എല്‍ ക്ലാസിക്കോ പോരാട്ടം ഇന്ന്
Daily News
എല്‍ ക്ലാസിക്കോ പോരാട്ടം ഇന്ന്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 2nd April 2016, 4:56 pm

l innr 3

ബാര്‍സിലോന: ലോകമെമ്പാടുമുള്ള ഫുട്‌ബോള്‍ പ്രേമികള്‍ കാത്തിരുന്ന ആ മത്സരം ഇന്നാണ്. അതെ സ്പാനിഷ് ലീഗിലെ ചിരവൈരികളായ ബാര്‍സലോണയും റയല്‍ മാഡ്രിഡും സ്‌പെയിന്‍കാരുടെ ക്ലാസിക് പോരാട്ടമായ എല്‍ ക്ലാസിക്കോയില്‍ ഇന്ന് ഏറ്റുമുട്ടും.

ബാര്‍സലോണയുടെ ഹോം ഗ്രൗണ്ടായ ന്യൂകാമ്പിലാണ് മത്സരം. ലോക ഫുട്‌ബോളിലെ രണ്ട് ഇതിഹാസ താരങ്ങള്‍ നേര്‍ക്കുനേര്‍ വരുന്നത് കാണാന്‍ കാത്തിരിപ്പാണ് ഫുട്‌ബോള്‍ ലോകം. കളിക്കളത്തിലെ കാഴ്ച മെസ്സിയിലേക്കും ക്രിസ്റ്റിയാനോ റൊണാള്‍ഡോയിലേക്കും മാത്രമായി ചുരുങ്ങുന്നത് കാണാം.

l innr2

കളത്തില്‍ ജീവിക്കുന്ന രണ്ട് ഇതിഹാസങ്ങള്‍ വല്ലപ്പോഴുമൊരിക്കല്‍ നേര്‍ക്കുനേര്‍ നില്‍ക്കുന്നതു കാണുമ്പോള്‍ മറ്റെല്ലാ കാഴ്ചകളും അപ്രസക്തമാവുന്നതു സ്വാഭാവികം. ഈ സീസണിലെ നിര്‍ണായക പോരാട്ടമാണ് ഇന്നത്തേത്. എട്ടു കളി ബാക്കിനില്‍ക്കെ ലാ ലിഗയില്‍ രണ്ടാം സ്ഥാനക്കാരായ അത്‌ലറ്റിക്കോ മഡ്രിഡിനേക്കാള്‍ ഒന്‍പതു പോയിന്റ് ലീഡുള്ള ബാര്‍സിലോനയ്ക്ക് ഇന്നു ജയിച്ചാല്‍ കിരീടത്തിലേക്കുള്ള ദൂരം കുറയ്ക്കാം.

സ്വന്തം മൈതാനമായ ന്യൂകാമ്പിലെ കാണികള്‍ നല്‍കുന്ന ആത്മവിശ്വാസമാണ് ബാര്‍സയുടെ കരുത്ത്. അതേസമയം, ബാര്‍സയെക്കാള്‍ പത്തു പോയിന്റ് പിന്നില്‍ മൂന്നാം സ്ഥാനത്തുള്ള റയലിന് ഇത് അഭിമാന പോരാട്ടമാണ്. പാതി ഉപേക്ഷിച്ച നിലയിലുള്ള അവരുടെ ഇത്തവണത്തെ ലീഗ് കിരീടസ്വപ്നങ്ങള്‍ വീണ്ടും ഉയര്‍ത്തെഴുന്നേല്‍ക്കാന്‍ ഈ ഒരു ജയം ധാരാളം.

തുടര്‍ച്ചയായി 39 മത്സരങ്ങള്‍ തോല്‍ക്കാതെയാണ് ബാര്‍സ വരുന്നത്. ഈ റെക്കോര്‍ഡ് തകര്‍ക്കാന്‍ പറ്റുമോ എന്നാണ് റയല്‍ നോക്കുന്നത്. ഇന്ന് മെസ്സി ഗോള്‍ നേടിയാല്‍ അത് അദ്ദേഹത്തിന്റെ കരിയറിലെ അഞ്ഞൂറാം ഗോളാകും.
മെസ്സിയും ക്രിസ്റ്റ്യാനോയും കഴിഞ്ഞാല്‍ പിന്നെ ശ്രദ്ധിക്കപ്പെടാന്‍ പോകുന്നത് ഇരുടീമുകളുടെയും ത്രിമൂര്‍ത്തി കോംപിനേഷനാണ്. ബാര്‍സയുടെ വിജയശില്‍പികളായ എംഎസ്എന്‍ എന്ന ചുരുക്കപ്പേരുള്ള സംഘത്തില്‍ മെസ്സിക്കൊപ്പം ലൂയി സുവാരസും നെയ്മറുമുണ്ട്. സംഘം അടുത്തയിടെ അടിച്ചുകൂട്ടിയ ഗോളുകള്‍ക്കു കണക്കില്ല.

കരിം ബെന്‍സേമ പരുക്ക് മാറി മടങ്ങിയെത്തിയതോടെ സമീപകാലത്ത് ഉഷാറായ റയലിന്റെ ബിബിസി സംഘത്തില്‍ ക്രിസ്റ്റ്യാനോയ്ക്കും ബെന്‍സിമയ്ക്കും ഒപ്പമുള്ളത് ഗരെത് ബെയിലാണ്.

l innr1