Film News
ഖുറേഷി നമ്മൾ ഉദ്ദേശിച്ച ആളല്ല, തീപ്പൊരിയായി എമ്പുരാന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Nov 11, 11:59 am
Saturday, 11th November 2023, 5:29 pm

എൽ 2 എമ്പുരാന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്ത് വിട്ടു. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രം ബിഗ് ബഡ്ജറ്റായാണ് ഒരുങ്ങുന്നത്. കേരള ബോക്സ്‌ ഓഫീസിൽ വമ്പൻ ചലനം സൃഷ്‌ടിച്ച സിനിമയായിരുന്നു ലൂസിഫർ. പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം എന്ന നിലയിൽ വമ്പൻ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു ലൂസിഫർ.

ചിത്രം വമ്പൻ ഹിറ്റ് ആയതോടെ ലൂസിഫറിന്റെ രണ്ടാം ഭാഗത്തിനുള്ള കാത്തിരിപ്പിലായിരുന്നു ആരാധകർ. തന്റെ ഖുറേഷി അബ്രഹാം എന്ന ഐഡന്റിറ്റി ലൂസിഫറിന്റെ അവസാനമാണ് മോഹൻലാൽ സിനിമയിൽ വെളിപ്പെടുത്തുന്നത്. ആരാണ് ഖുറേഷി അബ്രഹാം എന്നറിയാനുള്ള ആകാംഷയിലാണ് മോഹൻലാൽ ആരാധകർ.

ഇപ്പോൾ പുറത്തുവിട്ട പുതിയ പോസ്റ്ററിൽ മോഹൻലാലിന്റെ മുഖം കാണിക്കുന്നില്ല. കൈയിൽ ഒരു തോക്കും പിടിച്ച് തീപ്പൊരികൾക്കിടയിൽ നിൽക്കുന്ന ഖുറേഷിയെയാണ് പോസ്റ്ററിൽ കാണുന്നത്. യുദ്ധ കളത്തിലെ പടയാളിയെ പോലെ ഹെലികോപ്റ്ററിനും ട്രക്കുകൾക്കുമിടയിലായി നിൽക്കുന്ന ഖുറേഷിയെ കണ്ടാലറിയാം ഖുറേഷി നമ്മൾ ഉദ്ദേശിച്ച ആളല്ലയെന്ന്.

പാൻ ഇന്ത്യൻ ചിത്രമായി ഒരുങ്ങുന്ന ചിത്രം നിർമിക്കുന്നത് ആശിർവാദ് ഫിലിംസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരും ലൈക്ക പ്രൊഡക്ഷൻസും ചേർന്നാണ്. സുബാസ്കരനാണ് ചിത്രം അവതരിപ്പിക്കുന്നത്. ആദ്യ ചിത്രമായ ലൂസിഫറിൽ നിന്ന് വ്യത്യസ്തമായി കൊമേഴ്ഷ്യലി ഒരു വലിയ ചിത്രമായാണ് എമ്പുരാൻ ഒരുങ്ങുന്നത്.

 

മുരളി ഗോപി തന്നെയാണ് എൽ 2 എമ്പുരാന്റെ തിരക്കഥ എഴുതിയിട്ടുള്ളത്. സംഗീതം ദീപക് ദേവ്. വിവേക് ഒബ്രോയ്, ടൊവിനോ, മഞ്ജു വാര്യർ, ഇന്ദ്രജിത്ത് തുടങ്ങി വമ്പൻ താരനിര അണിനിരന്ന ലൂസിഫറിൽ നിന്ന് ആരെല്ലാം എമ്പുരന്റെ ഭാഗമാവും എന്നാണ് പ്രേക്ഷകരുടെ സംശയം.

Content Highlight: L2 Empuran Movie First Look Poster