ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷനെതിരെയുള്ള ക്യാപെയ്ന്‍ ആരംഭിച്ചതും നടത്തുന്നതും കേരളം: ആരോപണവുമായി പ്രഫുല്‍ പട്ടേല്‍
national news
ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷനെതിരെയുള്ള ക്യാപെയ്ന്‍ ആരംഭിച്ചതും നടത്തുന്നതും കേരളം: ആരോപണവുമായി പ്രഫുല്‍ പട്ടേല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 11th June 2021, 9:27 am

കവരത്തി: ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ ലക്ഷദ്വീപ് ജനത നടത്തുന്ന പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍ കേരളമാണെന്ന് ആരോപിച്ച് ദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡാ പട്ടേല്‍. അഡ്മിനിസ്‌ട്രേഷനെതിരെ ക്യാംപെയ്ന്‍ നടത്തുന്നത് കേരളമാണെന്നാണ് ദ വീക്കിന് നല്‍കിയ അഭിമുഖത്തില്‍ പ്രഫുല്‍ പട്ടേല്‍ പറഞ്ഞത്.

ലക്ഷദ്വീപില്‍ അവതരിപ്പിച്ച ബില്ലുകള്‍ക്കെതിരെയുള്ള പ്രതിഷേധം ആരംഭിച്ചത് കേരളത്തില്‍ നിന്നാണെന്നാണ് താന്‍ മനസ്സിലാക്കുന്നതെന്ന് പ്രഫുല്‍ പട്ടേല്‍ പട്ടേല്‍ പറഞ്ഞു. ലക്ഷദ്വീപിലെ ഭൂമിയുമായി ബന്ധപ്പെട്ട നിയമങ്ങളില്‍ മാറ്റം വരുത്തുമ്പോഴും വികസന അതോറിറ്റിയെ സ്ഥാപിക്കുമ്പോഴും ദ്വീപിലെ ജനങ്ങളോടും തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളോടും ചര്‍ച്ച ചെയ്യാമായിരുന്നില്ലേ എന്ന ചോദ്യത്തിന് മറുപടി പറയുമ്പോഴാണ് പ്രഫുല്‍ പട്ടേല്‍ കേരളത്തിനെതിരെ രംഗത്തുവന്നത്.

ബില്ലില്‍ എന്തെങ്കിലും എതിര്‍പ്പോ വിമര്‍ശനങ്ങളോ ഉണ്ടെങ്കില്‍ അറിയിക്കാന്‍ സമയം നല്‍കിയിരുന്നു. നിയമപ്രകാരം പൊതുജന സമക്ഷം ഈ ബില്ലുകള്‍ വെച്ചിരുന്നു. നിരവധി എതിര്‍പ്പുകളും വന്നിരുന്നു. ആ എതിര്‍പ്പുകളെല്ലാം പഠിച്ച ശേഷമാണ് ബില്ല് കേന്ദ്രത്തിന് അയച്ചത്.

ബില്ലിനെ കുറിച്ച് ആര്‍ക്കും അറിയില്ലായിരുന്നെങ്കില്‍ ഈ എതിര്‍പ്പുകള്‍ വരില്ലായിരുന്നല്ലോ. ഈ പുതിയ നിര്‍ദേശങ്ങള്‍ക്കെതിരെയുള്ള വിമര്‍ശനങ്ങള്‍ തുടങ്ങിയത് കേരളത്തില്‍ നിന്നാണെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. കേന്ദ്ര ഭരണപ്രദേശം സ്വതന്ത്രമാണ്. അഡ്മിനിസ്‌ട്രേഷനെതിരെയുള്ള ക്യാംപെയ്ന്‍ നടത്തുന്നത് കേരളമാണ്, പ്രഫുല്‍ പട്ടേല്‍ പറഞ്ഞു.

വികസന അതോറിറ്റി സ്ഥാപിക്കുന്നത് ലക്ഷദ്വീപിലെ ഭൂമിയുമായി ബന്ധപ്പെട്ട നിയമങ്ങളെ മാറ്റിമറിക്കുമെന്നും ബി.ജെ.പി. അനുകൂലികളായ കോര്‍പ്പറേറ്റുകള്‍ക്ക് ഇവിടെ സ്ഥലം സ്വന്തമാക്കാനാണ് ഈ പുതിയ നിര്‍ദേശം കൊണ്ടുവന്നതെന്നുമാണ് ലക്ഷദ്വീപിലെ ജനങ്ങള്‍ പറയുന്നത്. നിര്‍ദേശത്തെ കുറിച്ച് കൃത്യമായ ധാരണയില്ലാത്തതു കൊണ്ടുമാത്രമാണ് വികസന അതോറിറ്റിക്കും മറ്റു നിയമങ്ങള്‍ക്കുമെതിരെ പ്രതിഷേധം നടക്കുന്നതെന്നാണ് പ്രഫുല്‍ പട്ടേല്‍ അഭിമുഖത്തിലുടനീളം ആവര്‍ത്തിക്കുന്നത്.

