Entertainment news
ഇടി കൊള്ളാന്‍ വയ്യ, നെഗറ്റീവ് റോളുകള്‍ കുറയ്ക്കുകയാണ്; ലാല്‍ പറയുന്നു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2021 Mar 01, 08:10 am
Monday, 1st March 2021, 1:40 pm

നടന്‍ ലാലിന് തമിഴിലും മലയാളത്തിലുമായി കൈനിറയെ ചിത്രങ്ങളാണ്. ഇനിമുതല്‍ സിനിമയില്‍ നെഗറ്റീവ് റോളുകളില്‍ അഭിനയിക്കുന്നത് കുറയ്ക്കുകയാണെന്ന് പറയുകയാണ് മനോരമക്ക് നല്‍കിയ അഭിമുഖത്തില്‍ ലാല്‍.

‘നെഗറ്റീവ് റോളുകള്‍ കുറയ്ക്കുകയാണ്. ഇടി കൊള്ളാന്‍ വയ്യ’. ലാല്‍ പറഞ്ഞു. ഇനി വരാനിരിക്കുന്ന ചിത്രങ്ങളെക്കുറിച്ചും അഭിമുഖത്തില്‍ ലാല്‍ പറഞ്ഞു.

‘കാര്‍ത്തിക്കൊപ്പമുള്ള സുല്‍ത്താന്‍ ആണ് ഇനി വരാനിരിക്കുന്ന ഒരു ചിത്രം. മുഴുനീള പോസിറ്റീവ് വേഷമാണ് അതില്‍. ആദ്യമായി തമിഴ് സിനിമയ്ക്കായി ഞാന്‍ ഡബ് ചെയ്തത് ഈ ചിത്രത്തിലാണ്. ധനുഷുമായി ചേര്‍ന്നുള്ള ‘കര്‍ണന്‍’ ആണ് മറ്റൊരു ചിത്രം. ഇതിലും പോസിറ്റീവ് വേഷമാണ്. വിക്രം പ്രഭു നായകനാകുന്ന തമിഴ് ചിത്രത്തില്‍ ഒരു പൊലീസ് വേഷമുണ്ട്. പിന്നെ ‘പൊന്നിയിന്‍ ശെല്‍വനിലെ’ ‘മലയമാന്‍’ എന്ന ക്യാരക്ടര്‍. താരങ്ങളുടെ വന്‍ സംഘം തന്നെ ഭാഗമാകുന്ന വന്‍ ബജറ്റ് ചിത്രമാണത്.’ ലാല്‍ പറഞ്ഞു.

ഏറെ പ്രതീക്ഷയുള്ള ശ്രദ്ധേയമായ വേഷമാണ് മലയമാനിലേതെന്നും ഇതിന്റെ രണ്ടാം ഷെഡ്യൂള്‍ ഇനി രാജസ്ഥാനില്‍ നടക്കുമെന്നും ലാല്‍ പറയുന്നു. മലയാളത്തില്‍ ടൊവിനോയുടെ ‘കള’ കുഞ്ചാക്കോ ബോബന്‍ നായകനാകുന്ന നിഴല്‍, ചിദംബരം സംവിധാനം ചെയ്യുന്ന ജാന്‍ എ മന്‍ എന്നിവയാണ് ലാലിന്റെ പൂര്‍ത്തിയായ ചിത്രങ്ങള്‍. എബ്രിഡ് ഷൈന്‍-നിവിന്‍ പോളി ചിത്രം ആരംഭിക്കാനിരിക്കുന്നുമുണ്ട്.

ലാലും മകന്‍ ലാല്‍ ജൂനിയറും (ജീന്‍ പോള്‍) ഒരുമിച്ച് സംവിധാനം ചെയ്ത ചിത്രം സുനാമിയും റിലീസിനൊരുങ്ങുകയാണ്. മാര്‍ച്ച് 11 നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്.

ലാല്‍ തന്നെ എഴുതി സംവിധാനം ചെയ്യാനിരുന്ന ചിത്രമായിരുന്നു സുനാമി. എന്നാല്‍, ഷൂട്ടിങ് പ്ലാന്‍ ചെയ്തിരുന്ന സമയത്ത് കുറേയേറെ തമിഴ് ചിത്രങ്ങളുടെ ഓഫറുകള്‍ ലാലിനെ തേടിയെത്തി. ഇതോടെയാണ് സിനിമയുടെ സംവിധാനം ഏറ്റെടുക്കാന്‍ ലാല്‍ മകനോട് ആവശ്യപ്പെടുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ പസ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Lal says about he will stop doing negative rolls in films