അസിസ്റ്റന്റ് ഡയറക്ടറായി സിനിമാ കരിയര്‍ ആരംഭിച്ചയാളാണ് ലാല്‍ ജോസ്. കമലിനൊപ്പം പതിനാലോളം സിനിമകളില്‍ സഹായിയായി പ്രവര്‍ത്തിച്ച ലാല്‍ ജോസ് ഒരു മറവത്തൂര്‍ കനവ് എന്ന ചിത്രത്തിലൂടെ സ്വതന്ത്രസംവിധായകനായത്. പിന്നീട് മീശമാധവന്‍, അറബിക്കഥ, ക്ലാസ്‌മേറ്റ്‌സ് തുടങ്ങി ഒരുപിടി മികച്ച സിനിമകള്‍ മലയാളികള്‍ക്ക് സമ്മാനിക്കാന്‍ ലാല്‍ ജോസിന് സാധിച്ചു.
മലയാളത്തിലെ മികച്ച നടന്മാരില്‍ ഒരാളായ ജോജുവിനെക്കുറിച്ച് സംസാരിക്കുകയാണ് ലാല്‍ ജോസ്. ജോജുവുമായി വര്‍ഷങ്ങളുടെ പരിചയം തനിക്ക് ഉണ്ടെന്ന് ലാല്‍ ജോസ് പറഞ്ഞു. ഒരുദിവസം തന്നെ കണ്ടപ്പോള്‍ ഇത്രയും കാലമായിട്ടും ഒരു നല്ല വേഷം കിട്ടിയിട്ടില്ലെന്ന് ജോജു തന്നോട് പരിഭവം പറഞ്ഞെന്നും തന്നോട് അങ്ങനെ പറയാന്‍ ജോജുവിന് അവകാശമുണ്ടായിരുന്നെന്നും ലാല്‍ ജോസ് കൂട്ടിച്ചേര്‍ത്തു.
പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും എന്ന സിനിമ ചെയ്യുന്നതിന് മുമ്പ് താന്‍ ഒരു സിനിമയുടെ പൂജക്ക് പോയപ്പോഴാണ് ജോജുവിനെ കണ്ടതെന്ന് ലാല്‍ ജോസ് പറഞ്ഞു. അന്ന് രാവിലെ ജോജുവിനെ പുള്ളിപ്പുലിയിലെ വേഷം ജോജുവിനാണെന്ന് താന്‍ തീരുമാനിച്ചെന്നും ഇക്കാര്യം ജോജുവിനോട് പറയാന്‍ തീരമാനിച്ചെന്നും ലാല്‍ ജോസ് കൂട്ടിച്ചേര്‍ത്തു.
കുഞ്ചാക്കോ ബോബനൊപ്പം ത്രൂ ഔട്ട് കഥാപാത്രമാണ് തന്റേതെന്ന് ജോജുവിനോട് പറഞ്ഞെന്നും ഇക്കാര്യം രഹസ്യമായി വെക്കാന്‍ ജോജുവിനോട് ആവശ്യപ്പെട്ടെന്നും ലാല്‍ ജോസ് പറഞ്ഞു. പിറ്റേദിവസത്തെ പത്രത്തില്‍ ജോജു ഇക്കാര്യം വിശദമായി ഒരു അഭിമുഖം കൊടുത്തെന്നും അത് താന്‍ കണ്ടെന്നും ലാല്‍ ജോസ് കൂട്ടിച്ചേര്‍ത്തു. സിനിപ്ലസ് എന്റര്‍ടൈന്മെന്റ്‌സിനോട് സംസാരിക്കുകയായിരുന്നു ലാല്‍ ജോസ്.
‘പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും എന്ന സിനിമയുടെ ഷൂട്ടിന് മുമ്പ് ഞാന്‍ വേറൊരു സിനിമയുടെ പൂജക്ക് പോയിരുന്നു. അവിടെ ജോജുവും ഉണ്ടായിരുന്നു. എന്നെ കണ്ടപ്പോള്‍ അവന്‍ പരിഭവം പറയാന്‍ തുടങ്ങി. ‘ചേട്ടാ, നമ്മളൊക്കെ ഇത്രയും കാലമായി ഇവിടെ ഉണ്ട്. ഒരു നല്ല റോള്‍ നിങ്ങള്‍ തന്നിട്ടില്ല. ചെറിയ റോളിലേക്ക് നമ്മളെ വിളിക്കും. നല്ല റോളിലേക്ക് വേറെ ആരെയെങ്കിലും വിളിക്കും’ എന്ന് പറഞ്ഞു.
എനിക്ക് അത് കേട്ടിട്ട് ചിരി വന്നു. അന്ന് രാവിലെ പുള്ളിപ്പുലിയിലെ ഒരു വേഷം ജോജുവിന് കൊടുക്കാമെന്ന് തീരുമാനിച്ചതായിരുന്നു. ഇക്കാര്യം അവനോട് പറയുകയും ചെയ്തു. വേറെ ആരോടും പറയരുത്, രഹസ്യമായി വെക്കണമെന്നും പറഞ്ഞുവെച്ചു. പിറ്റേദിവസം വിനോദ് ഷൊര്‍ണൂര്‍ ഒരു പത്രവുമായി എന്റെയടുത്തേക്ക് വന്നു. അതില്‍ എല്ലാ കാര്യവും ജോജു വിശദമായി പറഞ്ഞിട്ടുണ്ട്. ‘ലാല്‍ ജോസിന്റെ അടുത്ത പടത്തില്‍ ടൈറ്റില്‍ റോളിലെത്തുന്നു’ എന്നായിരുന്നു വാര്‍ത്ത,’ ലാല്‍ ജോസ് പറഞ്ഞു.
Content Highlight: Lal Jose about the casting of Joju George in Pullippulikalum Aattinkuttiyum movie