എല്ലാ മീന്‍പിടിത്ത ബോട്ടുകളിലും സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ വേണം; ലക്ഷദ്വീപില്‍ വീണ്ടും വിവാദ ഉത്തരവ്
national news
എല്ലാ മീന്‍പിടിത്ത ബോട്ടുകളിലും സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ വേണം; ലക്ഷദ്വീപില്‍ വീണ്ടും വിവാദ ഉത്തരവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 5th June 2021, 5:01 pm

കവരത്തി: എല്ലാ മീന്‍പിടിത്ത ബോട്ടുകളിലും സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ നിയോഗിക്കണമെന്ന വിവാദ ഉത്തരവ് ഇറക്കി ലക്ഷദ്വീപ് ഭരണകൂടം.

സുരക്ഷ വര്‍ധിപ്പിക്കാനും മയക്കുമരുന്ന് കടത്ത് അടക്കമുള്ളവ തടയാനും ഇത് സഹായിക്കുമെന്നാണ് വിശദീകരണം. ദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിന്റെ പരിഷ്‌കാരങ്ങള്‍ക്കെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവരുന്നതിനിടെയാണ് പുതിയ ഉത്തരവ്.

ദ്വീപുകളിലെ 50 ശതമാനത്തിലധികം പേരുടെയും പ്രധാന ഉപജീവനം മാര്‍ഗം മത്സ്യബന്ധനമാണ്. കോസ്റ്റ് ഗാര്‍ഡും നാവികസേനയും അടക്കമുള്ളവരുടെ കര്‍ശന പരിശോധന ഇപ്പോള്‍ത്തന്നെ ദ്വീപിലുണ്ട്.

ഇതിനു പുറമേയാണ് കടലില്‍ പോകുന്ന ബോട്ടുകളില്‍ എല്ലാം സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ നിയമിക്കണമെന്ന ഉത്തരവ് ഇറക്കിയത്.

ദ്വീപിലേക്കു വരുന്ന കപ്പലുകളിലും ബോട്ടുകളിലും സുരക്ഷാ പരിശോധന ഇരട്ടിയാക്കിയിട്ടുണ്ട്. ദ്വീപിലിറങ്ങുന്ന യാത്രക്കാരുടെ വിവരങ്ങള്‍ നേരത്തേ കൊച്ചിയിലും കോഴിക്കോട്ടുമായിരുന്നു ശേഖരിച്ചിരുന്നത്. ഇതു ദ്വീപിലെത്തുമ്പോഴും ശേഖരിക്കും.

കപ്പലുകളും ബോട്ടുകളും നിര്‍ത്തുന്ന ബര്‍ത്തുകളിലെല്ലാം കൂടുതല്‍ സി.സി.ടിവി ക്യാമറകളും സ്ഥാപിക്കും. യാത്രക്കാരുടെ ലഗേജും മറ്റും പരിശോധിക്കാനുള്ള സംവിധാനം കൊച്ചിയില്‍ മാത്രമാണ് നിലവില്‍ ഉള്ളത്. ഇതേ സംവിധാനം ബേപ്പൂരും മംഗലാപുരത്തും സ്ഥാപിക്കാന്‍ നടപടിയെടുക്കും തുടങ്ങിയവയാണ് ഭരണകൂടത്തിന്റെ പുതിയ പരിഷ്‌കാരങ്ങള്‍. കേന്ദ്ര സേനയായ സി.ഐ.എസ്. എഫിനാണ് സുരക്ഷാ ചുമതല നല്‍കിയിട്ടുള്ളത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

 

Content Highlights: Lakshadweep Controversy