പ്രേമലു സിനിമയ്ക്ക് വേണ്ടി അതിന്റെ നിർമാതാക്കളെക്കാളും ഡയറക്ടറേക്കാളും ആർട്ടിസ്റ്റുകളെക്കാളും കൂടുതൽ താൻ പ്രാർത്ഥിച്ചിട്ടുണ്ടെന്ന് സംവിധായകനും നടനുമായ ലാൽ ജോസ്. അത് സിനിമാട്ടോഗ്രാഫർ അജ്മലിന്റെ സിനിമയാണെന്നും അത് അവന്റെ മൂന്നാമത്തെ പടമാണെന്നും ലാൽ ജോസ് പറഞ്ഞു. പ്രേമലു ഹിറ്റായില്ലെങ്കിൽ അജ്മൽ നിർഭാഗ്യവാൻ ആണെന്ന് പറയുമെന്നും ലാൽ ജോസ് പറയുന്നുണ്ട്.
സിനിമ വലിയ ഇൻവെസ്റ്റ്മെന്റ് ഉള്ള ഒരു ബിസിനസ് ആയതുകൊണ്ട് ഹിറ്റായ സിനിമയുടെ ക്യാമറാമാൻ വേണമെന്ന് ആളുകൾ പറയുമെന്നും ലാൽ ജോസ് കൂട്ടിച്ചേർത്തു. അതുകൊണ്ട് തന്നെ പ്രേമലുവിന്റെ വിജയത്തിന് വേണ്ടി താൻ പ്രാർത്ഥിച്ചിരുന്നെന്നും ലാൽ ജോസ് പറയുന്നുണ്ട്. ക്യൂ സ്റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലാൽ ജോസ് സംവിധാനം ചെയ്ത ‘സോളമന്റെ തേനീച്ചകൾ’ എന്ന സിനിമയുടെ സിനിമാട്ടോഗ്രാഫർ അജ്മൽ സാബു ആയിരുന്നു.
‘പ്രേമലുവിനു വേണ്ടിയിട്ട് അതിന്റെ നിർമാതാക്കളെക്കാളും ഡയറക്ടറേക്കാളും ആർട്ടിസ്റ്റുകളെക്കാളും കൂടുതൽ ഞാൻ പ്രാർത്ഥിച്ചിട്ടുണ്ട്. കാരണം അത് അജ്മലിന് വേണ്ടിയിട്ടാണ്. അജ്മലിന്റെ മൂന്നാമത്തെ സിനിമയാണത്. അതൊരു ഹിറ്റായില്ലെങ്കിൽ ചിലപ്പോൾ അയാൾ നിർഭാഗ്യവാൻ ആണെന്ന് പറയും. സിനിമയിൽ ആരെയും കുറ്റം പറയാൻ പറ്റില്ല.
അത് വലിയ ഇൻവെസ്റ്റ്മെന്റ് ഉള്ള ഒരു ബിസിനസ് ആയതുകൊണ്ട് ഹിറ്റായ സിനിമയുടെ ക്യാമറാമാൻ നോക്കാമെന്ന് പറഞ്ഞ് ആളുകൾ മാറിപ്പോകും. ഞാൻ അയാൾക്ക് വേണ്ടിയിട്ടും ആ സിനിമയ്ക്ക് വേണ്ടിയിട്ടും പ്രാർത്ഥിച്ചിട്ടുണ്ട്. ആദ്യമായിട്ടാണ് ഒരു സ്ഥലത്ത് ഓപ്പൺ ആയിട്ട് പറയുന്നത്. ഞാൻ പ്രേമലുവിന്റെ വിജയത്തിന് വേണ്ടി അത്രയും പ്രാർത്ഥിച്ചിട്ടുണ്ട്.
അല്ലെങ്കിൽ അജ്മലിന് കുഴപ്പം ആകും എന്നുള്ളതുകൊണ്ടാണ്. ഞാൻ ഒരാളുടെ ടാലൻറ് മുഴുവനായിട്ട് കണ്ടിട്ട് ചൂഴ്ന്നു നോക്കിയിട്ട് ഒന്നുമല്ല തെരഞ്ഞെടുക്കുന്നത്. എനിക്ക് വ്യക്തിപരമായിട്ടുള്ള ഇഷ്ടത്തിൽ നിന്നാണ് ഞാൻ ഒരാളെ സെലക്ട് ചെയ്യുന്നത്,’ ലാൽ ജോസ് പറഞ്ഞു.
തണ്ണീര്‍മത്തന്‍ ദിനങ്ങള്‍, സൂപ്പര്‍ ശരണ്യ എന്നീ സിനിമകള്‍ക്ക് ശേഷം ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത സിനിമയായിരുന്നു പ്രേമലു. മമിത ബൈജു, നസ്‌ലെൻ എന്നിവര്‍ പ്രധാനവേഷത്തിലെത്തിയ ചിത്രം ഒരിടവേളക്ക് ശേഷം മലയാളത്തിലെത്തിയ പെര്‍ഫെക്ട് റോം കോം എന്റര്‍ടൈനറാണ്.
Content Highlight: Lal jose prayed for premalu movie’s success