ന്യൂസിലാന്‍ഡിനെതിരായ ആദ്യ ടി-20യില്‍ ഇന്ത്യയെ 21 റണ്‍സിനാണ് സന്ദര്‍ശകര്‍ തകര്‍ത്തത്. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാന്‍ഡ് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സ് നേടിയപ്പോള്‍ മറുപടിക്കിറങ്ങിയ ഇന്ത്യക്ക് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സാണ് നേടാനായത്. ജയത്തോടെ മൂന്ന് മത്സര പരമ്പരയില്‍ 1-0ന് ന്യൂസിലാന്‍ഡ് മുന്നിലെത്തി.
ആദ്യ ടി-20യില്‍ ഇന്ത്യന്‍ ടീമിന് എവിടെയാണ് പിഴവ് പറ്റിയതെന്നും പരാജയത്തിന്റെ പ്രധാന കാരണം അര്‍ഷ്ദീപ് സിങ്ങിന്റെ പിഴവാണെന്നും വിമര്‍ശിച്ച് മുന്‍ താരങ്ങളില്‍ പലരും രംഗത്തെത്തിയിരുന്നു. ഇപ്പോള്‍ താരത്തിന്റെ പോരായ്മകള്‍ ചൂണ്ടിക്കാട്ടിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ പേസര്‍ ലക്ഷ്മിപതി ബാലാജി.
അര്‍ഷദീപ് നിരവധി എക്സ്ട്രാസ് വിട്ടുകൊടുക്കുന്നതാണ് പ്രശ്നമെന്നും നോബോളുകള്‍ നിയന്ത്രിക്കാന്‍ ഒറ്റയടിക്ക് ഒന്നും ചെയ്യാനില്ലെന്നും അടിസ്ഥാനത്തില്‍ നിന്ന് തുടങ്ങണമെന്നും ബാലാജി പറഞ്ഞു. സ്റ്റാര്‍ സ്‌പോര്‍ട്‌സിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ സംസാരിച്ചത്.
‘നോബോളുകള്‍ എറിയുന്നതിന്റെ പ്രശ്നം പെട്ടെന്ന് നിര്‍ത്താനാകില്ല. അര്‍ഷ്ദീപ് തന്റെ റണ്ണിങ് മാര്‍ക്ക് കൃത്യമായി അടയാളപ്പെടുത്തുകയാണ് വേണ്ടത്. മാത്രവുമല്ല സമ്മര്‍ദ്ദങ്ങളില്‍ മികച്ച മനസാന്നിധ്യം കാട്ടണം. അവന്‍ നോ ബോളുകളെറിയുന്നത് വലിയ ആശങ്കയുണ്ടാക്കുന്ന കാര്യമാണ്.
ബൗളിങ് പരിശീലകനോടൊപ്പം സമയം ചിലവിട്ട് ഈ തെറ്റുകള്‍ മാറ്റാന്‍ ശ്രമം നടത്തണം. അവന്‍ ശക്തമായി തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്,’ അദ്ദേഹം പറഞ്ഞു.
മുന്‍ ഇന്ത്യന്‍ താരങ്ങളായ സഞ്ജയ് ബംഗറും മുഹമ്മദ് കൈഫും അര്‍ഷ്ദീപിന്റെ ബൗളിങ് ശൈലിയിലെ പിഴവുകള്‍ ചൂണ്ടിക്കാട്ടി രംഗത്തെത്തിയിരുന്നു.
അര്‍ഷ്ദീപിന്റേത് മോശം പ്രകടനമായിരുന്നെന്നും വൈഡ് യോര്‍ക്കറുകള്‍ എറിഞ്ഞ് പ്രശസ്തി നേടിയ താരമാണ് അദ്ദേഹമെന്നും പറഞ്ഞ ബംഗാര്‍ റാഞ്ചിയില്‍ കൂടുതലും സ്ലോട്ടിലാണ് അര്‍ഷ്ദീപ് പന്തെറിഞ്ഞതെന്നും ചൂണ്ടിക്കാട്ടി.
അതേസമയം ലോങ്ങ് റണ്‍ അപ്പ് എടുത്ത് ഊര്‍ജം പാഴാക്കുകയാണ് അര്‍ഷ്ദീപ് എന്നും നല്ല ബൗളറായിട്ടുകൂടി അനാവശ്യമായി ആംഗിള്‍ മാറ്റുകയാണ് അദ്ദേഹം ചെയ്തതെന്നും കൈഫ് പറഞ്ഞു.