Movie Day
കുട്ടിയും കോലിനോടും നീതി പുലര്‍ത്തി: ഗിന്നസ് പക്രു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2013 Mar 29, 04:13 am
Friday, 29th March 2013, 9:43 am

കൊച്ചി: കുട്ടിയും കോലും എന്ന തന്റെ ആദ്യ ചിത്രത്തോട് പരമാവധി നീതി പുലര്‍ത്തിയിട്ടുണ്ടെന്ന് ഗിന്നസ് പക്രു.

ചെറുപ്പം മുതലുള്ള വലിയ ആഗ്രഹമാണ് സംവിധായകന്‍ ആവുകയെന്നത്. സംവിധായകന്‍ എന്ന നിലയില്‍ 120 സഹപ്രവര്‍ത്തകരെ നയിക്കുകയെന്നത് തന്നെപോലുള്ള ഒരാള്‍ക്ക് ശ്രമകരമായിരുന്നുവെന്നും പക്രു പറഞ്ഞു.[]

കുട്ടിയും കോലും എന്ന ചിത്രത്തിലൂടെ ലോകത്തെ ഏറ്റവും ചെറിയ സംവിധായകനായി മാറിയ ഗിന്നസ് പക്രു എറണാകുളം പ്രസ് ക്ലബില്‍ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു.

യൂണൈറ്റഡ് ഫിലിംസിന്റെ ബാനറില്‍ അന്‍വര്‍ വാസ്‌ക്കോ നിര്‍മിച്ച് പക്രു തന്നെ കഥയെഴുതുന്ന സിനിമയില്‍ തമിഴ് നടന്‍ ആദിത്യയും പക്രുവുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

വിജയരാഘവന്‍, ബാബു നമ്പൂതിരി, സൈജു കുറുപ്പ്, ബിജു കുട്ടന്‍ എന്നിവര്‍ ചിത്രത്തില്‍ വേഷമിട്ടിട്ടുണ്ട്. തമിഴ് പശ്ചാത്തലത്തില്‍ ഒരുക്കിയ ചിത്രം 35 ദിവസം കൊണ്ടാണ് പൂര്‍ത്തിയാക്കിയത്.

കേരള-തമിഴ്‌നാട് അതിര്‍ത്തിഗ്രാമമായ കുമാരപുരത്തെ രണ്ട് സുഹൃത്തുക്കളുടെ കഥ പറയുന്ന ചിത്രത്തില്‍ സനൂഷയാണ് നായിക. തട്ടത്തിന്‍ മറയത്തിലെ സൂപ്പര്‍ ഹിറ്റ് ഗാനങ്ങള്‍ ഒരുക്കിയ ഷാന്‍ റഹ്മാനാണ് ഇതില്‍ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.