ഞാന്‍ ബുംറയേക്കാള്‍ മികച്ചവനാണ്; ലോകകപ്പിൽ അഞ്ച് വിക്കറ്റുകൾ നേടിയ സൗത്ത് ആഫ്രിക്കയുടെ 19കാരന്‍
Cricket
ഞാന്‍ ബുംറയേക്കാള്‍ മികച്ചവനാണ്; ലോകകപ്പിൽ അഞ്ച് വിക്കറ്റുകൾ നേടിയ സൗത്ത് ആഫ്രിക്കയുടെ 19കാരന്‍
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 21st January 2024, 8:51 am

അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പിലെ ആദ്യ മത്സരത്തില്‍ സൗത്ത് ആഫ്രിക്ക വെസ്റ്റ് ഇന്‍ഡീസിനെ 31 റണ്‍സിന് പരാജയപ്പെടുത്തിയിരുന്നു. സൗത്ത് ആഫ്രിക്കയുടെ ബൗളിങ് നിരയില്‍ മികച്ച പ്രകടനമാണ് ക്വേന മഫാക നടത്തിയത്.

മത്സരത്തില്‍ 9.1 ഓവറില്‍ ഒരു മെയ്ഡിയന്‍ ഓവര്‍ ഉള്‍പ്പെടെ 38 റണ്‍സ് വിട്ടുനല്‍കികൊണ്ടാണ് മഫാക അഞ്ച് വിക്കറ്റുകള്‍ നേടിയത്. 4.15 ആണ് താരത്തിന്റെ ഇക്കോണമി.

ഇപ്പോഴിതാ ഈ 19കാരന്റെ വിക്കറ്റ് സെലിബ്രേഷന്‍ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ശ്രെദ്ധ നേടുന്നത്. ഇന്ത്യന്‍ സ്റ്റാര്‍ ബൗളര്‍ ജസ്പ്രീത് ബുംറയുടെ സെലിബ്രേഷനുമായി സാമ്യമുള്ളതായിരുന്നു മഫാക്കയുടേത്. ഇതിന് പിന്നാലെ ഈ സെലിബ്രേഷനെകുറിച്ച് പ്രതികരണവുമായി സൗത്ത് ആഫ്രിക്കന്‍ പേസര്‍ രംഗത്തെത്തുകയും ചെയ്തു.

‘ലോകകപ്പില്‍ വിക്കറ്റുകള്‍ നേടുമ്പോള്‍ പുതിയ സെലിബ്രേഷനുകള്‍ വരണം. പുതിയ ശൈലികള്‍ കൊണ്ടുവരാന്‍ എന്റെ സഹോദരനാണെന്നെ പ്രേരിപ്പിച്ചത്. ജസ്പ്രീത് ബുംറ മികച്ച ഒരു ബൗളറാണ്. എന്നാല്‍ ഞാന്‍ നിങ്ങളെക്കാള്‍ മികച്ച താരമാണ്,’ മഫാക്ക പറഞ്ഞു.

സൗത്ത് ആഫ്രിക്കക്കായി അഞ്ച് മത്സരങ്ങളില്‍ നിന്നും അഞ്ച് വിക്കറ്റുകള്‍ താരം നേടിയിട്ടുണ്ട്. ഫസ്റ്റ് ക്ലാസ്സ് ക്രിക്കറ്റില്‍ നാല് മത്സരങ്ങളില്‍ നിന്നും ഏഴ് വിക്കറ്റും ലിസ്റ്റ് എ ക്രിക്കറ്റില്‍ നിന്നും രണ്ട് മത്സരങ്ങളില്‍ നിന്നും മൂന്ന് വിക്കറ്റും മഫാക്ക നേടിയിട്ടുണ്ട്.

അതേസമയം സൗത്ത് ആഫ്രിക്കയിലെ സെന്‍വെസ് പാര്‍ക്ക് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ വെസ്റ്റ് ഇന്‍ഡീസ് ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത സൗത്ത് ആഫ്രിക്ക 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 285 റണ്‍സ് ആണ് നേടിയത്.

സൗത്ത് ആഫ്രിക്കന്‍ ബാറ്റിങ് നിരയില്‍ ഡെവാന്‍ മറെയ്‌സ് 38 പന്തില്‍ 65 റണ്‍സും നായകന്‍ ജുവാന്‍ ജെയിംസ് 54 പന്തില്‍ 47 റണ്‍സും ഡേവിഡ് ടീഗര്‍ 98 പന്തില്‍ 44 നേടി മികച്ച പ്രകടനം നടത്തി.

വിന്‍ഡീസ് ബൗളിങ്ങില്‍ നഥാന്‍ സീലി മൂന്ന് വിക്കറ്റും നഥാന്‍ എഡ്വര്‍ഡ്‌സ്, ഇസായ് തോമെ എന്നിവര്‍ രണ്ടു വീതം വിക്കറ്റുകളും വീഴ്ത്തി മികച്ച പ്രകടനം നടത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ വെസ്റ്റ് ഇന്‍ഡീസ് 40.1 ഓവറില്‍ 254 റണ്‍സിന് പുറത്താക്കുകയായിരുന്നു. വിന്‍ഡീസ് ബാറ്റിങ് നിരയില്‍ ജെവല്‍ ആന്‍ഡ്രൂ 96 പന്തില്‍ 130 റണ്‍സ് നേടി മികച്ച പ്രകടനം നടത്തി. പതിനാല് ഫോറുകളുടെയും മൂന്ന് സിക്‌സറുകളുടെയും അകമ്പടിയോടുകൂടിയായിരുന്നു താരത്തിന്റെ പ്രകടനം. എന്നാല്‍ ഈ തകര്‍പ്പന്‍ സെഞ്ച്വറി പ്രകടനമൊന്നും വിന്‍ഡീസിനെ വിജയത്തില്‍ എത്തിച്ചില്ല.

സൗത്ത് ആഫ്രിക്കയുടെ ബൗളിങ്ങില്‍ ക്വിന മഫക അഞ്ചു വിക്കറ്റുകളും റിലെ നോര്‍ട്ടണ്‍, റൊമോഷന്‍ പില്ലയ് എന്നിവര്‍ രണ്ടു വീതം വിക്കറ്റുകളും വീഴ്ത്തിയപ്പോള്‍ സൗത്ത് ആഫ്രിക്ക തകര്‍പ്പന്‍ വിജയം സ്വന്തമാക്കുകയായിരുന്നു.

ജയത്തോടെ ഗ്രൂപ്പ് ബിയില്‍ മൂന്ന് പോയിന്റുമായി ഒന്നാം സ്ഥാനത്താണ് സൗത്ത് ആഫ്രിക്ക. ജനുവരി 23ന് ഇംഗ്ലണ്ടിനെതിരെയാണ് സൗത്ത് ആഫ്രിക്കയുടെ അടുത്ത മത്സരം. സെന്‍വെസ് പാര്‍ക്കാണ് വേദി.

Content Highlight: Kwena Maphaka talks he better than Jasprit Bumrah.