കോഴിക്കോട് കണ്ണപ്പന്‍കുണ്ടില്‍ വീണ്ടും മലവെള്ളപ്പാച്ചില്‍; വനത്തില്‍ ഉരുള്‍പൊട്ടിയതാണെന്ന് സൂചന
Kerala News
കോഴിക്കോട് കണ്ണപ്പന്‍കുണ്ടില്‍ വീണ്ടും മലവെള്ളപ്പാച്ചില്‍; വനത്തില്‍ ഉരുള്‍പൊട്ടിയതാണെന്ന് സൂചന
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 5th October 2018, 5:24 pm

കോഴിക്കോട്: പ്രളയകാലത്ത് ഏറെ ദുരന്തം വിതച്ച കോഴിക്കോട് കണ്ണപ്പന്‍കുണ്ടില്‍ വീണ്ടും മലവെള്ളപ്പാച്ചില്‍. പ്രദേശത്ത് മഴപെയ്യുന്നില്ലെങ്കിലും ശക്തമായ മലവെള്ളപ്പാച്ചിലാണ് കണ്ണപ്പന്‍കുണ്ട് പുഴയില്‍ ഉണ്ടായിരിക്കുന്നത്.

വനത്തില്‍ ഉരുള്‍പൊട്ടിയത് കൊണ്ടാവാം മലവെള്ളപ്പാച്ചില്‍ ഉണ്ടാവാന്‍ കാരണമെന്നാണ് കരുതുന്നത്. കോഴിക്കോട് ജില്ലയുടെ മലയോര ഭാഗങ്ങളില്‍ രണ്ട് ദിവസമായി മഴ പെയ്യുന്നുണ്ട്. കണ്ണപ്പന്‍ കുണ്ടില്‍ മലവെള്ളപ്പാച്ചില്‍ ഉണ്ടായതിനെ തുടര്‍ന്ന് മുക്കം ഫയര്‍ഫോഴ്‌സ് അടക്കമുള്ളവര്‍ സ്ഥലത്തിയിട്ടുണ്ട്.

മഴക്കാലത്ത് രണ്ട് തവണ ഉരുള്‍പൊട്ടലുണ്ടായ സ്ഥലമാണ് കണ്ണപ്പന്‍ കുണ്ട്. നിരവധി വീടുകള്‍ ഒലിച്ചു പോയിരുന്നു. പലരും ആഴ്ചകളോളം ദുരിതാശ്വാസ കേന്ദ്രങ്ങളിലായിരുന്നു. ഇതിനിടെയാണ് വീണ്ടും മലവെള്ളപ്പാച്ചില്‍ ഉണ്ടായിരിക്കുന്നത്.

മഴ മാറിയതോടെ വറ്റിവരണ്ട പുഴയിലൂടെയാണ് ഇപ്പോള്‍ മലവെള്ളം ശക്തമായി ഒഴുകുന്നത്. ഇതോടെ പ്രദേശത്തുള്ളവര്‍ വീണ്ടും ആശങ്കയിലാണ്. ന്യൂനമര്‍ദ സാധ്യതയുള്ളതിനാല്‍ ജില്ലയില്‍ ശക്തമായ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.


അതേസമയം, സംസ്ഥാനത്ത് ഇന്നു മുതല്‍ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പുണ്ട്. മറ്റന്നാള്‍ ഇടുക്കിയിലും മലപ്പുറത്തും റെഡ് അലര്‍ട്ടും പ്രഖ്യാപിച്ചു.

കനത്ത കാറ്റ് വീശുന്നതിനാല്‍ ഇന്നുമുതല്‍ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പുണ്ട്. റെഡ് അലര്‍ട്ടും യെല്ലോ അലര്‍ട്ടും ഉള്ള സാഹചര്യത്തില്‍ മലയോര മേഖലകളിലേയ്ക്കുള്ള യാത്ര ഒഴിവാക്കണമെന്നും അധികൃതരുടെ മുന്നറിയിപ്പുണ്ട്.