ഖത്തര്‍ ലോകകപ്പ് ഫൈനലിന്റെ ആദ്യ പകുതിയില്‍ ഫ്രാന്‍സിനെ ചിത്രത്തില്‍ പോലും വരാന്‍ സമ്മതിക്കാത്ത തരത്തിലായിരുന്നു അര്‍ജന്റീനയുടെ മുന്നേറ്റം. ഫ്രാന്‍സ് താരങ്ങളുടെ കാലില്‍ പന്ത് തൊടാന്‍ പോലും അനുവദിക്കാതിരുന്ന അര്‍ജന്റൈന്‍ താരങ്ങള്‍ എംബാപ്പെയെയും പൂട്ടിക്കെട്ടി.
കരിയറിലെ തന്നെ മോശം പ്രകടനമായിരുന്നു എംബാപ്പെ ലോകകപ്പ് ഫൈനലിന്റെ ആദ്യ പകുതിയില്‍ നടത്തിയത്. പന്ത് കൈവശം വെക്കാനോ ഗോള്‍ മുഖത്തേക്ക് ഒരു ഷോട്ട് പായിക്കാനോ സാധിക്കാതെ ഉഴറുന്ന എംബാപ്പെയായിരുന്നു ഫൈനലിലെ കാഴ്ച.
ലോകകപ്പില്‍ അതുവരെ മികച്ച പ്രകടനം പുറത്തെടുത്തിരുന്നു ഫ്രാന്‍സിന്റെ ഈ മാറ്റം ഫുട്ബോള്‍ ലോകത്തെ ഒന്നാകെ അമ്പരപ്പിച്ചിരുന്നു. തങ്ങളുടെ പ്രിയ ടീമിന് എന്ത് സംഭവിച്ചു എന്നറിയാതെ അന്തം വിട്ടിരിക്കുകയായിരുന്നു ഫ്രഞ്ച് ആരാധകര്‍.
ആദ്യ പകുതിയില്‍ തന്നെ രണ്ട് ഗോള്‍ വഴങ്ങിയ ഫ്രാന്‍സ് നാണംകെട്ട് തോല്‍ക്കും എന്ന് പോലും ആരാധകര്‍ കരുതിയിരുന്നു.
എന്നാല്‍ ആദ്യ പകുതിക്ക് ശേഷം മറ്റൊരു ഫ്രാന്‍സിനെയായിരുന്നു ലുസൈല്‍ സ്റ്റേഡിയം കണ്ടത്. നാടകീയമായ തിരിച്ചുവരവില്‍ രണ്ട് ഗോള്‍ തിരിച്ചടിച്ചാണ് ഫ്രാന്‍സ് ഫൈനല്‍ മത്സരത്തെ ആവേശക്കൊടുമുടി കയറ്റിയത്.
നിശ്ചിത സമയത്തിന്റെ അവസാന നിമിഷങ്ങളില്‍ എംബാപ്പെ നേടിയ ഇരട്ട ഗോളാണ് മത്സരത്തിന്റെ ഗതി തന്നെ മാറ്റി മറിച്ചത്. അധിക സമയത്തും ഇരുവരും സമനിലയില്‍ തുടര്‍ന്നപ്പോള്‍ പെനാല്‍ട്ടി ഷൂട്ടൗട്ടിലായിരുന്നി ലെസ് ബ്ലൂസിന്റെ തോല്‍വി.
മത്സരത്തില്‍ തോറ്റെങ്കിലും കിരീടം കൈവിട്ടെങ്കിലും ഫ്രാന്‍സിന്റെ തിരിച്ചുവരവ് എല്ലാ ഫുട്‌ബോള്‍ ആരാധകരെ ഒന്നടങ്കം അമ്പരപ്പിച്ചിരുന്നു. ആ തിരിച്ചുവരവിന്റെ കാരണം വ്യക്തമാക്കുന്ന ഒരു വീഡിയോ ആണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.
ഹാഫ് ടൈമില്‍ തന്റെ സഹതാരങ്ങളെ പ്രചോദിപ്പിക്കുന്ന എംബാപ്പെയാണ് വീഡിയോയില്‍ ഉള്ളത്.
‘നമ്മള്‍ ഇപ്പോള്‍ ചെയ്തതിനേക്കാള്‍ മോശമായത് ഇനി ഒന്നും ചെയ്യാനാവില്ല. നമ്മള്‍ വീണ്ടും പിച്ചിലേക്ക് മടങ്ങാനൊരുങ്ങുകയാണ്. ഒന്നുകില്‍ അവരെ കളിക്കാന്‍ അനുവദിക്കുക അല്ലെങ്കില്‍ ശക്തമായി തിരിച്ചടിച്ച് വിജയം സ്വന്തമാക്കുക.
Kyk’s à la mi-temps de France-Argentine pic.twitter.com/ZShSMJ3Zki
— 📽 (@psgcvideoss) December 20, 2022
പ്രിയപ്പെട്ടവരേ, നമ്മള്‍ക്ക് എന്തെങ്കിലും ചെയ്തേ മതിയാകൂ. ഇതൊരു ലോകകപ്പ് ഫൈനലാണ്. അവര്‍ ഇതിനോടകം രണ്ട് ഗോളുകള്‍ അടിച്ചു കഴിഞ്ഞു. നമ്മള്‍ രണ്ട് ഗോളിന് പിന്നിലാണ്. നമുക്ക് തിരിച്ചു വരാം. ഓരോ നാല് വര്‍ഷം കൂടുമ്പോഴും മാത്രമാണ് ലോകകപ്പ് വരിക,’ എന്നായിരുന്നു എംബാപ്പെ പറഞ്ഞത്.
മത്സരത്തില്‍ പരാജയപ്പെട്ടെങ്കിലും തലയുയര്‍ത്തിക്കൊണ്ടായിരുന്നു എംബാപ്പെ ലുസൈലില്‍ നിന്നും മടങ്ങിയത്. മികച്ച ഗോള്‍ കീപ്പര്‍ക്കുള്ള പുരസ്‌കാരം സ്വന്തമാക്കിയ അര്‍ജന്റൈന്‍ ഗോള്‍ കീപ്പര്‍ എമിലിയോ മാര്‍ട്ടീനസിന് എംബാപ്പെക്ക് മുമ്പില്‍ പിടിച്ചുനില്‍ക്കാന്‍ പോലും സാധിച്ചിരുന്നില്ല. ഫൈനലില്‍ മാത്രം നാല് തവണയാണ് മാര്‍ട്ടീനസ് എംബാപ്പെയോട് തോറ്റത്.
Content Highlight: Kylian Mbappe’s speech during half times goes viral