'എംബാപ്പയെ കളിപ്പിക്കുമോ എന്ന് ചോദ്യം' നാളെ നോക്കാമെന്ന് കോച്ച്
സ്പോര്ട്സ് ഡെസ്ക്
Friday, 15th September 2023, 1:31 pm
സൂപ്പർ താരം കിലിയൻ എംബാപ്പെ പരിക്കിന്റെ പിടിയിലാണ്. സെപ്റ്റംബർ 15 ന് പാരീസ് സെയിന്റ് ഷെർമാങും ഒ.ജി.സി നൈസും തമ്മിലുള്ള മത്സരത്തിൽ താരം കളിക്കുമോ എന്ന കാര്യത്തിൽ പ്രതികരിച്ചിരിക്കുകയാണ് പാരീസ് പരിശീലകൻ ലൂയിസ് എൻറിക്വ.
മത്സരത്തിന് മുൻപായി സൂപ്പർ താരത്തെ കളത്തിലിറക്കുമോയെന്നത് നിരീക്ഷിക്കുകയാണെന്നാണ് കോച്ച് പറഞ്ഞത്. ആർ.എം.സി സ്പോർട്ടാണ് ഇത് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
‘അവന് എന്താണ് സംഭവിച്ചതെന്ന് കണ്ടെത്താൻ നാളെ ഞങ്ങൾ അവനെ നിരീക്ഷിക്കും. പരിക്ക് അദ്ദേഹത്തെ ഈ ആഴ്ച വളരെയധികം ബാധിച്ചിട്ടുണ്ട്. നൈസിനെതിരെ അവൻ കളിക്കുമോ ഇല്ലയോ എന്ന് ഞങ്ങൾ നാളെ ചർച്ച ചെയ്യും. അവൻ നാളെ ഉണ്ടാകുമെന്ന് തന്നെയാണ് ഞാൻ കരുതുന്നത്,’ പാരീസ് പരിശീലകൻ പറഞ്ഞു.
അന്താരാഷ്ട്ര മത്സരത്തിൽ ജർമനിക്കെതിരെ പരിക്ക് മൂലം എംബാപ്പെക്ക് കളിക്കാൻ സാധിച്ചിരുന്നില്ല. സൂപ്പർ താരം ഇല്ലാതെ ഇറങ്ങിയ ഫ്രാൻസ് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ജർമനിയോട് പരാജയപ്പെടുകയും ചെയ്തിരുന്നു.
നിലവിൽ ലീഗ് വണ്ണിൽ നാല് മത്സരങ്ങളിൽ നിന്നും രണ്ട് ജയവും രണ്ട് സമനിലയും അടക്കം 8 പോയിന്റുമായി പി.എസ്.ജി രണ്ടാം സ്ഥാനത്താണ്. 10 പോയിന്റുമായി മോണാക്കോയാണ് ഒന്നാം സ്ഥാനത്തുള്ളത്.
ഈ സീസണിൽ ക്ലബ്ബിനായി മൂന്ന് മത്സരങ്ങളിൽ നിന്നും അഞ്ച് ഗോളുകളാണ് താരം നേടിയിട്ടുള്ളത്.
മെസിയും നെയ്മറും അടക്കമുള്ള സൂപ്പർ താരങ്ങൾ ടീം വിട്ട് പോയതോടെ പാരീസിന്റെ മുന്നേറ്റ നിരയിൽ ആരാധകരെല്ലാം ഉറ്റുനോക്കുന്നത് ഈ ഫ്രഞ്ച് യുവതാരത്തിന്റെ പ്രകടനങ്ങളിലാണ്. അതുകൊണ്ട് തന്നെ വരും മത്സരങ്ങളിൽ താരത്തിന്റെ ബൂട്ടുകളിൽ നിന്നും മിന്നും പ്രകടനങ്ങൾ ഉണ്ടാകുമെന്ന പ്രതീക്ഷകളോടെയാണ് ആരാധകർ.
Content Highlight: The coach answered the question whether Mbappe will play for PSG after the injury.