തിരുവനന്തപുരം: കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിക്കെതിരെ വീണ്ടും വിമര്‍ശനവുമായി കേരള പത്രപ്രവര്‍ത്തക യൂണിയന്‍. സുരേഷ് ഗോപി മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ തുടരുന്ന അധിക്ഷേപവും വിരട്ടലും അങ്ങേയറ്റം അപലപനീയമെന്ന് പത്രപ്രവര്‍ത്തക യൂണിയന്‍ പറഞ്ഞു.
24 ന്യൂസ് റിപ്പോര്‍ട്ടര്‍ അലക്‌സ് റാം മുഹമ്മദിനെ റൂമില്‍ വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തിയ സംഭവത്തെ തുടര്‍ന്നാണ് കെ.യു.ഡബ്ല്യു.ജെയുടെ വിമര്‍ശനം.
സിനിമയില്‍ പണ്ട് കൈയ്യടി നേടിയ സൂപ്പര്‍ ഹീറോയുടെ കെട്ട് മാറാതെയുള്ള ധാര്‍ഷ്ട്യവും ഭീഷണിയും മാധ്യമപ്രവര്‍ത്തകരോട് വേണ്ട എന്നും കെ.യു.ഡബ്ല്യു.ജെ സഹമന്ത്രിക്ക് താകീത് നല്‍കി.
കേന്ദ്ര സഹമന്ത്രി എന്നല്ല, സാധാരണ മനുഷ്യരുടെ ഭാഗത്തുനിന്ന് പോലും ഉണ്ടാകാന്‍ പാടില്ലാത്ത ഹീനമായ പെരുമാറ്റമാണ് സുരേഷ് ഗോപി തുടരുന്നതെന്നും യൂണിയന്‍ ചൂണ്ടിക്കാട്ടി.
മാന്യമായ രാഷ്ട്രീയമെന്ന പൊതുബോധം അല്‍പ്പമെങ്കിലും ബാക്കി നില്‍ക്കുന്നുവെങ്കില്‍ കേരളത്തിലെ പൊതു സമൂഹത്തോട് സുരേഷ് ഗോപി മാപ്പ് പറയണമെന്നും കെ.യു.ഡബ്ല്യു.ജെ ആവശ്യപ്പെട്ടു.
സ്വന്തം മന്ത്രിസഭയിലെ സഹപ്രവര്‍ത്തകന്റെ നിന്ദ്യമായ സമീപനം തിരുത്തിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി.ജെ.പി കേന്ദ്ര നേതൃത്വവും തയ്യാറാവണംമെന്നും കെ.യു.ഡബ്ല്യു.ജെ പറഞ്ഞു.
അപഹാസ്യമായ ഈ നടന രാഷ്ട്രീയത്തിന് അറുതിവരുത്താന്‍ മാധ്യമ മാനേജ്മെന്റുകളും മുന്നിട്ടിറങ്ങി ശ്രമിക്കണമെന്ന് യൂണിയന്‍ പ്രസിഡന്റ് കെ.പി. റജിയും ജനറല്‍ സെക്രട്ടറി സുരേഷ് എടപ്പാളും ആവശ്യപ്പെട്ടു.
കേന്ദ്ര സഹമന്ത്രിയുടെ മോശപ്പെട്ട സമീപനത്തിനെതിരെ ചൊവ്വാഴ്ച പ്രതിഷേധ ദിനം ആചരിക്കുമെന്നും കെ.യു.ഡബ്ല്യു.ജെ അറിയിച്ചു.
വഖഫുമായി ബന്ധപ്പെട്ട പരാമര്‍ശത്തില്‍ ചോദ്യം ഉന്നയിച്ചതിനെ തുടര്‍ന്ന് അലക്സ് റാം മുഹമ്മദിനെ റൂമിലേക്ക് വിളിച്ചുവരുത്തി സുരേഷ് ഗോപി ഭീഷണിപ്പെടുത്തുകയായിരുന്നു.
മാധ്യമപ്രവര്‍ത്തകനെ ഒറ്റയ്ക്ക് മുറിയിലേക്ക് വിളിച്ചുവരുത്തിയ സുരേഷ് ഗോപി ചോദ്യത്തിന് ഉത്തരം നല്‍കാന്‍ സൗകര്യമില്ലെന്നും കാണിച്ചുതരാമെന്നുമാണ് പറഞ്ഞത്. ഭീഷണിപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങള്‍ സുരേഷ് ഗോപിയുടെ ഗണ്‍മാന്‍ ഫോണില്‍ പകര്‍ത്താന്‍ ശ്രമിക്കുകയും ചെയ്തിരുന്നു.
അതേസമയം ഇതിനുമുമ്പും കെ.യു.ഡബ്ല്യു.ജെ സുരേഷ് ഗോപിക്കെതിരെ രൂക്ഷമായി പ്രതികരിച്ചിട്ടുണ്ട്. മുനമ്പം സമരപ്പന്തലിലെത്തിയ സുരേഷ് ഗോപി മാധ്യമങ്ങള്‍ക്കെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയതിന് പിന്നാലെയായിരുന്നു കെ.യു.ഡബ്ല്യു.ജെ പ്രതികരിച്ചത്.
മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കാതിരിക്കാന്‍ ആര്‍ക്കും അവകാശമുണ്ടെന്ന് സമ്മതിക്കുമ്പോള്‍ തന്നെ, അതിലും പുലര്‍ത്തേണ്ട മാന്യതയ്ക്ക് നിരക്കാത്ത വിധത്തിലാണ് സുരേഷ് ഗോപി ആവര്‍ത്തിച്ചു പെരുമാറിക്കൊണ്ടിരിക്കുന്നതെന്നാണ് കെ.യു.ഡബ്ല്യു.ജെ പറഞ്ഞത്.
കടുത്ത അവജ്ഞയും ധിക്കാരവുമാണ് സഹമന്ത്രിയുടെ ശരീരഭാഷയിലും ശബ്ദത്തിലും പ്രകടമാകുന്നത്. ചോദ്യം ചോദിക്കുന്നവരോട് ‘മൂവ് ഔട്ട്’ എന്ന് കയര്‍ക്കുന്നതിലൂടെ സ്വന്തം രാഷ്ട്രീയ പരിസരത്തുനിന്ന് ജനാധിപത്യ മൂല്യങ്ങളെ ആട്ടിപ്പായിക്കാനാണ് കേന്ദ്രമന്ത്രി ശ്രമിക്കുന്നതെന്നും കെ.യു.ഡബ്ല്യു.ജെ ചൂണ്ടിക്കാട്ടിയിരുന്നു.
തീറ്റ കിട്ടുന്ന കാര്യങ്ങളില്‍ മാത്രമാണ് മാധ്യമങ്ങള്‍ക്ക് താത്പര്യമെന്നാണ് സുരേഷ് ഗോപി മുനമ്പത്ത് പറഞ്ഞത്. മാധ്യമങ്ങളുടെ നിലപാടിനെ കുറിച്ച് താന്‍ ആദ്യമേ പറഞ്ഞിട്ടുണ്ട്. കോടികണക്കിന് രൂപ മുടക്കി പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനങ്ങളാണ് മാധ്യമങ്ങളെന്നും അത് തിരിച്ചുപിടിക്കാന്‍ മാധ്യമങ്ങള്‍ എന്തും ചെയ്യുമെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു.