ലക്ഷദ്വീപിന്റെ അധികാര പരിധി കര്‍ണാടക ഹൈക്കോടതിയിലേക്ക് മാറ്റാന്‍ നീക്കം
Lakshadweep
ലക്ഷദ്വീപിന്റെ അധികാര പരിധി കര്‍ണാടക ഹൈക്കോടതിയിലേക്ക് മാറ്റാന്‍ നീക്കം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 20th June 2021, 6:25 pm

കവരത്തി: ലക്ഷദ്വീപിന്റെ അധികാര പരിധി കേരള ഹൈക്കോടതിയില്‍ നിന്ന് കര്‍ണാടക ഹൈക്കോടതിയിലേക്ക് മാറ്റാന്‍ നീക്കം. ഇതുസംബന്ധിച്ച് ലക്ഷദ്വീപ് ഭരണകൂടം കേന്ദ്രസര്‍ക്കാരിന് ശുപാര്‍ശ നല്‍കിയെന്നാണ് റിപ്പോര്‍ട്ട്.

പാര്‍ലമെന്റാണ് കേന്ദ്രഭരണ പ്രദേശങ്ങള്‍ ഏത് ഹൈക്കോടതിയുടെ പരിധിയിലാണ് വരുന്നതെന്ന് നിശ്ചയിക്കുന്നത്. ഇതുപ്രകാരം നിലവില്‍ കേരള ഹൈക്കോടതിയുടെ അധികാര പരിധിയിലാണ് ലക്ഷദ്വീപുമായി ബന്ധപ്പെട്ട നിയമനടപടികള്‍ നടക്കുന്നത്.

അധികാര പരിധി മാറ്റണമെന്ന ലക്ഷദ്വീപ് ഭരണകൂടത്തിന്റെ ശുപാര്‍ശയില്‍ കേന്ദ്രത്തിന് തീരുമാനം എടുക്കേണ്ടിവരും. പാര്‍ലമെന്റ് ചേര്‍ന്നാണ് ഇതുനടപ്പാക്കേണ്ടത്.

ലക്ഷദ്വീപിലെ പുതിയ ഭരണപരിഷ്‌കാരങ്ങള്‍ക്കെതിരേ നിലവില്‍ കേരള ഹൈക്കോടതിയില്‍ നിരവധി ഹരജികളുണ്ട്. അഡ്മിനിസ്ട്രേറ്ററുടെ നടപടിക്കെതിരേയുള്ള സേവ് ലക്ഷദ്വീപ് ഫോറത്തിന്റെ ഭാഗമായുള്ള നിയമനടപടികളും കേരള ഹൈക്കോടതിയിലേക്ക് വരാനിരിക്കുകയാണ്.

നേരത്തെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ ലക്ഷദ്വീപ് ജനത നടത്തുന്ന പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍ കേരളമാണെന്ന് ആരോപിച്ച് ദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ ഖോഡാ പട്ടേല്‍ രംഗത്തെത്തിയിരുന്നു. അഡ്മിനിസ്ട്രേഷനെതിരെ ക്യാംപെയ്ന്‍ നടത്തുന്നത് കേരളമാണെന്നാണ് ദ വീക്കിന് നല്‍കിയ അഭിമുഖത്തില്‍ പ്രഫുല്‍ പട്ടേല്‍ പറഞ്ഞത്.

ലക്ഷദ്വീപില്‍ അവതരിപ്പിച്ച ബില്ലുകള്‍ക്കെതിരെയുള്ള പ്രതിഷേധം ആരംഭിച്ചത് കേരളത്തില്‍ നിന്നാണെന്നാണ് താന്‍ മനസ്സിലാക്കുന്നതെന്ന് പ്രഫുല്‍ പട്ടേല്‍ പട്ടേല്‍ പറഞ്ഞു. ലക്ഷദ്വീപിലെ ഭൂമിയുമായി ബന്ധപ്പെട്ട നിയമങ്ങളില്‍ മാറ്റം വരുത്തുമ്പോഴും വികസന അതോറിറ്റിയെ സ്ഥാപിക്കുമ്പോഴും ദ്വീപിലെ ജനങ്ങളോടും തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളോടും ചര്‍ച്ച ചെയ്യാമായിരുന്നില്ലേ എന്ന ചോദ്യത്തിന് മറുപടി പറയുമ്പോഴാണ് പ്രഫുല്‍ പട്ടേല്‍ കേരളത്തിനെതിരെ രംഗത്തുവന്നത്.