ലക്ഷദ്വീപില്‍ കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതും ബീഫ് നിരോധനവും കുടിയൊഴിപ്പിക്കലും ഗുണ്ടാ ആക്ട് നടപ്പിലാക്കിയതുമടക്കം സംഘപരിവാര്‍ അജണ്ടകളുമായി മുന്നോട്ടുപോകുന്ന പ്രധാനമന്ത്രിയുടെ വിശ്വസ്തനും മുന്‍ ഗുജറാത്ത് ആഭ്യന്തരമന്ത്രിയും നിലവിലെ ദ്വീപ് അഡ്മിനിസ്‌ട്രേറ്ററുമായ പ്രഫുല്‍ പട്ടേലിനെതിരെ വലിയ പ്രതിഷേധമാണ് ഇപ്പോഴും ഉയരുന്നത്.

ലക്ഷദ്വീപിലെ മുന്‍ അഡ്മിനിസ്‌ട്രേറ്ററായിരുന്ന ദിനേശ്വര്‍ ശര്‍മ്മ ശ്വാസകോശ രോഗത്തെ തുടര്‍ന്ന് മരണപ്പെട്ടതോടെയാണ് കഴിഞ്ഞ ഡിസംബറില്‍ പ്രഫുല്‍ പട്ടേലിനെ പ്രധാനമന്ത്രി നരേന്ദ്രമോദി ലക്ഷദ്വീപിന്റെ അഡ്മിനിസ്‌ട്രേറ്റര്‍ ചുമതല ഏല്‍പ്പിക്കുന്നത്.

പ്രഫുല്‍ പട്ടേല്‍ ഏകാധിപത്യഭരണം നടത്താനാണ് ശ്രമിക്കുന്നതെന്ന് ചുമതലയേറ്റത് മുതല്‍ വ്യാപക വിമര്‍ശനമുയര്‍ന്നിരുന്നു. പദവി ഏറ്റെടുത്ത ശേഷമുള്ള അഡ്മിനിസ്‌ട്രേറ്ററുടെ ആദ്യ നിയമപരിഷ്‌കാരം ഗുണ്ടാ ആക്ട് നടപ്പിലാക്കിയതായിരുന്നു. കുറ്റകൃത്യങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യാറില്ലാത്ത ദ്വീപില്‍ ഗുണ്ടാ ആക്ട് പാസാക്കിയ നടപടി ജനാധിപത്യവിരുദ്ധമാണെന്നാണ് ദ്വീപ് നിവാസികള്‍ ആരോപിക്കുന്നത്.

കൊവിഡ് പ്രോട്ടോകോളില്‍ ഇളവ് നല്‍കിയ പ്രഫുല്‍ പട്ടേലിന്റെ നടപടിക്ക് പിന്നാലെ ദ്വീപില്‍ കൊവിഡ് വ്യാപിക്കുകയാണ്. രാജ്യം മുഴുവന്‍ കൊവിഡില്‍ മുങ്ങിയപ്പോഴും ഒരു വര്‍ഷത്തോളം രോഗത്തെ കടലിനപ്പുറം നിര്‍ത്തിയ ലക്ഷദ്വീപിലെ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 68 ശതമാനത്തോളമെത്തിയിരുന്നു. കൊച്ചിയില്‍ ക്വാറന്റീനില്‍ ഇരുന്നവര്‍ക്ക് മാത്രം ദ്വീപിലേക്ക് പ്രവേശനം നല്‍കി പാലിച്ച് പോന്ന നിയന്ത്രണങ്ങള്‍ക്കാണ് ദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍ ഇളവുകളനുവദിച്ചത്.

കേരളത്തിലും പ്രഫുല്‍ പട്ടേലിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററെ നീക്കണമെന്ന് നിയമസഭയില്‍ പ്രമേയം പാസാക്കിയിരുന്നു. ഏകകണ്ഠമായാണ് പ്രമേയം പാസാക്കിയത്. ലക്ഷദ്വീപിന് മേല്‍ കാവി അജണ്ട നടപ്പാക്കാന്‍ ശ്രമിക്കുകയാണെന്നാണ് പ്രമേയം അവതരിപ്പിച്ചു കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്.

കൊളോണിയല്‍ കാലത്തെ വെല്ലുന്ന നടപടികളാണ് ലക്ഷദ്വീപില്‍ നടക്കുന്നതെന്നും ലക്ഷദ്വീപിന്റെ ഭാവി ഇരുള്‍ അടഞ്ഞ് പോകുന്ന പോലെയുള്ള പരിഷ്‌കാരങ്ങളാണ് നടപ്പാക്കുന്നതെന്നും സംഘപരിവാര്‍ അജണ്ടയുടെ പരീക്ഷണ ശാലകളാണ് ദ്വീപെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Lakshadweep administrator Praful Patel alleges that Kerala is behind the protest against him