Football
കളത്തിലിറങ്ങും മുമ്പേ ജൂഡിനെ മറികടന്നു; റയലിൽ എംബാപ്പെയുടെ തേരോട്ടം
സ്പോര്‍ട്സ് ഡെസ്‌ക്
2024 Jul 23, 02:02 pm
Tuesday, 23rd July 2024, 7:32 pm

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് ഫ്രഞ്ച് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെയെ സ്പാനിഷ് വമ്പന്‍മാരായ റയല്‍ മാഡ്രിഡ് സ്വന്തമാക്കിയത്. ഫ്രഞ്ച് വമ്പന്‍മാരായ പാരീസ് സെയ്ന്റ് ജെര്‍മെനില്‍ നിന്നും ഒരു ഫ്രീ ട്രാന്‍സ്ഫറിലൂടെയാണ് ഫ്രഞ്ച് സൂപ്പര്‍ താരം റയലില്‍ എത്തിയത്.

ലോസ് ബ്ലാങ്കോസിന്റെ തട്ടകമായ സാന്റിയാഗോ ബെര്‍ണാബ്യൂവില്‍ റയലിന്റെ ജേഴ്സി അണിഞ്ഞുകൊണ്ട് എംബാപ്പെയെ ക്ലബ്ബ് അടുത്തിടെ അവതരിപ്പിച്ചിരുന്നു. സാന്റിയാഗോ ബെര്‍ണാബ്യൂവില്‍ 80,000 ത്തിലധികം ആരാധകര്‍ക്ക് മുന്നിലാണ് എംബാപ്പെ തന്റെ പുതിയ ക്ലബ്ബിലേക്കുള്ള വരവ് ആഘോഷമാക്കിയത്.

പരിപാടിയില്‍ ഫ്രഞ്ച് താരം പറഞ്ഞ വാക്കുകളാണ് ഫുട്ബോള്‍ ലോകത്തെ കൂടുതല്‍ ആവേശകരമാക്കി മാറ്റിയത്. റയല്‍ മാഡ്രിഡിന്റെ ഇതിഹാസതാരങ്ങളില്‍ ഒരാളായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ അനുകരിക്കുകയായിരുന്നു എംബാപ്പെ.

2009ല്‍ സാന്റിയാഗോ ബെര്‍ണാബ്യൂവില്‍ റൊണാള്‍ഡോ എത്തിയപ്പോള്‍ അന്ന് റൊണാള്‍ഡോ പറഞ്ഞ വാക്കുകള്‍ തന്നെയാണ് എംബാപ്പ പറഞ്ഞത്.  അന്നത്തെ സ്വീകരണ ചടങ്ങില്‍ റൊണാള്‍ഡോ ചെയ്ത പല നീക്കങ്ങളും ഫ്രഞ്ച് സൂപ്പര്‍ താരം അതേപടി കാണിക്കുകയായിരുന്നു.

റയലിന്റെ എക്കാലത്തെ മികച്ച ഗോള്‍ വേട്ടക്കാരില്‍ ഒരാളായ കരിം ബെന്‍സിമയുടെ  ഒമ്പതാം നമ്പര്‍ ജേഴ്സിയില്‍ ആയിരിക്കും എംബാപ്പെ പന്തുതട്ടുക.

ഇപ്പോഴിതാ താരത്തിന്റെ സൈനിങ്ങിലൂടെ മറ്റൊരു റെക്കോഡാണ് എംബാപ്പെ സ്വന്തമാക്കിയത്. റയല്‍ മാഡ്രിഡില്‍ എംബാപ്പെയുടെ ജേഴ്‌സി വന്‍തോതില്‍ ആണ് വിറ്റഴിക്കപ്പെടുന്നത്.

കഴിഞ്ഞവര്‍ഷം ഇംഗ്ലണ്ട് സൂപ്പര്‍ താരം ജൂഡ് ബെല്ലിങ്ഹാമിനെ റയല്‍ മാഡ്രിഡ് സ്വന്തമാക്കിയപ്പോള്‍ ഉള്ള ജേഴ്‌സി വില്‍പ്പനയെക്കാള്‍ ഇരട്ടിയാണ് എംബാപ്പെയുടെ ജേഴ്‌സിക്കെന്നാണ് ട്രാന്‍സ്ഫര്‍ ന്യൂസ് ലൈവിലൂടെ മാര്‍ക്കയിലെ ജോസ് ഫെലിക്‌സ് ഡയസ് നല്‍കുന്ന റിപ്പോര്‍ട്ടില്‍ പറയുന്നത്.

റയല്‍ മാഡ്രിഡില്‍ ഫ്രഞ്ച് ഇതിഹാസം സിനദിന്‍ സിദാന്‍ അണിഞ്ഞിരുന്ന അഞ്ചാം നമ്പര്‍ ജേഴ്‌സിയായിരുന്നു റയല്‍ ജൂഡിന് നല്‍കിയിരുന്നത്. ജര്‍മന്‍ വമ്പന്‍മാരായ ബൊറൂസിയ ഡോര്‍ട്മുണ്ടില്‍ നിന്നായിരുന്നു റയല്‍ മാഡ്രിഡ് ഇംഗ്ലണ്ട് താരത്തെ സാന്റിയാഗോ ബെര്‍ണാബ്യൂവില്‍ എത്തിച്ചത്.

തന്റെ ആദ്യ സീസണില്‍ തന്നെ തകര്‍പ്പന്‍ പ്രകടനമായിരുന്നു ജൂഡ് ലൂസ് ബ്ലാങ്കോസിനു വേണ്ടി നടത്തിയിരുന്നത്. ഈ സമയത്ത് ജൂഡിന്റെ ജേഴ്‌സികള്‍ വന്‍തോതില്‍ വിറ്റഴിക്കപ്പെട്ടിരുന്നു.

അതേസമയം ഓഗസ്റ്റ് 14ന് നടടക്കുന്ന യുവേഫ സൂപ്പര്‍ കപ്പിനുള്ള തയ്യാറെടുപ്പിലാണ് ലോസ് ബ്ലാങ്കോസ്. ചാമ്പ്യന്‍സ് ലീഗ് ചാമ്പ്യന്‍സും യൂറോപ്പ ലീഗ് ജേതാക്കളുമാണ് സൂപ്പര്‍ കപ്പിന്റെ ഫൈനലില്‍ നേര്‍ക്കുനേര്‍ എത്തുന്നത്. ഇറ്റാലിയന്‍ ക്ലബ്ബായ അറ്റ്ലാന്‍ഡയാണ് റയലിന്റെ എതിരാളികള്‍. ഈ മത്സരത്തില്‍ ഫ്രഞ്ച് സൂപ്പര്‍താരം കളത്തിലിറങ്ങുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

 

Content Highlight: Kylian Mbappe Great Impact in Real Madrid