തൊഴില്‍ നിയമങ്ങള്‍ ഏകോപിപ്പിക്കാന്‍ കേന്ദ്രം; പി.എഫ്, ഇ.എസ്.ഐ, പ്രസവാനുകൂല്യം തുടങ്ങിയവ ഒന്നാകും
national news
തൊഴില്‍ നിയമങ്ങള്‍ ഏകോപിപ്പിക്കാന്‍ കേന്ദ്രം; പി.എഫ്, ഇ.എസ്.ഐ, പ്രസവാനുകൂല്യം തുടങ്ങിയവ ഒന്നാകും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 12th June 2019, 8:20 am

ന്യൂദല്‍ഹി: നിക്ഷേപകരെ സഹായിക്കാനും വളര്‍ച്ച ഏകോപിപ്പിക്കാനും ലക്ഷ്യമിട്ട് പുതിയ തൊഴില്‍ നിയമ നിര്‍മ്മാണത്തിന് കേന്ദ്രം. തൊഴില്‍, വേതനം, സാമൂഹിക സുരക്ഷ, വ്യവസായ സുരക്ഷ, ക്ഷേമം എന്നീ വിഭാഗങ്ങളിലെ 44 നിയമങ്ങളെ ഏകോപിപ്പിച്ച് പുതിയ നിയമം കൊണ്ടുവരാനാണ് ആലോചനയെന്നാണ് റിപ്പോര്‍ട്ട്.

പ്രോവിഡന്റ് ഫണ്ട്, ഇ.എസ്.ഐ, പ്രസവാനുകൂല്യം, നഷ്ടപരിഹാരത്തുക തുടങ്ങിയവ ഏകോപിപ്പിച്ച് ഒന്നാക്കും. വ്യവസായങ്ങളുമായി ബന്ധപ്പെട്ട ഫാക്ടറി, ഖനി നിയമങ്ങള്‍ എന്നിവ സംയോജിപ്പിക്കും. മിനിമം കൂലി നിയമം, ബോണസ്, വേതനം, തുല്യപ്രഫലം തുടങ്ങിവയിലും ഏകീകരണമുണ്ടാകും.

പാര്‍ലമെന്റിന്റെ അടുത്ത സമ്മേളനത്തില്‍ ബില്‍ കൊണ്ടുവരുമെന്നും അതിനുമുമ്പ് കരട് ബില്‍ സഭയില്‍ അവതരിപ്പിക്കുമെന്നും തൊഴില്‍മന്ത്രി സന്തോഷ് ഗാംഗ്‌വര്‍ പറഞ്ഞു. തൊഴില്‍മന്ത്രി, ആഭ്യന്തര മന്ത്രി അമിത് ഷാ, വാണിജ്യമന്ത്രി പീയുഷ് ഗോയല്‍ എന്നിവര്‍ പങ്കെടുത്ത യോഗത്തിലാണ് ഇക്കാര്യങ്ങള്‍ തീരുമാനമായത്.