World News
ഫലസ്തീനിലെ ക്രിസ്ത്യന്‍ കേന്ദ്രങ്ങള്‍ക്ക് നേരെയുള്ള ആക്രമണങ്ങളെ അപലപിച്ച് ലാറ്റില്‍ പാത്രിയാര്‍ക്കേറ്റ് ഓഫ് ജെറുസലേം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2023 Dec 17, 03:24 am
Sunday, 17th December 2023, 8:54 am

ജെറുസലേം: ലോകം മുഴുവന്‍ ക്രിസ്മസിന് തയ്യാറെടുക്കുമ്പോള്‍ എങ്ങനെയാണ് ഇത്തരത്തിലുള്ള ആക്രമണങ്ങള്‍ നടത്താന്‍ സാധിക്കുന്നതെന്ന് ലാറ്റില്‍ പാത്രിയാര്‍ക്കേറ്റ് ഓഫ് ജറുസലേം. കഴിഞ്ഞ ദിവസം ഗസയിലെ കത്തോലിക്ക പള്ളിയില്‍ അഭയം പ്രാപിച്ച അമ്മയെയും മകളെയും ഇസ്രഈല്‍ സൈന്യം വെടിവെച്ചുകൊന്നതിനെ അപലപിച്ചുകൊണ്ട് പുറത്തിറക്കിയ പ്രസ്താവനയിലാണ് പാത്രിയാര്‍ക്കേറ്റിന്റെ പ്രതികരണം.

ശനിയാഴ്ചയാണ് ഗസയിലെ ഹോളിഫാമിലി പാരിഷ് കോമ്പൗണ്ടിനുള്ളില്‍ വെച്ച് ഇസ്രഈല്‍ സൈന്യം രണ്ട് സ്ത്രീകളെ വെടിവെച്ചു കൊന്നത്. കൊല്ലപ്പെട്ടത് പള്ളിയില്‍ അഭയം തേടിയ അമ്മയും മകളുമായിരുന്നു. നഹിദ, മകള്‍ സാറ എന്നിവരാണ് വെടിയെറ്റ് കൊല്ലപ്പെട്ടതെന്നും, കോണ്‍വെന്റിലേക്ക് നടക്കുമ്പോഴാണ് ഇവര്‍ക്ക് വെടിയേറ്റതെന്നും ബിഷപ്പിന്റെ ഓഫീസ് അറിയിച്ചിരുന്നു.

ഇസ്രഈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട നഹിദയും മകള്‍ സാറയും

പള്ളി കോമ്പൗണ്ടില്‍ മറ്റുള്ളവരെ സംരക്ഷിക്കാന്‍ ശ്രമിച്ച മറ്റു ഏഴ് പേര്‍ക്കും വെടിയേല്‍ക്കുകയും പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ടെന്നും വിവരങ്ങളുണ്ട്.

ശനിയാഴ്ച രാവിലെ 54 ഭിന്നശേഷിക്കാര്‍ താമസിക്കുന്ന കേന്ദ്രത്തിനെതിരെ ഇസ്രഈല്‍ സൈന്യം നടത്തിയ ആക്രമണത്തെയും ലാറ്റിന്‍ പാത്രിയാര്‍ക്കേറ്റ് ഓഫ് ജെറുസലേം അപലപിച്ചു. സിസ്റ്റേഴ്‌സ് ഓഫ് മദര്‍ തെരേസ കോണ്‍വന്റിലെ ഭിന്ന ശേഷിക്കാര്‍ താമസിക്കുന്ന കേന്ദ്രത്തിന് നേരെയാണ് കഴിഞ്ഞ ദിവസം ഇസ്രഈലിന്റെ ആക്രമണങ്ങളുണ്ടായത്. ഈ കേന്ദ്രം താമസയോഗ്യമല്ലാതാകുകയും ഇലക്ട്രിക് ഉപകരണങ്ങള്‍ നശിക്കുയും ചെയ്തു.

വൈദ്യുതി മുടങ്ങിയതോടെ ഈ കേന്ദ്രത്തിലെ അന്തേവാസികളില്‍ ചിലരുടെ ശ്വസന ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കാനാകാതെ പ്രതിസന്ധിയിലാകുയും ചെയ്തിട്ടുണ്ട്. ശ്വാസമെടുക്കാന്‍ കഴിയാത്ത ഇവരില്‍ ചിലര്‍ ഗുരുതരാവസ്ഥയിലുമാണ്.

ലോകത്തിലെ മുഴുവന്‍ സഭകളും ക്രിസ്മസിന് തയ്യാറെടുക്കുമ്പോള്‍ എങ്ങിനെയാണ് ഇത്തരത്തിലുള്ള ആക്രമണങ്ങള്‍ നടത്താന്‍ സാധിക്കുന്നത് എന്നും ലാറ്റിന്‍ പാത്രിയാര്‍ക്കേറ്റ് ഓഫ് ജെറുസലേം ചോദിക്കുന്നു.

content highlights: Latin Patriarchate of Jerusalem Condemns Attacks on Christian Centers in Palestine