ബില്ലില്‍ എന്തെങ്കിലും എതിര്‍പ്പോ വിമര്‍ശനങ്ങളോ ഉണ്ടെങ്കില്‍ അറിയിക്കാന്‍ സമയം നല്‍കിയിരുന്നു. നിയമപ്രകാരം പൊതുജന സമക്ഷം ഈ ബില്ലുകള്‍ വെച്ചിരുന്നു. നിരവധി എതിര്‍പ്പുകളും വന്നിരുന്നു. ആ എതിര്‍പ്പുകളെല്ലാം പഠിച്ച ശേഷമാണ് ബില്ല് കേന്ദ്രത്തിന് അയച്ചത്.

ബില്ലിനെ കുറിച്ച് ആര്‍ക്കും അറിയില്ലായിരുന്നെങ്കില്‍ ഈ എതിര്‍പ്പുകള്‍ വരില്ലായിരുന്നല്ലോ. ഈ പുതിയ നിര്‍ദേശങ്ങള്‍ക്കെതിരെയുള്ള വിമര്‍ശനങ്ങള്‍ തുടങ്ങിയത് കേരളത്തില്‍ നിന്നാണെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. കേന്ദ്ര ഭരണപ്രദേശം സ്വതന്ത്രമാണ്. അഡ്മിനിസ്ട്രേഷനെതിരെയുള്ള ക്യാംപെയ്ന്‍ നടത്തുന്നത് കേരളമാണ്, പ്രഫുല്‍ പട്ടേല്‍ പറഞ്ഞു.

ലക്ഷദ്വീപിലെ മുന്‍ അഡ്മിനിസ്ട്രേറ്ററായിരുന്ന ദിനേശ്വര്‍ ശര്‍മ്മ ശ്വാസകോശ രോഗത്തെ തുടര്‍ന്ന് മരണപ്പെട്ടതോടെയാണ് കഴിഞ്ഞ ഡിസംബറില്‍ പ്രഫുല്‍ പട്ടേലിനെ പ്രധാനമന്ത്രി നരേന്ദ്രമോദി ലക്ഷദ്വീപിന്റെ അഡ്മിനിസ്ട്രേറ്റര്‍ ചുമതല ഏല്‍പ്പിക്കുന്നത്.

പ്രഫുല്‍ പട്ടേല്‍ ഏകാധിപത്യഭരണം നടത്താനാണ് ശ്രമിക്കുന്നതെന്ന് ചുമതലയേറ്റത് മുതല്‍ വ്യാപക വിമര്‍ശനമുയര്‍ന്നിരുന്നു. പദവി ഏറ്റെടുത്ത ശേഷമുള്ള അഡ്മിനിസ്ട്രേറ്ററുടെ ആദ്യ നിയമപരിഷ്‌കാരം ഗുണ്ടാ ആക്ട് നടപ്പിലാക്കിയതായിരുന്നു. കുറ്റകൃത്യങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യാറില്ലാത്ത ദ്വീപില്‍ ഗുണ്ടാ ആക്ട് പാസാക്കിയ നടപടി ജനാധിപത്യവിരുദ്ധമാണെന്നാണ് ദ്വീപ് നിവാസികള്‍ ആരോപിക്കുന്നത്.

ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററെ നീക്കണമെന്ന് കേരള നിയമസഭയില്‍ പ്രമേയം പാസാക്കിയിരുന്നു. ഏകകണ്ഠമായാണ് പ്രമേയം പാസാക്കിയത്. ലക്ഷദ്വീപിന് മേല്‍ കാവി അജണ്ട നടപ്പാക്കാന്‍ ശ്രമിക്കുകയാണെന്നാണ് പ്രമേയം അവതരിപ്പിച്ചു കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്.

Content Highlight: Lakshadweep Administration Kerala High Court Karnataka High Court