എന്താണെന്താണെ'ന്തുകുന്താ'?
Traveller Column
എന്താണെന്താണെ'ന്തുകുന്താ'?
നിഖില്‍ പി
Friday, 13th April 2018, 7:54 pm

ഭാഗം മൂന്ന്:

 

അങ്ങനെയിരിക്കെയാണ് റെയില്‍വേ റിസര്‍വേഷന്‍ സൈറ്റില്‍ വിന്റര്‍-സ്‌പെഷ്യല്‍ ഡിസ്‌കൌണ്ട് കാണുന്നത്. രണ്ടു കിലോ ആപ്പിളുവാങ്ങുന്ന പൈസയ്ക്ക് ഹെല്‍സിങ്കിയില്‍ പോയി വരാം!
ടിക്കറ്റു ബുക്ക് ചെയ്തു.

ഡിസ്‌കൗണ്ട് ടിക്കറ്റുകള്‍ക്ക് ഒരു വലിയ പ്രശ്‌നമുണ്ട്. സാധാരണ സമയത്തൊന്നും അതു വെച്ച് യാത്ര നടക്കില്ല. രാവിലെ അഞ്ചരയ്ക്ക് റെയില്‍വേ സ്റ്റേഷനിലെത്തണം. പുറത്തിറങ്ങും മുമ്പ് ഇന്റര്‍നെറ്റില്‍ താപനില ഒന്നു പരിശോധിച്ചു. മൈനസ് മൂന്ന്. വലിയ തരക്കേടില്ല. ഹെല്‍സിങ്കിയിലേക്കുള്ള പ്രവചനവും അതേ റേഞ്ചിലാണ്.

കുറച്ചു ദൂരെയായി പ്ലാറ്റ്‌ഫോമില്‍ കാണുന്നതെന്താണ്? ഇനി റെയില്‍വേസ്റ്റേഷന്‍ രണ്ടു നിലയായിട്ടാണോ? ആകെയൊരു വശപ്പിശക്. കണ്ണുതിരുമ്മി വീണ്ടും നോക്കി. ഉറക്കച്ചടവൊന്നുമല്ല. അടുത്തു ചെല്ലുന്തോറും “ഒന്നെന്ന ട്രെയിനെയിഹ രണ്ടെന്ന് കണ്ടളവിലുണ്ടായൊരിണ്ടല്‍ ബത മിണ്ടാവതല്ല മമ” എന്ന മട്ടാവുന്നുണ്ട്.

തീവണ്ടിയ്ക്കാണു രണ്ടു നില. ഡബിള്‍ ഡെക്കര്‍. പതുക്കെ ട്രെയിനിനകത്തേയ്ക്ക് കയറി. കംപാര്‍ട്ട്‌മെന്റ് കാണാന്‍ ഫ്‌ലൈറ്റിലെ എക്കണോമിക്ലാസ്സു പോലെയുണ്ട്. കണ്ണാടിച്ചില്ല്, ചാരിയിരിപ്പ്, പതുപതുത്ത കുഷന്‍- വെറും രണ്ടേ രണ്ടു കിലോ ആപ്പിള്‍.

