പണ്ട് ചാന്‍സ് ചോദിക്കുമായിരുന്നു, ഇപ്പോള്‍ അതങ്ങ് നിര്‍ത്തി: ലാലു അലക്‌സ്
Entertainment news
പണ്ട് ചാന്‍സ് ചോദിക്കുമായിരുന്നു, ഇപ്പോള്‍ അതങ്ങ് നിര്‍ത്തി: ലാലു അലക്‌സ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 12th February 2022, 11:25 pm

മലയാളി പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട താരമാണ് ലാലു അലക്‌സ്. പുലിവാല്‍ കല്യാണം, കല്യാണ രാമന്‍, ചോക്ലേറ്റ്, ഫാന്റം, നിറം, റോമന്‍സ് അങ്ങനെ നിരവധി ചിത്രങ്ങളിലെ തന്റെ കഥാപാത്രങ്ങളിലൂടെ അദ്ദേഹം പ്രേക്ഷകമനസില്‍ കുടിയേറിയിട്ടുണ്ട്.

ഒരു ചെറിയ ഇടവേളക്ക് ശേഷം അദ്ദേഹം അവതരിപ്പിച്ച ബ്രോ ഡാഡിയിലെ കുര്യന്‍ മാളിയേക്കലും പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. സിനിമയില്‍ വിജയിച്ചു നില്‍ക്കുന്നു എന്ന് പ്രേക്ഷകര്‍ കരുതുന്നവര്‍ പോലും ഇപ്പോഴും സംവിധായകരോട് ചാന്‍സ് ചോദിക്കാറുണ്ട്. താനും പണ്ട് ചാന്‍സ് ചോദിക്കാറുണ്ടായിരുന്നു എന്നും എന്നാല്‍ ഇപ്പോള്‍ അത് നിര്‍ത്തി എന്നും പറയുകയാണ് ലാലു അലക്‌സ്. ബിഹൈന്‍ഡ്‌വുഡ്‌സിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘ഞാന്‍ ഒന്നിന്റേയും പുറകെ ഓടുന്ന ആളല്ല. പണ്ട് ചാന്‍സ് ചോദിക്കുമായിരുന്നു. ഇപ്പോ അതങ്ങ് നിര്‍ത്തി. ഏതായാലും അവിടുന്നു ഇവിടെ വരെയൊക്കെ എത്തിയല്ലോ. ഇനിയും എനിക്ക് പറ്റിയ, എന്നെ കൊണ്ട് ചെയ്യിച്ചെടുക്കാന്‍ പറ്റിയ വേഷങ്ങള്‍ വരട്ടെ, വരുമ്പോള്‍ കെട്ടിപ്പിടിച്ച് ആലിംഗനം ചെയ്ത് സ്വീകരിക്കും,’ ലാലു അലക്‌സ് പറഞ്ഞു.

‘ഇപ്പോഴും അഭിനയിക്കാന്‍ പോകുമ്പോള്‍ പേടിയുണ്ട്. പുതിയ സംവിധായകനാണെങ്കില്‍. ഞാന്‍ ഇതുവരെ അഭിനയിച്ചിട്ടില്ലാത്ത സംവിധായകനാണെങ്കില്‍ ഒരു രണ്ടുമൂന്ന് ഷോട്ടൊക്കെ എടുത്ത് കഴിയുമ്പോഴേ ഞാന്‍ കംഫര്‍ട്ടബിള്‍ ആവുകയുള്ളൂ.

അഭിനയം ഒരു പാഷനാണ്. അത് കൂടിയും കുറഞ്ഞുമൊക്കെ ഇരിക്കും. എത്രയോ കഴിവുള്ളവര്‍ക്ക് മുന്നോട്ട് വരാനാവാതെ ഇരിക്കുന്നു. പക്ഷേ ടാലന്റില്ലാത്തവര്‍ കയറിവരികയും ചെയ്യുന്നു,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പൃഥ്വിരാജ് സംവിധാനം ചെയിത ‘ബ്രോ ഡാഡി’ ജനുവരി 26നാണ് ഹോട്സ്റ്റാറില്‍ റിലീസ് ചെയ്തത്. ജോണ്‍ കാറ്റാടിയായി മോഹന്‍ലാലും ഈശോ ജോണ്‍ കാറ്റാടിയായി പൃഥ്വിരാജും അഭിനയിച്ച ചിത്രത്തില്‍ സ്റ്റാര്‍ പെര്‍ഫോമറായത് കുര്യന്‍ മാളിയേക്കലായെത്തിയ ലാലു അലക്സായിരുന്നു.

ചിത്രത്തില്‍ ചില പോരായ്മകള്‍ ചൂണ്ടിക്കാണിക്കപ്പെട്ടെങ്കിലും എല്ലാവരും എടുത്തു പറയുന്ന പ്രകടനം ലാലു അലക്‌സിന്റേതാണ്. കുര്യനായി ലാലു അലക്‌സ് ഗംഭീര പ്രകടനം തന്നെ കാഴ്ച വെച്ചു എന്ന വിലയിരുത്തലുകളാണ് ഉയര്‍ന്നത്.


Content Highlight: lalu alex says he stops asking for chance