മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നാണ് ഭൂതക്കണ്ണാടി. ദേശീയ, സംസ്ഥാന ചലച്ചിത്രപുരസ്‌കാരങ്ങളില്‍ നിരവധി അവാര്‍ഡുകളാണ് ചിത്രത്തിന് ലഭിച്ചത്. ഭൂതക്കണ്ണാടിയിലെ നായികയായി അഭിനയിച്ച ശ്രീലക്ഷ്മിക്ക് ആ വര്‍ഷത്തെ മികച്ച രണ്ടാമത്തെ നടിക്കുള്ള അവാര്‍ഡ് ലഭിച്ചിരുന്നു.
എന്നാല്‍ ഈ കഥാപാത്രത്തെ അവതരിപ്പിക്കേണ്ടിയിരുന്നത് നടി സുകന്യയാണെന്ന് പറയുകയാണ് സംവിധായകന്‍ ലാല്‍ജോസ്. രണ്ടാം ദിവസം കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് പറഞ്ഞ് സുകന്യ പോയെന്നും ആദ്യം പറഞ്ഞുവിട്ട ശ്രീലക്ഷ്മിയെ താനാണ് കൊണ്ടുവന്നതെന്നും സഫാരി ചാനലിലെ ചരിത്രം എന്നിലൂടെ എന്ന പരിപാടിയില്‍ വെച്ച് ലാല്‍ജോസ് പറഞ്ഞു.
‘ഭൂതകണ്ണാടിയിലെ പുള്ളുവത്തി സരോജിനി എന്ന കഥാപാത്രത്തെ അവതരിപ്പിക്കാനായി ശ്രീലക്ഷ്മിയെ ആണ് ആദ്യം വിളിച്ചത്. ലോഹിയേട്ടനും എനിക്കും അവരെ ഇഷ്ടമയിരുന്നു. എന്നാല്‍ വേണുവേട്ടനും മമ്മൂക്കയും അവര്‍ ആ ക്യാരക്ടറിന് പറ്റില്ല എന്ന രീതിയില്‍ അഭിപ്രായം പറഞ്ഞു.
ചിത്രത്തിന്റെ പ്രൊഡ്യൂസറായ കിരീടം ഉണ്ണിയുടെ ബന്ധു കൂടിയാണ് ഈ കുട്ടി. അദ്ദേഹം അവരെ പറഞ്ഞുവിട്ടു. അതില്‍ എനിക്ക് നല്ല അമര്‍ഷമുണ്ടായിരുന്നു. കാരണം ഞങ്ങളുടെ നാട്ടില്‍ പുള്ളുവന്‍ പാട്ട് പാടുന്നവരുടെ ഛായയും പ്രകൃതവുമൊക്കെ ശ്രീലക്ഷ്മിക്ക് ഉണ്ടായിരുന്നു.
അതിന് ശേഷം സുകന്യയാണ് പുള്ളുവത്തി സരോജിനിയായി അഭിനയിക്കാന്‍ വന്നത്. പക്ഷേ ഷൂട്ട് തുടങ്ങി രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ സുകന്യക്ക് ഈ കഥാപാത്രം ചെയ്യാന്‍ ബുദ്ധിമുട്ടുണ്ടെന്ന് പറഞ്ഞു. അതിന് പിന്നിലുള്ള ശരിക്കുള്ള കാരണമെന്താണെന്ന് അറിയില്ല. ഇതൊരു മോശം കഥാപാത്രമാണെന്നോ എന്തെക്കെയോ എക്സ്പോസ് ചെയ്യുന്നുണ്ടെന്നോ ഒക്കെയുള്ള കാരണം പറഞ്ഞിട്ടാണ് അവര്‍ പോയത്.
ഇനി എന്ത് ചെയ്യുമെന്ന് വിചാരിച്ചിരുന്നപ്പോള്‍ അന്ന് വന്ന കുട്ടി കറക്ടായിരിക്കില്ലേയെന്ന് ഞാന്‍ ലോഹിയേട്ടനോട് പറഞ്ഞു. പുള്ളുവത്തിയായി അവരെ ഒരുക്കി നോക്കാം, ശരിയായില്ലെങ്കില്‍ വേറെ ആളെ നോക്കാമെന്ന് ഞാന്‍ പറഞ്ഞു. അന്ന് ഞാനാണ് പുറഞ്ഞുവിട്ടത് എനിക്ക് ഇനി തിരിച്ച് വിളിക്കാന്‍ പറ്റില്ലെന്ന് ഉണ്ണിയേട്ടന്‍ പറഞ്ഞു. വിളിക്കുന്ന കാര്യം ഞാന്‍ ഏറ്റെടുത്തു. അവരെ വിളിച്ചു, ആ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ നിങ്ങള്‍ എന്തായാലും ഒന്ന് വരണം, ഉണ്ണിയേട്ടന് വിളിക്കാന്‍ ബുദ്ധിമുട്ടുണ്ട്, വരുന്നതുകൊണ്ട് നിങ്ങള്‍ക്ക് നഷ്ടമൊന്നും ഉണ്ടാകില്ലെന്ന് പറഞ്ഞു. അങ്ങനെ അവര്‍ വീണ്ടും വന്നു.
അന്ന് ഷൂട്ടിങ് നടക്കുന്നത് കൂറ്റനാടാണ്. മമ്മൂക്കക്കും വേണുവേട്ടനുമൊന്നും ഇവര്‍ വരുന്ന കാര്യം അറിയില്ല. പുള്ളുവ സ്ത്രീയായി അവരെ മേക്കപ്പ് ചെയ്ത് പുള്ളുവക്കുടവും കയ്യില്‍ കൊടുത്ത് ലൊക്കേഷനില്‍ കൊണ്ടുവന്നു. അവരെ കണ്ടപ്പോള്‍ മമ്മൂക്കയും വേണുവേട്ടനും അക്ഷരാര്‍ത്ഥത്തില്‍ അത്ഭുപ്പെട്ടു.
അന്ന് ഇവര്‍ക്ക് വേണ്ടി വാദിച്ചപ്പോള്‍ മമ്മൂക്ക എന്നെ കുറ്റപ്പെടുത്തിയിരുന്നു. നീ ഒരു ഡയറക്ടര്‍ ആവേണ്ടവനല്ലേ, കാസ്റ്റിങ്ങിനെ കുറിച്ച ഒന്നുമറിയില്ലേ എന്നൊക്കെയാണ് ചോദിച്ചത്. ശ്രീലക്ഷ്മിയെ പുള്ളുവ സ്ത്രീയായി ഒരുക്കി കൊണ്ടുവന്നപ്പോള്‍ മമ്മൂക്ക എന്റെയടുത്ത് വന്ന് കൈ തന്നു. എക്‌സാറ്റ് കാര്യക്റ്ററാണ്, സരോജിനി ഇവളാണ്, സുകന്യക്ക് പോകാന്‍ തോന്നിയത്, നന്നായി, അല്ലെങ്കില്‍ വലിയ നഷ്ടം സംഭവിക്കുമായിരുന്നു, അവള്‍ ചെയ്തിരുന്നെങ്കില്‍ സരോജിനി ഇത്രയും പെര്‍ഫെക്ടാവില്ലായിരുന്നുവെന്ന് പറഞ്ഞു,’ ലാല്‍ജോസ് പറഞ്ഞു.
Content Highlight: laljose about mammootty’s appreciation for him