'മോദി, മുതലാളിമാര്‍ക്ക് വേണ്ടി വോട്ടും അധികാരവും വിശ്വാസവും നല്‍കിയ ജനങ്ങളെ നിങ്ങള്‍ വഞ്ചിച്ചു'; കര്‍ഷകസമരത്തില്‍ അഭിഭാഷകന്റെ ആത്മഹത്യ
farmers protest
'മോദി, മുതലാളിമാര്‍ക്ക് വേണ്ടി വോട്ടും അധികാരവും വിശ്വാസവും നല്‍കിയ ജനങ്ങളെ നിങ്ങള്‍ വഞ്ചിച്ചു'; കര്‍ഷകസമരത്തില്‍ അഭിഭാഷകന്റെ ആത്മഹത്യ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 27th December 2020, 4:13 pm

ന്യൂദല്‍ഹി: കര്‍ഷകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് അഭിഭാഷകന്റെ ആത്മഹത്യ. പ്രതിഷേധ സമരത്തില്‍ പങ്കെടുക്കാനായി പഞ്ചാബില്‍ നിന്നെത്തിയ അമര്‍ജീത് സിംഗാണ് വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്.

ദല്‍ഹി-ഹരിയാന അതിര്‍ത്തിയിലെ തിക്രിയില്‍ വെച്ചാണ് ഇയാള്‍ ജീവനൊടുക്കിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിസംബോധന ചെയ്തുക്കൊണ്ടുള്ള ആത്മഹത്യാക്കുറിപ്പും ഇയാള്‍ എഴുതിയിട്ടുണ്ട്.

‘മോദി, സ്വേച്ഛാധിപതി’ എന്ന് അഭിസംബോധന ചെയ്തുകൊണ്ടാണ് കത്ത് ആരംഭിക്കുന്നത്. പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് കത്തില്‍ ഉന്നയിച്ചിരിക്കുന്നത്. ശക്തമായ സമരവുമായി ഇത്രയും നാള്‍ മുന്നോട്ടുപോയിട്ടും കര്‍ഷകരുടെ ആവശ്യങ്ങള്‍ പരിഗണിക്കാന്‍ നരേന്ദ്ര മോദി തയ്യാറായില്ലെന്ന് കത്തില്‍ പറയുന്നു കര്‍ഷകസംഘടനകളെ പൂര്‍ണ്ണമായും അവഗണിച്ചുകൊണ്ടാണ് മോദി മുന്നോട്ടുപോകുന്നതെന്നും കത്തില്‍ പറയുന്നു. കത്തിന്റെ പകര്‍പ്പ് കര്‍ഷക സംഘടനകള്‍ പുറത്തുവിട്ടിട്ടുണ്ട്.

 

‘ പൊതുജനം നിങ്ങള്‍ക്ക് ഭൂരിപക്ഷവും അധികാരവും നല്‍കി. നിങ്ങളെ വിശ്വസിച്ചു. പക്ഷെ നിങ്ങള്‍ അംബാനിയുടെയും അദാനിയുടെയും മാത്രം പ്രധാനമന്ത്രിയായി. പുതിയ കാര്‍ഷിക നിയമങ്ങളിലൂടെ നിങ്ങള്‍ വഞ്ചിച്ചതായാണ് ജനങ്ങള്‍ക്ക് തോന്നുന്നത്. മുതലാളിമാരെ സംരക്ഷിക്കാനായി നിങ്ങള്‍ രാജ്യത്തിന്റെ നട്ടെല്ലായ സാധാരണക്കാരെയും കാഷികരംഗത്തെയും തകര്‍ത്തു. ദയവ് ചെയ്തു അവരുടെ അന്നന്നത്തെ ആഹാരം പോലും പിടിച്ചെടുത്ത് വിഷം കഴിക്കാന്‍ നിര്‍ബന്ധിക്കരുത്.’ കത്തില്‍ പറയുന്നു.

ഡിസംബര്‍ 29 ന് കേന്ദ്രസര്‍ക്കാര്‍ കര്‍ഷകരുമായി വീണ്ടും ചര്‍ച്ച നടത്താനിരിക്കുകയാണ്. ഇതിനിടിയിലാണ് പ്രതിഷേധത്തില്‍ വീണ്ടുമൊരു ആത്മഹത്യ കൂടി സംഭവിച്ചിരിക്കുന്നത്.

കേന്ദ്രസര്‍ക്കാരുമായി ഡിസംബര്‍ 29 ന് ചര്‍ച്ചയാകാമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച നേതാക്കള്‍ ശനിയാഴ്ച അറിയിച്ചിരുന്നു. ചര്‍ച്ചയാകാമെന്നും എന്നാല്‍ മുന്‍ നിലപാടില്‍ നിന്ന് പിന്നോട്ടില്ലെന്നും കര്‍ഷകര്‍ അറിയിച്ചിട്ടുണ്ട്. മൂന്ന് നിയമങ്ങളും പിന്‍വലിക്കണമെന്ന നിലപാടിലാണ് കര്‍ഷകര്‍.

ഡിസംബര്‍ എട്ടിനായിരുന്നു കേന്ദ്രസര്‍ക്കാരുമായി കര്‍ഷകര്‍ അവസാന ചര്‍ച്ച നടത്തിയിരുന്നത്. നിയമങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യം അംഗീകരിക്കാനാവില്ലെന്ന് കേന്ദ്രം അറിയിച്ചതോടെ നേരത്തെ നടത്തിയ ചര്‍ച്ചകളെല്ലാം പരാജയപ്പെടുകയായിരുന്നു. ഭേദഗതികളെപ്പറ്റി ആലോചിക്കാമെന്നും താങ്ങുവിലയില്‍ ചില ഉറപ്പുകള്‍ നല്‍കാമെന്നുമായിരുന്നു കേന്ദ്രം ആവര്‍ത്തിച്ചിരുന്നത്. തുടര്‍ന്ന് ചര്‍ച്ചകള്‍ അവസാനിക്കുകയായിരുന്നു.

നിലപാടില്‍ മാറ്റം വരുത്തിയിട്ടില്ലെങ്കിലും കേന്ദ്രം പലതവണ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഇപ്പോള്‍ കര്‍ഷകര്‍ വീണ്ടും ചര്‍ച്ചക്ക് തയ്യാറായിരിക്കുന്നത്. ഈ ചര്‍ച്ച പരാജയപ്പെട്ടാല്‍ സമരം കൂടുതല്‍ ശക്തമാക്കുമെന്ന് കര്‍ഷകര്‍ അറിയിച്ചിട്ടുണ്ട്. പഞ്ചാബില്‍ നിന്ന് കൂടുതല്‍ കര്‍ഷകര്‍ ദല്‍ഹിയിലേക്ക് പുറപ്പെട്ടിട്ടുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Lawyer commits suicide in support of farmers protest, calls Modi traitor in suicide note