അമ്മൂമ്മശാപം വിടാതെ പിന്തുടര്‍ന്നുകൊണ്ടിരിക്കുകയാണെന്നു തോന്നുന്നു, കുറച്ചപ്പുറത്തെ സീറ്റില്‍ ഇത്തവണ രണ്ടമ്മൂമ്മമാരുണ്ട്. കൊച്ചുവെളുപ്പാന്‍കാലമാണെന്നൊന്നും നോക്കാതെ കാര്യഗൗരവമായി എന്തോ ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുകയാണവര്‍. ഒച്ച കുറച്ചുകൂടെ ഉയരാന്‍ തുടങ്ങിയതു കേട്ട് നോക്കുമ്പോള്‍, രണ്ടു സീറ്റപ്പുറത്ത്, അമ്മൂമ്മമാരുടെ പാത പിന്തുടര്‍ന്ന് അതിലും കാര്യഗൗരവമായ എന്തോ ചര്‍ച്ചചെയ്തുകൊണ്ടിരിക്കുന്ന നാലു കൗമാരക്കാരികളുമുണ്ട്. ഏറ്റവും പുറകില്‍ രണ്ടു ജോഡി കാമുകീകാമുകന്മാരും. ആകെ ഇത്ര പേരെ കംപാര്‍ട്ട്‌മെന്റിലുള്ളൂ. ഒച്ചയും കുലുക്കവുമൊന്നുമില്ലാതെ വണ്ടി പതുക്കെ നീങ്ങിത്തുടങ്ങുന്നു. കണ്ണടച്ചിരുന്നാല്‍ ട്രെയിന്‍ നീങ്ങുന്നത് പോലും അറിയില്ല. ഇരുട്ട് കട്ടകുത്തി നില്‍ക്കുമ്പോള്‍ ചില്ലുഭിത്തിക്ക് പുറത്തേക്ക് കണ്ണുനട്ടിരുന്നിട്ട് പ്രത്യേകിച്ച് പ്രയോജനമില്ലാത്തതുകൊണ്ടും, കംപാര്‍ട്ട്‌മെന്റിലുള്ള ആളുകളുടെ എണ്ണം വളരെ കുറവായതിനാല്‍ സൂക്ഷ്മനിരീക്ഷണം തുറിച്ചുനോട്ടമായി വ്യാഖ്യാനിക്കപ്പെടാം എന്ന ആശങ്ക കൊണ്ടും, പതുക്കെ ഒന്നു മയങ്ങാന്‍ തീരുമാനിച്ചു. കുറച്ചുകഴിഞ്ഞപ്പോഴേക്കും ടി.ടി.ഇ. എത്തി, ടിക്കറ്റ് ചോദിച്ചു. കയ്യിലെ റീഡറില്‍ ടിക്കറ്റിലെ ക്യൂ.ആര്‍ കോഡൊന്നു സ്‌കാന്‍ ചെയ്ത് ഇംഗ്ലീഷില്‍ “ഹാവ് എ നൈസ് ജേണി” എന്നാശംസിച്ച് പുഞ്ചിരിച്ചു. ഞാന്‍ തിരിച്ച് ഫിന്നിഷില്‍ ഒരു “കീറ്റോസും” പുഞ്ചിരിയും മടക്കി, വീണ്ടും മയക്കത്തിലേക്ക് കടന്നു.

കണ്ണുതുറന്നപ്പോഴേക്ക് പുറത്ത് കുറേശ്ശെ, വളരെ കുറേശ്ശെ, വെളിച്ചം വരാന്‍ തുടങ്ങിയിരിക്കുന്നു.

ഹിമമയം.

ബോളിവുഡ് സിനിമകളിലെ മരണവീട്ടിലെത്തിപ്പെട്ടപോലെ മരങ്ങളും കുറ്റിച്ചെടികളും പാടങ്ങളും പോസ്റ്റുകളുമെല്ലാം വെള്ളപുതച്ചുനില്‍ക്കുന്നു. ഒരു കുലുക്കംകൊണ്ടു പോലും അവയെ ഉലയ്ക്കാതെ, ഒട്ടും ശബ്ദമുണ്ടാക്കാതെ, ധ്യാനം വഴിയുന്നൊരു മഞ്ഞവെളിച്ചം വിതറി, തീവണ്ടി മാത്രം മുന്നോട്ടു പാഞ്ഞുകൊണ്ടിരിക്കുന്നു.

ഹെല്‍സിങ്കിയ്ക്കടുത്തെത്താറായതോടെ പതുക്കെ വെളിച്ചം പരക്കാനും മഞ്ഞുരുകാനും തുടങ്ങി.

ഹെല്‍സിങ്കിയിലെത്തിയപാടെ ഒരു ഡേ-ടിക്കറ്റെടുത്തു. ഇനി ഈ ദിവസം മുഴുവന്‍ ഹെല്‍സിങ്കിയില്‍ കറങ്ങാം. ബസ്സിനോ സബര്‍ബന്‍ തീവണ്ടികള്‍ക്കോ ട്രാമിനോ ബോട്ടിനോ ഒന്നും വേറെ ടിക്കറ്റെടുക്കേണ്ട. നാട്ടിലെ അയല്‍പക്കക്കാരായ രേഷ്മയും ദീപക്കും ഹെല്‍സിങ്കിക്കടുത്ത് എസ്പൂ എന്ന പട്ടണത്തിലാണ് താമസം. നേരത്തേതന്നെ അവിടെപ്പോവാമെന്നേറ്റിരുന്നു. ഒരു ലോക്കല്‍ ട്രെയിന്‍ പിടിച്ച് നേരെ എസ്പൂവിലേക്ക് തിരിച്ചു.

