരാജനും ആരോപണം ഉന്നയിച്ച പി. ജയരാജനും എതിരെ സി.പി.ഐ.എം അന്വേഷണം നടത്തുമെന്ന വാര്‍ത്തയും വെള്ളിയാഴ്ച പുറത്തുവന്നിരുന്നു. തുടര്‍ന്നാണ് ഇ.പി. ജയരാജന്റെ ഫേസ്ബുക്ക് പോസ്റ്റ്.