നാട്ടിലെ ഒരു ഐടി കമ്പനിയില്‍ നിന്ന് ഓണ്‍സൈറ്റ് ജോലിക്കായി ഫിന്‍ലാന്റിലെത്തിയതാണ് ദീപക്കേട്ടന്‍. അങ്ങനെയെത്തിയ ഒരുപാട് മലയാളികള്‍ എസ്പൂവിനടുത്തുണ്ടത്രേ. സ്റ്റേഷനില്‍ ദീപക്കേട്ടനും രേഷ്മയും കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. കുറെയധികം ഇന്ത്യക്കാരുള്ള സ്ഥലമായതിനാല്‍ അവരുടെ പ്രദേശത്ത് അരിപ്പൊടിയും പലവ്യഞ്ജനങ്ങളുമെല്ലാം കിട്ടുന്ന ഒന്നു രണ്ട് ഇന്ത്യന്‍ സ്റ്റോറുകളും ഉണ്ട്.

ലോകത്തിലെ ഏറ്റവും രുചിയേറിയ ഭക്ഷണം എന്താണ്? രണ്ടുമാസം തുടര്‍ച്ചയായി ഉപ്പുമാവോ ഓട്ട്‌സോ കോണ്‍ഫ്‌ലേക്‌സോ മാത്രം കഴിച്ച് ജീവിതത്തില്‍ പ്രതീക്ഷ നശിച്ച് നില്‍ക്കുന്ന സന്ദര്‍ഭത്തില്‍ കഴിക്കുന്ന പുട്ടും കടലയുമാണത്. അവരുടെ അപ്പാര്‍ട്ട്‌മെന്റില്‍ നിന്നുമാണ് പ്രഭാതഭക്ഷണം കഴിച്ചത്. ശേഷം ഞങ്ങളൊരുമിച്ച് ഹെല്‍സിങ്കിയിലേക്ക് തിരിച്ചു.

ഫിന്‍ലാന്റിന്റെ തലസ്ഥാനമാണല്ലോ ഹെല്‍സിങ്കി. അവിടത്തെ പ്രധാന റെയില്‍വേ സ്റ്റേഷനില്‍ നിന്നു നടന്നെത്താവുന്ന ദൂരത്തിലാണ് ഫിന്നിഷ് പാര്‍ലിമെന്റ് സ്ഥിതിചെയ്യുന്നത്. വലിയ മതിലും ഗേറ്റുമൊന്നുമില്ല. പാര്‍ലമെന്റ് ഏകദേശം റോഡുവക്കത്തുതന്നെയാണെന്ന് പറയാം. പടികളും പടുകൂറ്റന്‍ തൂണുകളുമായി തലയുയര്‍ത്തിനില്‍ക്കുന്ന കെട്ടിടത്തിന് എഴുപത്തഞ്ചു വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുണ്ട്. ഉയരത്തില്‍ നിരന്നു നില്‍ക്കുന്ന തൂണുകള്‍ കെട്ടിടത്തിന് വല്ലാത്തൊരു ഗാംഭീര്യം പകരുന്നുണ്ട്. എങ്കിലും എന്നെ ഏറ്റവുമാകര്‍ഷിച്ചത് പാര്‍ലമെന്റിന്റെ ഫിന്നിഷ് പേരാണ്… എദുസ്‌കുന്താ (Eduskunta).
ഉള്ളിലെ സാഹസങ്ങള്‍ വെച്ചു നോക്കിയാല്‍ “എന്തുകുന്താ” എന്നത് നമ്മുടെ പാര്‍ലമെന്റിനും പറ്റിയൊരു പേരാവും എന്നു തോന്നി.

ഇവിടെയും പാര്‍ലമെന്റിനുമുന്നില്‍ത്തന്നെയായി വലിയൊരു പ്രതിമയുണ്ട്. നീയാരെടാ എന്ന മട്ടില്‍ കട്ടക്കലിപ്പിലാണിരിപ്പ്. ക്യോസ്തി കാലിയൊ. അതാണ് കക്ഷിയുടെ പേര്. പെട്ടന്ന് കണ്ടാല്‍ ലെനിന്റെയൊരു ഛായയൊക്കെ തോന്നും. അവിടത്തെ വലിയ നേതാവാണ്. നാലുവട്ടം പ്രധാനമന്ത്രിയും ആറു തവണ സ്പീക്കറുമെല്ലാമായിട്ടുണ്ട് കക്ഷി.

എന്തായാലും സന്ദര്‍ശാനുമതി ഇല്ലാത്ത ദിവസം എത്തിപ്പെട്ടതിനാല്‍ പാര്‍ലമെന്റിനകത്തു കയറാന്‍ കഴിഞ്ഞില്ല.

നഗരത്തിലെ മൂന്ന് പള്ളികളിലേക്കാണ് അടുത്ത യാത്ര.

 

(തുടരും)


 

Also Read:

Part 1 – (വെറും?) ആയിരം തടാകങ്ങളുടെ നാട്

Part 2 –  മഞ്ഞുമായൊരു മല്‍പ്പിടുത്തം